ഒരു നിമിഷം

ഈ പൊൻ പ്രഭാതപ്രഭയിലൂർന്ന്

ഒരു നിമിഷ-

മെന്നരികിൽ വരൂ, നീയെന്നരികിൽ വരൂ

പദസ്വരം കേൾക്കാതെ പിന്നിലൂടെത്തീ

കണ്ണിമ പൊത്തി ഞാനോതിടാം, നിൻ

കാതോരമെത്തി കാതരമായ് മന്ത്രിക്കാം

ഇതുവരെ ചൊല്ലിയ കഥകൾക്കുമതീതമായ്

നിന്നോടെഴും നിറസ്നേഹം പകരുവാൻ

വാക്കുകൾക്കു മാത്രമായേകാൻ കഴിയാത്ത

സുഖദസ്പർശ സാന്നിധ്യമാകുവാൻ

മിഴിയോടു മിഴിചേർന്നിടയാൻ, ഒരു നിമിഷ-

മെന്നരികിൽ വരൂ, നീയെന്നരികിൽ വരൂ

മൃദുലമാം മുടിയിഴകളിൽ വിരലുകളോടിച്ചു

സുഖ ശാന്തമായെൻ മടിത്തട്ടിലുറക്കുവാൻ

നെഞ്ചോരം ചേർന്നുനിൻ ഗാനം ശ്രവിക്കുവാൻ

കാല്പനിക സ്വപ്‌നങ്ങൾ സ്വായത്തമാക്കുവാൻ

ആത്മഹർഷത്തിൻ തുടിപ്പുകളറിയാൻ, ഒരുനിമിഷ-

മെന്നരികിൽ വരൂ, നീയെന്നരികിൽ വരൂ

പുലരിമഴ ജനൽപ്പടിയിൽ താളം പിടിക്കേ

പുൽനാമ്പുപോലും പുളകിതയാകവേ

നിനക്കായ് കുറിക്കുമീ അക്ഷരക്കൂട്ടുകൾ

തൂമയെഴും കിനാക്കളായെന്നിൽ പടരവെ

നിത്യവർഷമായ് എന്നിലുതിർന്നു നീ

പ്രേമാതിരേകമാം സ്പർശം ജ്വലിപ്പിച്ചു

മൗനമായ് മൂളുന്ന സ്നേഹവാത്സല്യങ്ങൾ

നീ പാടാത്ത വരികളെ ഈണമാക്കി

പ്രിയമുള്ളേവർക്കും തണലേകി തുണയായി

പിന്തളളിടട്ടെ ദൂരവും കാലവും

നിനക്കായേകിടാം എന്നുമെൻ പ്രാർത്ഥന

നിറവാർന്നിടട്ടെ ശുഭപ്രതീക്ഷകൾ!

Tags:    
News Summary - poem

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.