കുടുംബത്തിനുവേണ്ടി ഏറെ പ്രയാസപ്പെട്ട് വർഷങ്ങൾ തള്ളിനീക്കുന്ന പ്രവാസികൾ. ഇഷ്ടമുള്ള ഭക്ഷണവും വസ്ത്രവും ഏറെ വില കൊടുത്ത് വാങ്ങേണ്ടി വരുവല്ലോ എന്നാലോചിച്ചു ആ കാശ് കൂടി നാട്ടിലേക്കയച്ച് വീട്ടുകാരെ ഭക്ഷിപ്പിക്കുകയും പുത്തൻ ഉടുപ്പ് ഉടുപ്പിക്കുകയും ചെയ്യുന്ന പ്രവാസികൾ. സ്വന്തം ശരീരത്തിന് ഒരു അസുഖം വന്നാൽ പോലും ശരിയാം വണ്ണം ചികിത്സ നടത്താതെ വീട്ടുകാർക്ക് വല്ലതും വന്നാൽ മൾട്ടി സ്പെഷ്യൽ ആശുപത്രികളിൽ ചികിത്സിക്കുന്ന പ്രവാസികൾ, അക്കരെയാണെങ്കിലും മുഴുവൻ സമയവും കണ്ണും കാതും ഹൃദയവും കുടുംബങ്ങൾക്ക് നേരെ തിരിച്ചിരിക്കുന്ന ഒരോ പ്രവാസികൾക്കും, ഈയിടെയായി നാട്ടിൽനിന്നും കേൾക്കുന്ന വാർത്തകൾ ഏറെ വേദനയുണ്ടാക്കുന്നതാണ്.
പോറ്റിവളർത്തിയ മകൻ സ്വന്തം ഉമ്മയുടെ കഴുത്തറുത്ത് കൊല്ലുന്ന വാർത്ത കാണുമ്പോൾ, കടംവാങ്ങിയ കാശ് കൊണ്ട് ചുറ്റിക വാങ്ങി കൂടെപ്പിറപ്പിനെ അടക്കം അഞ്ചുപേരുടെ തലക്കടിച്ചു കൊല്ലുന്ന വാർത്ത കേൾക്കുന്ന പ്രവാസികൾക്ക് എങ്ങനെ കണ്ണ് നിറയാതിരിക്കും? മൊബൈൽ ഫോൺ ലഭിക്കാഞ്ഞതിനാൽ ഫാനിൽ കുരുക്കിട്ട് തൂങ്ങിയാടുന്ന കുട്ടികൾ, ഇഷ്ടപ്പെട്ടവർക്ക് ഒരുമിക്കാൻ കഴിയാത്തതിന് മരത്തിന്റെ കൊമ്പിൽ തൂങ്ങിയാടുന്ന യൗവ്വനങ്ങൾ, കൂടെ പഠിക്കുന്നവനെ വളഞ്ഞിട്ട് നെഞ്ചക്ക് കൊണ്ട് നെഞ്ചകം നോക്കി അടിച്ച് കൊല്ലുന്നത് കാണുമ്പോൾ കൂടെപ്പിറപ്പുകൾക്ക് വേണ്ടി വിയർപ്പൊഴുക്കുന്ന പ്രവാസികൾക്ക് തൊണ്ടയിടറും. സ്വന്തം ജില്ല വിട്ട് ഒറ്റക്ക് പുറത്തുപോവാത്ത പെൺകുട്ടികളാണ് മുംബൈയിലെത്തി എന്ന വാർത്ത കണ്ടപ്പോൾ സ്വന്തം പെങ്ങളെ ഓർത്ത പ്രവാസികൾ, എന്തിനകം നാട്ടിൽ പുലി ഇറങ്ങിയാൽ അത് ഇനി എന്റെ വീട്ടിലെത്തുമോ എന്ന ആധിയുള്ള പ്രവാസികൾക്ക് ‘ലഹരി’ എന്ന മൂന്നക്ഷരം കേൾക്കുമ്പോൾ തന്നെ എന്റെ മക്കൾ ഇതിൽ പെടല്ലേ എന്നാണ് പ്രാർഥന. ലഹരിക്കെതിരെ നാട്ടിൽ നിരവധി കാമ്പയിനുകളും ബോധവത്കരണങ്ങളും നടക്കുന്നുണ്ട്. എങ്ങനെയൊക്കെ മുറിച്ചുമാറ്റിയാലും വീണ്ടും ഭയാനകമായ കരുത്തോടെ പടർന്നുപന്തലിക്കുന്ന ലഹരി സംഘങ്ങളെ നാട്ടുകാർ തന്നെ ഇടപെട്ട് പൊലീസിന് പിടിച്ചുകൊടുക്കുന്നുമുണ്ട്. നിയമപാലകർ കാര്യക്ഷമമായി ഈ വിഷയത്തിലിപ്പോൾ ഇടപെടുന്നുണ്ടെന്നാണ് നമുക്ക് മനസിലാക്കാൻ കഴിയുന്നത്. നടക്കട്ടെ നല്ല കാര്യം.
തയ്യാറാക്കിയത്; മുഹമ്മദ് അലി കാളങ്ങാടൻ ജിദ്ദ
പക്ഷേ മാതാപിതാക്കൾക്ക് സ്വന്തം മക്കളെ കുറിച്ചുള്ള ഒരു തിരിച്ചറിവുണ്ടാകണം, പത്താം ക്ലാസിൽ പഠിക്കുന്ന തന്റെ മകൻ ലഹരി ഉപയോഗിക്കുന്നുണ്ടെന്ന് മനസ്സിലാക്കാൻ വീട്ടുകാർക്ക് കഴിയാതെ പോയത് മക്കളെ കുറിച്ചുള്ള ഈ തിരിച്ചറിവ് നഷ്ടപ്പെട്ടപ്പോഴാണ്. ഉപ്പയോടുള്ള ബഹുമാനവും പേടിയും കാരണം മക്കൾ വഴി മാറി നടന്ന ആ പഴയ കാലമല്ല. മക്കൾ നടക്കുന്ന വഴിയിലേക്ക് ചെന്ന് അവരോടൊപ്പം നാമും നടക്കണം. അവരോട് നിന്റെ ബെസ്റ്റ് ഫ്രണ്ട്സ് ആരെന്ന് ചോദിച്ചാൽ അതെന്റെ ഉപ്പയാണ്, ഉമ്മയാണ് എന്നവർക്ക് പറയാൻ കഴിയണം. രാവിലെ വീട്ടിൽനിന്നും സ്കൂളിലേക്കിറങ്ങി തിരിച്ചു വീട്ടിൽ എത്തുന്നത് വരേയുള്ള സമയത്തിനിടയിൽ നടന്നത് മുഴുവനും തുറന്നുപറയാൻ പറ്റുന്ന അത് കേട്ടിരിക്കാൻ പറ്റുന്ന കൂട്ടുകാരായി നാം മാറണം.. അവർ നല്ലൊരു ഡ്രസ് ഇട്ടാൽ ഇത് കൊള്ളാലോ എന്ന് പുറത്തുനിന്നും കഴുക കണ്ണുകൾ പറയും മുമ്പ് നമ്മുടെ വായയിൽ നിന്ന് ആദ്യം അവരത് കേൾക്കണം. ജന്മദിനമാണങ്കിലും പരീക്ഷയിൽ വിജയിച്ചാലും അങ്ങനെ അവരുടെ ചെറുതും വലുതുമായ സന്തോഷങ്ങളിലും സങ്കടങ്ങളിലും കൂടെ നിൽക്കാൻ കഴിയുന്ന ഒരു ബെസ്റ്റ് ഫ്രണ്ടായി നാം മാറണം, എന്നാലെ മക്കളുടെ മാറ്റങ്ങൾ കണ്ടെത്താൻ കഴിയുകയുള്ളൂ. മാത്രമല്ല സ്വന്തം വീട്ടിൽ നിന്ന് കിട്ടുന്ന പിന്തുണ മാത്രം മതിയാകും. അവർക്ക് മുന്നോട്ടുള്ള വിജയത്തിനായി ഏത് കനൽപ്പാതകളും ചാടിക്കടക്കാൻ. അവർക്കതിനുവേണ്ട ഊർജം കൂടിയായിരിക്കും ആ ചേർത്തുനിർത്തൽ. ഒരു മയക്കുമരുന്ന് മാത്രമല്ല കൂട്ടരേ, പാശ്ചാത്യ ജീവിതങ്ങളുടെ കുത്തഴിഞ്ഞ സംസ്കാരങ്ങളും ലിബറൽ ചിന്തകളും ജെൻഡർ ന്യൂട്രാലിറ്റിയുമൊക്കെ നമ്മുടെ മക്കളെ സ്വാധീനിക്കാൻ ശ്രമിക്കുന്നവയാണന്നും അത് നമ്മുടെ കുടുംബം തകർക്കുന്ന മറ്റൊരു ലഹരിയാണന്നും നാം തിരിച്ചറിയണം.
പതിറ്റാണ്ടുകളുടെ പ്രവാസം പേറി നാടണയുമ്പോൾ തന്റെ ആകെ സാമ്പാദ്യമായ കുടുംബവും കൂടി നഷ്ടപ്പെടുന്ന ഒരു അവസ്ഥ നമുക്കുണ്ടാകരുത്. അതിന് മക്കളെ കുറിച്ചുള്ള തിരിച്ചറിവ് നമുക്കുണ്ടാകണം. നാമവർക്ക് മാതൃകയുമാകണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.