മുഖ്യമന്ത്രി പിണറായി വിജയനും സാംസ്കാരിക മന്ത്രി സജി ചെറിയാനും
ജിദ്ദ: കേരള മുഖ്യമന്ത്രി പിണറായി വിജയനും സാംസ്കാരിക മന്ത്രി സജി ചെറിയാനും നോര്‍ക്ക ഉദ്യോഗസ്ഥരും സൗദിയിലെ റിയാദ്, ജിദ്ദ, ദമ്മാം നഗരങ്ങള്‍ സന്ദര്‍ശിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ പരിപാടികളുമായി സഹകരിക്കുന്ന കാര്യത്തിൽ തീരുമാനമായില്ലെന്ന് സൗദിയിലെ യു.ഡി.എഫ് അനുകൂല സംഘടനകളായ കെ.എം.സി.സിയും ഒ.ഐ.സി.സിയും. മലയാള ഭാഷാ പഠനത്തിനും പ്രചാരണത്തിനും വേണ്ടി കേരള സര്‍ക്കാറിന്റെ കീഴിലുള്ള മലയാളം മിഷന്‍ സംഘടിപ്പിക്കുന്ന 'മലയാളോല്‍സവം' പരിപാടികളില്‍ പങ്കെടുക്കാനാണ് മുഖ്യമന്ത്രിയും സംഘവും സൗദിയിലെത്തുന്നത്. പരിപാടികളുടെ ഭാഗമായി മൂന്ന് നഗരങ്ങളിലും പൊതുവായ സംഘാടക സമിതി രൂപീകരിക്കാനുള്ള ശ്രമങ്ങൾ സൗദിയിലെ മലയാളം മിഷൻ ഭാരവാഹികൾ തുടങ്ങിയിട്ടുണ്ട്.
'എവിടെയെല്ലാം മലയാളി, അവിടെയെല്ലാം മലയാളം' എന്ന ആശയത്തിൽ ലോകമെമ്പാടുമുള്ള മലയാളികള്‍ക്ക് മാതൃഭാഷാപഠനത്തിന് അവസരം ലഭ്യമാക്കുന്നതിനായി ഇടത്പക്ഷ സര്‍ക്കാര്‍ ആവിഷ്‌കരിച്ച പദ്ധതിയാണ് മലയാളം മിഷന്‍. കവി മുരുകൻ കാട്ടാക്കടയാണ് മലയാളം മിഷൻ ഡയറക്ടർ. ഇതിന്റെ സൗദി ചാപ്റ്ററിന് കീഴിൽ പലയിടത്തും പഠനകേന്ദ്രങ്ങൾ നിലവിലുണ്ടെങ്കിലും വേദിയുടെ ഭാരവാഹികളും നടത്തിപ്പുക്കാരുമെല്ലാം ഇടത്പക്ഷ പ്രവർത്തകരും അനുഭാവികളും മാത്രമാണെന്നുള്ള വിമർശനം നേരത്തെ ഉണ്ട്. ഈ വേദിയുടെ പ്രധാന പരിപാടിയിൽ പങ്കെടുക്കാനെത്തുന്ന മുഖ്യമന്ത്രി ഉൾപ്പെടെയുള്ള സംഘത്തിനുള്ള സ്വീകരണ പരിപാടിക്ക് മാത്രമായി പൊതുവായ സംഘാടക സമിതി രൂപീകരിക്കുന്നത് പ്രഹസനമാണെന്ന അഭിപ്രായവും ഇതിനോടകം ഉയർന്നിട്ടുണ്ട്. ഒമ്പതര വർഷക്കാലത്തെ പിണറായി സർക്കാരിന്റെ കാലത്ത് ഇതുവരെ ഇത്തരത്തിലുള്ള ഒരു പരിപാടിയും സൗദിയിൽ നടത്താൻ തയ്യാറാകാതിരുന്നവർ ഇപ്പോൾ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കും നിയമസഭയിലേക്കുമുള്ള തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടുകൊണ്ടുള്ള മുഖ്യമന്ത്രിയുടെ രാഷ്ട്രീയ സന്ദർശനമാണെന്ന ആരോപണം യു.ഡി.എഫ് പക്ഷത്ത് നിന്നുമുണ്ട്. മാത്രമല്ല, സർക്കാർ പദ്ധതിയായ മലയാളം മിഷന്റെ പ്രവർത്തനം സൗദിയിൽ അമ്പേ പരാജയമാണെന്ന ആക്ഷേപവും ഇവർക്കുണ്ട്.
ഞായറാഴ്ച ദമ്മാമിൽ വിളിച്ചു ചേർത്ത 'മലയാളോത്സവം' പരിപാടിയുടെ സംഘാടക സമിതി രൂപീകരണ യോഗത്തിലേക്ക് യു.ഡി.എഫ് സംഘടനകളായ കെ.എം.സി.സി, ഒ.ഐ.സി.സി നേതാക്കൾക്ക് ക്ഷണം ഉണ്ടായിരുന്നെങ്കിലും അവർ പങ്കെടുത്തില്ല. യോഗത്തിൽ ഇടത് അനുകൂല സംഘടന ഭാരവാഹികളും വിവിധ സാമൂഹിക, സാംസ്‌കാരിക, ബിസിനസ് രംഗത്തുള്ളവരും മാത്രമാണ് പങ്കെടുത്തത്. ജിദ്ദയിൽ ബുധനാഴ്ചയാണ് സംഘാടകസമിതി രൂപീകരണ യോഗം. യോഗത്തിലേക്ക് ഔദ്യോഗിക ക്ഷണം ഉണ്ടെങ്കിലും പങ്കെടുക്കണോ വേണ്ടയോ എന്നതിനെ സംബന്ധിച്ച് നാട്ടിൽ നിന്നുള്ള പാർട്ടി നേതൃത്വത്തിന്റെ വിവരത്തിനായി കാത്തിരിക്കുകയാണെന്ന് ജിദ്ദയിലെ കെ.എം.സി.സി, ഒ.ഐ.സി.സി നേതൃത്വങ്ങൾ 'ഗൾഫ് മാധ്യമ'ത്തോട് പറഞ്ഞു. റിയാദിൽ ഈ മാസം 14 ന് സംഘാടക സമിതി രൂപീകരണ യോഗം തീരുമാനിച്ചിട്ടുണ്ടെങ്കിലും യു.ഡി.എഫ് അനുകൂല സംഘടനകൾക്ക് ഇതുവരെ ക്ഷണം ലഭിച്ചിട്ടില്ല. ഈ മാസം 17 ന് വെള്ളിയാഴ്ച ദമ്മാമിലാണ് മുഖ്യമന്ത്രിയും സംഘവും ആദ്യമെത്തുന്നത് 18 ന് ശനിയാഴ്ച ജിദ്ദയിലും 19 ന് ഞായറാഴ്ച റിയാദിലും പരിപാടികൾ നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.