യാദിലെ ആശുപത്രിയിൽ വേർപ്പെടുത്തൽ ശസ്ത്രക്രിയക്ക് വിധേയമാക്കുന്ന ഫിലിപ്പിനോ സയാമീസ് ഇരട്ടകളും മാതാവും മെഡിക്കൽ സംഘവും
റിയാദ്: ഫിലിപ്പീൻസിൽ നിന്നുള്ള സയാമീസ് ഇരട്ടകളായ ഒലിവിയയെയും ജിയാനയെയും വേർപെടുത്തുന്നതിനുള്ള സങ്കീർണമായ ശസ്ത്രക്രിയ റിയാദിൽ ആരംഭിച്ചു. റിയാദിലെ കിങ് അബ്ദുൽ അസീസ് മെഡിക്കൽ സിറ്റിയിലുള്ള കിങ് അബ്ദുല്ല സ്പെഷ്യലൈസ്ഡ് ചിൽഡ്രൻസ് ആശുപത്രിയിൽ വ്യാഴാഴ്ച രാവിലെയാണ് വിദഗ്ധ മെഡിക്കൽ-സർജിക്കൽ സംഘത്തിെൻറ നേതൃത്വത്തിൽ ശസ്ത്രക്രിയ നടപടികൾക്ക് തുടക്കമിട്ടത്.
സൽമാൻ രാജാവിെൻറയും കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാെൻറയും പ്രത്യേക നിർദേശപ്രകാരം കഴിഞ്ഞ ജനുവരി 27 നാണ് കുഞ്ഞുങ്ങളെ റിയാദിലെത്തിച്ചത്. സൗദിയിലെത്തിക്കുമ്പോൾ രണ്ട് വയസ്സും രണ്ട് മാസവുമായിരുന്നു ഇവരുടെ പ്രായമെന്ന് മെഡിക്കൽ ആൻഡ് സർജിക്കൽ ടീം തലവൻ ഡോ. അബ്ദുല്ല അൽറബീഅ അറിയിച്ചു.
ആശുപത്രിയിൽ പ്രവേശിപ്പിച്ചതിനെ തുടർന്ന് മെഡിക്കൽ സംഘം നിരവധി പരിശോധനകളും ചർച്ചകളും നടത്തിയിരുന്നു. നെഞ്ചും വയറും ഒട്ടിപ്പിടിച്ച നിലയിലുള്ള ഇരട്ടകൾ കരളും കുടലിെൻറ ഒരു ഭാഗവും പങ്കിടുന്നതായാണ് പരിശോധനകളിൽ കണ്ടെത്തിയത്. കൂടാതെ, കുട്ടികളിൽ ഒരാൾക്ക് ആരോഗ്യത്തിന് അതീവ അപകടമുണ്ടാക്കുന്ന രീതിയിലുള്ള ജന്മനാ ഹൃദയ വൈകല്യങ്ങളുമുണ്ട്. ശസ്ത്രക്രിയയ്ക്ക് ശേഷം മുറിവുകൾ വിജയകരമായി തുന്നിച്ചേർക്കാൻ സഹായിക്കുന്നതിനായി, ചർമ്മത്തിനടിയിൽ പ്രത്യേക മെഡിക്കൽ ബലൂണുകൾ സ്ഥാപിച്ച് ചർമ്മം നീട്ടിയെടുക്കുന്നതിനുള്ള പ്രാരംഭ നടപടികൾ നേരത്തെ പൂർത്തിയാക്കിയിരുന്നതായും ഡോ. അൽറബീഅ വ്യക്തമാക്കി.
ആകെ ആറ് ഘട്ടങ്ങളിലായി പൂർത്തിയാക്കാൻ നിശ്ചയിച്ചിട്ടുള്ള ഈ സങ്കീർണ്ണ ശസ്ത്രക്രിയയ്ക്ക് ഏകദേശം എട്ട് മണിക്കൂറോളം സമയമെടുക്കും. 22 കൺസൾട്ടന്റുമാർ, സ്പെഷ്യലിസ്റ്റുകൾ, നഴ്സിങ്-സാങ്കേതിക ജീവനക്കാർ എന്നിവരടങ്ങുന്ന വിദഗ്ധ സംഘമാണ് ദൗത്യത്തിന് പിന്നിലുള്ളത്. അതീവ സൂക്ഷ്മതയോടെ കൈകാര്യം ചെയ്യേണ്ട ഈ ശസ്ത്രക്രിയയുടെ വിജയസാധ്യത 70 ശതമാനത്തിലധികമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഫിലിപ്പീൻസിൽ നിന്നുള്ള സയാമീസ് ഇരട്ടകളെ വേർപെടുത്താൻ സൗദി അറേബ്യയിൽ നടത്തുന്ന നാലാമത്തെ ശസ്ത്രക്രിയയാണിത്. സയാമീസ് ഇരട്ടകളെ വേർപ്പെടുത്തുന്നതിനുള്ള 'സൗദി പ്രോഗ്രാമിന്' കീഴിൽ കൈകാര്യം ചെയ്യുന്ന 72-ാമത്തെ കേസാണിത്. 1990 മുതൽ ഇതുവരെ അഞ്ച് ഭൂഖണ്ഡങ്ങളിലെ 28 രാജ്യങ്ങളിൽ നിന്നായി 158 സയാമീസ് ഇരട്ടകൾക്ക് ഈ പദ്ധതിയിലൂടെ പരിചരണം നൽകാൻ സാധിച്ചിട്ടുണ്ടെന്നും ഡോ. അബ്ദുല്ല അൽറബീഅ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.