1. ലി​യ ഖ​ദീ​ജ, ദീ​പ​ക് ദേ​വ് എ​ന്നീ കു​ട്ടി​ക​ൾ അ​വ​ത​രി​പ്പി​ച്ച രം​ഗ​രൂ​പം ‘ബ​ഷീ​റും പാ​ത്തു​മ്മ​യും ആ​ടും’ 2. വി​പി​ൻ കു​മാ​ർ, എം. ​ഫൈ​സ​ൽ, സീ​ബ കൂ​വോ​ട് എ​ന്നി​വ​ർ സം​സാ​രി​ക്കു​ന്നു 3. റി​യാ​ദി​ലെ ചി​ല്ല സ​ർ​ഗ​വേ​ദി സം​ഘ​ടി​പ്പി​ച്ച ബ​ഷീ​ർ സ്മൃ​തി​ സ​ദ​സ്സ്

സാഹിത്യത്തിലെ സുൽത്താന്റെ സർഗപ്രപഞ്ചം പുനരാവിഷ്കരിച്ച് 'ചില്ല'

റിയാദ്: മലയാള സാഹിത്യത്തിലെ സുൽത്താൻ വൈക്കം മുഹമ്മദ് ബഷീറിന്റെ സർഗപ്രപഞ്ചം പുനരാവിഷ്കരിച്ച് റിയാദിലെ ചില്ല സർഗവേദി. മഹാപ്രതിഭകളുടെ എഴുത്തും സർഗജീവിതവും അടുത്തറിയുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച സർഗപരമ്പരയിലെ രണ്ടാമത്തെ സ്മൃതി പരിപാടിയായാണ് 'ആ പൂവ് നീ എന്തുചെയ്തു' എന്ന ശീർഷകത്തിൽ നടന്നത്. രാവിലെ 10ന് ബദീഅയിലെ ഇസ്തിറാഹയിൽ ആരംഭിച്ച 'സർഗസ്മൃതി' പ്രമുഖ എഴുത്തുകാരൻ ഇ. സന്തോഷ് കുമാർ ഓൺലൈൻ വഴി ഉദ്ഘാടനം ചെയ്തു. ബഷീർ എന്ന മഹാപ്രതിഭ അനുഭവത്തിന്റെ മാത്രം പ്രകാശനമായിരുന്നില്ലെന്നും അത് ജീവിതത്തിന്റെ വൈവിധ്യപൂർണമായ ഭാവനയുടെ കൂടി ആഘോഷമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. എഴുത്ത്, വ്യക്തിജീവിതം എന്നിങ്ങനെ രണ്ടായിരുന്നില്ല, ഒന്നായിരുന്നു ബഷീർ എന്ന് സന്തോഷ് കുമാർ കൂട്ടിച്ചേർത്തു.

സുരേഷ് ലാൽ പരിപാടിയുടെ ആമുഖം അവതരിപ്പിച്ചു. പ്രഫ. എം.എൻ. കാരശ്ശേരി എഴുതിയ 'ബഷീർമാല' എന്ന ഗാനം മനോജ് കിഴിശ്ശേരി, ഷാഫി എന്നിവർ ആലപിച്ചു. എം.എ. റഹ്മാൻ സംവിധാനം ചെയ്ത 'ബഷീർ ദ മേൻ' എന്ന ഡോക്യുമെന്ററിയുടെ പ്രദർശനം ബഷീറിന്റെ ജീവിത കാഴ്ചപ്പാടുകളെ കൂടുതൽ തെളിമയോടെ മനസ്സിലാക്കാൻ സദസ്സിന് സഹായകമായി. ലിയ ഖദീജ, ദീപക് ദേവ് എന്നീ കുട്ടികൾ 'ബഷീറും പാത്തുമ്മയും ആടും' എന്ന രംഗരൂപം അവതരിപ്പിച്ചു. ബഷീറിന്റെ വൈലാലിലെ മുറ്റത്തിന്റെ അന്തരീക്ഷം സൃഷ്ടിച്ചുകൊണ്ടായിരുന്നു അവതരണം. 'ബഷീർ: കാലാതിവർത്തിയായ കല' എന്ന വിഷയം വിപിൻ കുമാർ അവതരിപ്പിച്ചു. ബഷീറിന്റെ കഥാപാത്രങ്ങളും കഥാലോകവും സാർവകാലിക സ്വഭാവമുള്ളവയാണെന്നതിനാൽ എക്കാലത്തും ചർച്ച ചെയ്യാൻ സാധിക്കുന്ന കലാസൗന്ദര്യമാണെന്ന നിരീക്ഷണം അദ്ദേഹം നടത്തി. മൂസ കൊമ്പൻ പ്രഭാഷണത്തിന്റെ ആമുഖം അവതരിപ്പിച്ചു. രണ്ടാമത്തെ പ്രഭാഷണ പരിപാടിയിൽ വി.കെ. ഷഹീബ ആമുഖം അവതരിപ്പിച്ചു.

'ബഷീറിലെ പരിസ്ഥിതിയും രാഷ്ട്രീയവും' എന്ന വിഷയത്തിൽ സീബ കൂവോട് പ്രഭാഷണം നടത്തി. മുരളി കണിയാരത്ത്, വിനോദ് കുമാർ മലയിൽ, ബൈജു കീഴ്‌ശ്ശേരി എന്നിവർ ബഷീറിന്റെ 'ഒരു മനുഷ്യൻ' എന്ന കഥയുടെ രംഗാവിഷ്കാരം നടത്തി. ലീന കൊടിയത്തിന്റെ ആമുഖത്തോടെ 'വ്യാകരണം തെറ്റിയ ബഷീർ' എന്ന പ്രഭാഷണം എം. ഫൈസൽ അവതരിപ്പിച്ചു. ലോകത്തെ മഹാപ്രതിഭകളെല്ലാം ഭാഷയുടെ മാത്രമല്ല, ജീവിതത്തിന്റെ തന്നെ വ്യാകരണങ്ങളെ നിശ്ചയദാർഢ്യത്തോടെ ലംഘിച്ചവരാണെന്നും മലയാളത്തിൽ അങ്ങനെ ഒരു പ്രതിഭ ബഷീർ മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.

ബീന മോഡറേറ്ററായ സംവാദത്തിൽ ഷഫീഖ് തലശ്ശേരി, നാസർ കാരക്കുന്ന്, വിനയൻ, ബഷീർ കാഞ്ഞിരപ്പുഴ, സുലൈമാൻ വിഴിഞ്ഞം, സബീന എം. സാലി, സൗരവ്, പ്രസാദ് വഞ്ചിപ്പുര എന്നിവർ പങ്കെടുത്തു. മൂസ കൊമ്പൻ ഉപസംഹാരം നടത്തി. സജീവ് കാരത്തെടി, അഭയ് ദേവ് എന്നിവർ വരച്ച കാരിക്കേച്ചറുകളും ബഷീർ കൃതികളും പ്രദർശിപ്പിച്ചു. ബഷീറിന്റെ വൈലാലിലെ വീട്ടുപരിസരം അദ്ദേഹത്തിന്റെ കുടുംബത്തിന്റെ സഹകരണത്തോടെ ബഷീർ രചനകളുടെ പശ്ചാത്തലത്തിൽ ഒരു പൊതു സാംസ്കാരിക കേന്ദ്രമായി വികസിപ്പിക്കാനുള്ള നടപടി കൈക്കൊള്ളണമെന്ന് ചില്ലയുടെ സാംസ്‌കാരിക സദസ്സ് കേരള സർക്കാറിനോട് അഭ്യർഥിച്ചു.

Tags:    
News Summary - Chilla Sargavedi in memory of Vaikom Muhammad Basheer

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.