ജിദ്ദ: വിമാനം പറക്കുന്നതിനിടെ സൗദി എയർലൈൻസ് കാബിൻ മാനേജർ മരിച്ചു. ജിദ്ദയിൽനിന്ന് ലണ്ടനിലേക്ക് പുറപ്പെട്ട എസ്.വി 119 വിമാനത്തിൽ തന്റെ ചുമതലകൾ നിർവഹിക്കുന്നതിനിടെ പെട്ടെന്നുണ്ടായ ആരോഗ്യപ്രശ്നങ്ങൾ മൂലമാണ് കാബിൻ മാനേജർ മുഹ്സിൻ അൽസഹ്റാനി മരിച്ചതെന്ന് സൗദി എയർലൈൻസ് അധികൃതർ അറിയിച്ചു.
ശാരീരിക അസ്വസ്ഥതകൾ പ്രകടിപ്പിച്ചപ്പോൾ സഹപ്രവർത്തകർ അദ്ദേഹത്തെ സഹായിക്കാൻ ശ്രമിച്ചു. പക്ഷേ വിമാനം കെയ്റോ വിമാനത്താവളത്തിൽ ഇറക്കാൻ ശ്രമിക്കുന്നതിടെ അദ്ദേഹം മരിച്ചു. ആവശ്യമായ നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നതിനായി ഈജിപ്തിലെ സൗദി എംബസിയുമായി ഏകോപനം പുരോഗമിക്കുകയാണെന്ന് സൗദി എയർലൈൻസ് അധികൃതർ പറഞ്ഞു.
കാബിൻ മാനേജരുടെ മരണത്തിൽ സൗദി എയർലൈൻസ് അനുശോചിച്ചു. സമർപ്പണത്തിനും അച്ചടക്കത്തിനും അൽ സഹ്റാനി ഒരു മാതൃകയാണെന്നും ഉയർന്ന ധാർമികതക്കും പ്രഫഷനലിസത്തിനും സഹപ്രവർത്തകർ അദ്ദേഹത്തെ വളരെയധികം ബഹുമാനിച്ചിരുന്നുവെന്നും അധികൃതർ കൂട്ടിച്ചേർത്തു.
ഈ അസാധാരണ സാഹചര്യത്തിലും പരമാവധി ഉത്തരവാദിത്തത്തോടെ വിമാനയാത്ര പൂർത്തിയാക്കാൻ ശ്രമിച്ച വിമാന ജീവനക്കാരെ അഭിനന്ദിക്കുകയും നന്ദി അറിയിക്കുകയും ചെയ്യുന്നുവെന്നും വാർത്താക്കുറിപ്പിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.