ജിദ്ദ ഇന്ത്യൻ ഇസ്‍ലാഹി സെൻറർ സംഘടിപ്പിച്ച മദീന സന്ദർശനത്തിൽ പങ്കെടുത്തവർ
ജിദ്ദ: ജിദ്ദ മദീന റോഡിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ ഇസ്‍ലാഹി സെൻററിെൻറ ആഭിമുഖ്യത്തിൽ ഖുർആൻ പഠിതാക്കൾ, സന്നദ്ധപ്രവർത്തകർ, ഭാരവാഹികൾ എന്നിവർക്കായി ഏകദിന മദീന സന്ദർശനം സംഘടിപ്പിച്ചു. മസ്ജിദുന്നബവി, മസ്ജിദുൽ ഖുബ, മസ്ജിദുൽ ഖിബ്‌ലതൈൻ തുടങ്ങി ഇസ്ലാമിക ചരിത്രവുമായി അഭേദ്യമായി ബന്ധപ്പെട്ട വിശുദ്ധവും ചരിത്രപ്രസിദ്ധവുമായ നിരവധി സ്ഥലങ്ങൾ സംഘം സന്ദർശിച്ചു.
ആത്മീയ നിർവൃതിയും ചരിത്രസ്മരണകളും നിറഞ്ഞ സന്ദർശനത്തിന് ശേഷം സംഘം രാത്രിയോടെ ജിദ്ദയിലേക്ക് മടങ്ങി. യാത്രയിലുടനീളം സെൻററിലെ ഖുർആൻ പഠിതാക്കളും പ്രസംഗപരിശീലന വിദ്യാർത്ഥികളും അവതരിപ്പിച്ച വൈവിധ്യമാർന്ന വിഷയങ്ങളിലെ പ്രഭാഷണങ്ങൾ, അറബി അക്ഷരമാലയെ ആസ്പദമാക്കി സംഘടിപ്പിച്ച ഖുർആൻ അന്താക്ഷരി മത്സരം, വിജ്ഞാനപ്രദവും ചിന്തോദ്ദീപകവുമായ മറ്റ് സംവേദനാത്മക പരിപാടികൾ എന്നിവ യാത്രയെ കൂടുതൽ സജീവവും അർത്ഥപൂർണവുമാക്കി.
ഖുർആൻ പഠനവും വ്യക്തിത്വ വികസനവും ആത്മീയ മൂല്യങ്ങളും സമന്വയിപ്പിച്ച ഇത്തരം യാത്രകൾ പഠിതാക്കളുടെ വിജ്ഞാനവികാസത്തിനും സഹോദര്യബോധം ശക്തിപ്പെടുത്തുന്നതിനും ഏറെ സഹായകരമാണെന്ന് സംഘാടകർ അഭിപ്രായപ്പെട്ടു. സന്ദർശന പരിപാടികൾക്കും യാത്രയ്ക്കും ഇസ്സുദ്ദീൻ സ്വലാഹി, നൗഫൽ കരുവാരകുണ്ട്, നഈം മോങ്ങം, ഫിറോസ് കൊയിലാണ്ടി എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.