പി.വി. ഷഫീഖ്, മുജീബ് റഹ്മാൻ, ഷാഹുൽ ഹമീദ് മേടപ്പിൽ, അൻസിഫ് അബ്ദുൽ അസീസ്, സഫീർ മോൻ ആട്ടീരി
റിയാദ്: റിയാദ് കെ.എം.സി.സി മലപ്പുറം ജില്ല സംഘടിപ്പിക്കുന്ന ‘കാലിഫ് 2025 - കലയുടെ കാഴ്ചകൾ’ മാപ്പിള കലോത്സവത്തിന്റെ ഭാഗമായി നടന്ന ഉപന്യാസ രചന, മാപ്പിളപ്പാട്ട് രചന മത്സരങ്ങളുടെ ഫലങ്ങൾ പ്രഖ്യാപിച്ചു. കലോത്സവത്തിലെ സ്റ്റേജ് മത്സരങ്ങളിൽ പങ്കെടുക്കുന്നതോടൊപ്പം മികച്ച രചനകളുമായി നിരവധി മത്സരാർഥികളാണ് ഈ രചനാമത്സരങ്ങളിൽ പങ്കെടുത്തത്.
‘മലബാറിലെ സ്വാതന്ത്ര്യസമര പോരാട്ടങ്ങളും മാപ്പിള കലകളും’ എന്ന വിഷയത്തിൽ നടത്തിയ ഉപന്യാസ രചനമത്സരത്തിൽ പി.വി. ഷഫീഖ് (പൊന്നാനി) ഒന്നാം സ്ഥാനം നേടി. മുജീബ് റഹ്മാൻ (വണ്ടൂർ) രണ്ടാം സ്ഥാനവും ഷാഹുൽ ഹമീദ് മേടപ്പിൽ (വള്ളിക്കുന്ന്) മൂന്നാം സ്ഥാനവും കരസ്ഥമാക്കി. വിഷയത്തെ ആഴത്തിൽ സമീപിച്ച നിരവധി മികച്ച രചനകളാണ് മത്സരത്തിനെത്തിയത്.
‘1980ലെ അറബി ഭാഷാസമരം’ എന്ന വിഷയത്തെ ആസ്പദമാക്കി നടന്ന മാപ്പിളപ്പാട്ട് രചനാമത്സരത്തിൽ ഷാഹുൽ ഹമീദ് മേടപ്പിൽ (വള്ളിക്കുന്ന്) ഒന്നാം സ്ഥാനം നേടി. അൻസിഫ് അബ്ദുൽ അസീസ് (മങ്കട) രണ്ടാം സ്ഥാനവും സഫീർ മോൻ ആട്ടീരി (വേങ്ങര) മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
ഈ മത്സരങ്ങളിൽ പങ്കെടുത്ത എല്ലാ പ്രതിഭകളെയും ‘കാലിഫ് 2025’ സംഘാടക സമിതി അഭിനന്ദിച്ചു. ലഭിച്ച രചനകളുടെ നിലവാരം പരിഗണിച്ച്, വിജയികളെ തെരഞ്ഞെടുക്കുക എന്നത് വിധികർത്താക്കൾക്ക് ഏറെ വെല്ലുവിളി നിറഞ്ഞ ദൗത്യമായിരുന്നുവെന്നും സംഘാടകർ അറിയിച്ചു. ഉന്നത വിജയം കരസ്ഥമാക്കിയ മുഴുവൻ വിജയികൾക്കുമുള്ള ഉപഹാരങ്ങൾ ‘കാലിഫ് 2025’ന്റെ ആവേശകരമായ ഗ്രാൻഡ് ഫിനാലെ വേദിയിൽ സമ്മാനിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.