സൗദി മന്ത്രിസഭ യോഗത്തിൽ സൽമാൻ രാജാവ് അധ്യക്ഷത വഹിക്കുന്നു
റിയാദ്: പരമാധികാരവും ഡിജിറ്റൽ സമ്പദ്വ്യവസ്ഥയും പ്രോത്സാഹിപ്പിക്കുന്നതിനായി ലോകത്തെ ഏറ്റവും വലിയ ഗവൺമെൻറ് ഡേറ്റ സെൻറർ റിയാദിൽ ആരംഭിച്ചതിനെ പ്രശംസിച്ച് സൗദി മന്ത്രിസഭ. സൽമാൻ രാജാവിന്റെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗമാണ് ഡേറ്റ സെന്ററിനെ പ്രശംസിച്ചത്.
ഇത് ഡേറ്റ പരമാധികാരവും സുരക്ഷയും ഉറപ്പാക്കുന്നതിനും നവീകരണവും ഡിജിറ്റൽ സമ്പദ്വ്യവസ്ഥയും പ്രാപ്തമാക്കുന്നതിനും ഈ മേഖലയിൽ ഒരു ആഗോള കേന്ദ്രമായി സൗദിയെ സ്ഥാപിക്കുന്നതിനുള്ള ഒരു സുപ്രധാന സംരംഭത്തെ പ്രതിനിധീകരിക്കുന്നുവെന്ന് മന്ത്രിസഭ അഭിപ്രായപ്പെട്ടു.
മേഖലയിലെ ഏറ്റവും പുതിയ സംഭവവികാസങ്ങളെയും യമന്റെ സുരക്ഷയും സ്ഥിരതയും വർധിപ്പിക്കുന്നതിനും എല്ലാ കക്ഷികൾക്കിടയിലും സംഭാഷണത്തിന് അനുകൂലമായ അന്തരീക്ഷം ഒരുക്കുന്നതിനും സൗദി നടത്തിയ ശ്രമങ്ങളെ മന്ത്രിസഭ വിലയിരുത്തി.
ഈ സാഹചര്യത്തിൽ യമനിലെ തെക്കൻ ജനതയുടെ ന്യായമായ അഭിലാഷങ്ങൾ നിറവേറ്റുന്ന, തെക്കൻ പ്രശ്നത്തിന് ന്യായമായ പരിഹാരങ്ങൾക്കായുള്ള ഒരു കാഴ്ചപ്പാട് വികസിപ്പിക്കുക എന്ന ലക്ഷ്യത്തോടെ എല്ലാ ദക്ഷിണ വിഭാഗങ്ങൾക്കുമായി റിയാദിൽ ഒരു സമഗ്ര സമ്മേളനം നടത്തണമെന്ന യമൻ പ്രസിഡൻഷ്യൽ ലീഡർഷിപ് കൗൺസിൽ ചെയർമാൻ ഡോ. റഷാദ് അൽഅലിമിയുടെ അഭ്യർഥനയെ കൗൺസിൽ സ്വാഗതം ചെയ്തു.
ഗസ്സ മുനമ്പിലെ മാനുഷിക സാഹചര്യം പരിഹരിക്കുന്നതിന് സൗദി ചെയ്തുകൊണ്ടിരിക്കുന്ന സഹായങ്ങൾ മന്ത്രിസഭ ചർച്ച ചെയ്തു.
സൽമാൻ രാജാവിന്റെയും കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാന്റെയും നിർദേശപ്രകാരം ഫലസ്തീൻ ജനതക്കുള്ള വ്യോമ, കടൽ, കര സഹായ ശ്രമങ്ങൾ തീവ്രമാക്കിയത് വിവിധ സാഹചര്യങ്ങളിൽ ദുരിതമനുഭവിക്കുന്നവർക്ക് എല്ലാത്തരം പിന്തുണയും സഹായവും നൽകുന്നതിൽ സൗദിയുടെ ദീർഘകാല പങ്കിന്റെ തുടർച്ചയാണിതെന്നും സൗദിയുടെയും അതിന്റെ ഭരണാധികാരികളുടെയും ജനങ്ങളുടെയും ഹൃദയങ്ങളിലും മനസ്സുകളിലും ഫലസ്തീൻ ഉറച്ചുനിൽക്കുമെന്നതിന്റെ സ്ഥിരീകരണവുമാണെന്നും മന്ത്രിസഭ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.