മക്കയിൽ കെട്ടിടം തകർന്നു; ആളപായമില്ല

മക്ക: വിശുദ്ധ നഗരമായ മക്കയിലെ അൽ ഹജ്‌ല ഡിസ്​ട്രിക്​റ്റിലുള്ള അൽ മൻഷിയ പ്രദേശത്ത് ആൾതാമസമില്ലാത്ത കെട്ടിടം തകർന്നു വീണു. ശനിയാഴ്ച പുലർച്ചെയാണ് അപകടം സംഭവിച്ചത്. നേരത്തെ തന്നെ പൊളിച്ചുനീക്കാൻ അധികൃതർ ഉത്തരവിട്ടിരുന്ന പഴയ കെട്ടിടമാണ് തകർന്നതെന്ന് മക്ക നഗരസഭ അറിയിച്ചു.

അപകടവിവരം ലഭിച്ച ഉടൻ തന്നെ നഗരസഭാ അധികൃതർ മറ്റ് സുരക്ഷ വിഭാഗങ്ങളുമായി ചേർന്ന് അടിയന്തര രക്ഷാപ്രവർത്തനങ്ങൾ ആരംഭിച്ചു. തകർന്ന കെട്ടിടത്തിന് സമീപത്തുള്ള ഹോട്ടലുകളിൽ നിന്നും താമസസ്ഥലങ്ങളിൽ നിന്നും മുൻകരുതൽ നടപടിയുടെ ഭാഗമായി ആളുകളെ ഉടനടി ഒഴിപ്പിച്ചു. തീർത്ഥാടകരുടെയും മറ്റ് താമസക്കാരുടെയും സുരക്ഷ ഉറപ്പാക്കുന്നതിനാണ് അതിവേഗത്തിലുള്ള ഈ നടപടിയെന്ന് നഗരസഭ വ്യക്തമാക്കി.

അപകടത്തിൽ ആർക്കും പരിക്കേൽക്കുകയോ ജീവഹാനി സംഭവിക്കുകയോ ചെയ്തിട്ടില്ലെന്ന് അധികൃതർ ഔദ്യോഗികമായി സ്ഥിരീകരിച്ചു. ആൾതാമസമില്ലാത്ത കെട്ടിടമായതിനാലാണ് വലിയൊരു അപകടം ഒഴിവായത്. നിലവിൽ കെട്ടിടാവശിഷ്​ടങ്ങൾ നീക്കം ചെയ്യാനുള്ള പ്രവൃത്തികൾ പുരോഗമിക്കുകയാണ്.

പൊതുജന സുരക്ഷ ഉറപ്പുവരുത്തുന്നതിനായി ഫീൽഡ് ടീമുകൾ പ്രദേശത്ത് ക്യാമ്പ് ചെയ്ത് വരികയാണെന്നും ആവശ്യമായ എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും പൂർത്തിയാക്കാൻ ബന്ധപ്പെട്ട വകുപ്പുകൾ സംയുക്തമായി പ്രവർത്തിക്കുന്നുണ്ടെന്നും നഗരസഭ വൃത്തങ്ങൾ അറിയിച്ചു.

Tags:    
News Summary - Building collapses in Makkah; no casualties reported

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.