റിയാദ്: റോഡ് നിർമാണത്തിൽ കെട്ടിടങ്ങളും മറ്റും പൊളിക്കുന്ന അവശിഷ്ടങ്ങൾ ഉപയോഗിക്കാൻ പദ്ധതി. റിയാദ് നഗരത്തിലും പരിസരങ്ങളിലുമുള്ള റോഡുകളുടെ ഉപരിതലത്തിൽ അസ്ഫാൽറ്റ് മിശ്രിതങ്ങളിൽ കെട്ടിട നിർമാണ, പൊളിക്കൽ മാലിന്യങ്ങൾ ഉപയോഗിക്കാൻ തുടങ്ങിയതായി സൗദി റോഡ്സ് ജനറൽ അതോറിറ്റി വ്യക്തമാക്കി.
നവീകരണത്തെ പ്രോത്സാഹിപ്പിക്കുന്നതിന് റിയാദ് മുനിസിപ്പാലിറ്റിയുമായി സഹകരിച്ചാണ് ഈ പദ്ധതി നടപ്പാക്കുന്നത്. ഇത് പരിസ്ഥിതി സുസ്ഥിരത വർധിപ്പിക്കുന്നതിനും ലഭ്യമായ വിഭവങ്ങൾ ഉപയോഗപ്പെടുത്തുന്നതിനും സംഭാവന ചെയ്യുന്നു. പാരിസ്ഥിതിക വെല്ലുവിളികൾക്ക് മറുപടിയായി പാരിസ്ഥിതിക സുസ്ഥിരത വർധിപ്പിക്കുന്നതിനും കൂടുതൽ കാര്യക്ഷമമായ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിനും ഈ സംരംഭം ലക്ഷ്യമിടുന്നുവെന്ന് അതോറിറ്റി പറഞ്ഞു.
കെട്ടിടനിർമാണ, പൊളിക്കൽ മാലിന്യങ്ങൾ കൈകാര്യം ചെയ്യുന്നത് സീറോ സമ്പദ് വ്യവസ്ഥയിലേക്ക് മാറാനുള്ള രാജ്യത്തിന്റെ പദ്ധതിയുടെ ഭാഗമാണ്. 2035 ആകുമ്പോഴേക്കും കെട്ടിടംപൊളി മാലിന്യങ്ങളുടെ 60 ശതമാനം പുനരുപയോഗം ചെയ്യാനാണ് സൗദി ലക്ഷ്യമിടുന്നത്. പാരിസ്ഥിതിക വെല്ലുവിളികളെ നൂതന അവസരങ്ങളാക്കി മാറ്റുക എന്ന കാഴ്ചപ്പാട് ഈ സംരംഭം നടപ്പാക്കുന്നതിലൂടെ പ്രതിഫലിക്കുന്നുവെന്ന് അതോറിറ്റി പറഞ്ഞു.
കെട്ടിട അവശിഷ്ടം മൂലമുണ്ടാകുന്ന പാരിസ്ഥിതിക ആഘാതം കുറക്കുന്നതിനും അസംസ്കൃത വസ്തുക്കളെ ആശ്രയിക്കുന്നത് കുറക്കുന്നതിനും ഈ സമീപനം സഹായിക്കുന്നു. ഇത് റോഡ് നിർമാണ, പരിപാലന ചെലവുകൾ കുറക്കുന്നതിനും പരിസ്ഥിതി സുസ്ഥിരത വർധിപ്പിക്കുന്നതിനും കാരണമാകുന്നു. ഇത് റോഡ് മേഖലയെ കൂടുതൽ സുസ്ഥിരവും പരിസ്ഥിതി സൗഹൃദവുമാക്കുന്നുവെന്നും അതോറിറ്റി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.