സെന്റര്‍ ഫോര്‍ ഇന്‍ഫര്‍മേഷന്‍ ആൻഡ് ഗൈഡന്‍സ് ഇന്ത്യ റിയാദ് ചാപ്റ്റർ ശിൽപശാലയിൽ
പങ്കെടുത്തവരും മത്സരങ്ങളിൽ വിജയിച്ച കുട്ടികളും
റിയാദ്: സെന്റര്‍ ഫോര്‍ ഇന്‍ഫര്‍മേഷന്‍ ആൻഡ് ഗൈഡന്‍സ് ഇന്ത്യ (സിജി) റിയാദ് ചാപ്റ്ററിന്റെ നേതൃത്വത്തിൽ ‘നിർമിത ബുദ്ധി’യുടെ സര്‍ഗാത്മകതയും ഉൽപാദനക്ഷമതയും’ എന്ന വിഷയത്തില്‍ ശില്പശാല സംഘടിപ്പിച്ചു. ട്രെൻഡ് മൈക്രോ കമ്പനിയിലെ ഐടി കൺസൾട്ടന്റും എ.ഐ എക്സ്പർട്ടുമായ എൻജി. മുഹമ്മദ് തയ്യാർ നയിച്ച, നിർമിത ബുദ്ധിയുടെ അനന്തസാധ്യതകളെ പരിചയപ്പെടുത്തിയ ശിൽപശാലയിൽ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ നൂറിലേറെ പേര് പങ്കെടുത്തു.
ചാറ്റ് ജി.പി.ടി പ്രോംപ്റ്റിങ് ടെക്നിക്സ്, എഐ സ്റ്റോറി ടെല്ലിങ്, അവതാര്‍ ക്രിയേഷന് തുടങ്ങി കൗതുകമുണര്‍ത്തുന്ന നിരവധി ആപ്ലിക്കേഷനുകളുടെ പ്രായോഗിക പരിശീലനമാണ് കുട്ടികളും രക്ഷിതാക്കളും ഒരുമിച്ചിരുന്ന്, അവരവരുടെ ലാപ്ടോപ്പിലൂടെ, ട്രെയ്നറുടെ സഹായത്തോടെ പൂർത്തിയാക്കിയത്. എ.ഐ ഉപയോഗിച്ച് കഥ രചിക്കുന്ന രീതിയാണ് ആദ്യം പരിചയപ്പെടുത്തിയത്.
തുടര്‍ന്ന് ഇതേ സ്ക്രിപ്റ്റിന് അനുയോജ്യമായ നാലു ഇമേജുകള്‍ സൃഷ്ടിച്ചു. ടെക്സ്റ്റ് നല്കി വോയ്സ് ഓവര്‍ തയാറാക്കി. പൂര്‍ണമായും എ.ഐ ജനറേറ്റ് ചെയ്യുന്ന ശബ്ദവും ചിത്രവും ഉപയോഗിച്ചും വിഡിയോ എഡിറ്റ് ചെയ്തുമുള്ള പരിശീലനം, കുട്ടികൾക്കും മുതിർന്നവർക്കും നവ്യാനുഭവമായിരുന്നു.
സെന്റര്‍ ഫോര്‍ ഇന്‍ഫര്‍മേഷന്‍ ആൻഡ് ഗൈഡന്‍സ് ഇന്ത്യ റിയാദ് ചാപ്റ്റർ ശിൽപശാലയിൽ
പങ്കെടുത്തവരും മത്സരങ്ങളിൽ വിജയിച്ച കുട്ടികളും
ഇതിന് പുറമെ റാപിഡ് വെബ്സൈറ്റ് ഡവലപ്മെന്റ്, ഗൂഗ്ൾ സ്റ്റുഡിയോ, ഗൂഗിൾ എൽ.എം നോട്ട്ബുക്ക് തുടങ്ങിയവയുടെ ഡെമോ സെഷനും ആകർഷകമായി. അഞ്ചു മണിക്കൂറോളം നീണ്ടുനിന്ന ശിൽപശാലയിൽ എ.ഐ വിഷയാടിസ്ഥാനത്തിൽ റാപിഡ് ഫയർ ചോദ്യോത്തര മത്സരവും സമ്മാന വിതരണവും പങ്കെടുത്തവർക്കുള്ള സർട്ടിഫിക്കറ്റ് വിതരണവും നടന്നു.
ശിൽപശാലക്ക് നേതൃത്വം നൽകിയ എൻജി. മുഹമ്മദ് തയ്യാറിനുള്ള ഉപഹാരം റഷീദലി കൈമാറി. സിജി റിയാദ് ചാപ്റ്റർ ചെയർമാൻ ബി.എച്ച്. മുനീബ് ആമുഖ പ്രഭാഷണം നടത്തി. അമീര്‍ ഖാന്, മുസ്തഫ, നവാസ് റഷീദ്, അബ്ദുല്‍ അസീസ് തങ്കയത്തില്‍, റഷീദലി, അബ്ദുല്‍ നിസാര്‍, അബൂബക്കര്‍, റിസ്വാൻ അഹമ്മദ് എന്നിവര്‍ നേതൃത്വം നല്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.