ബജറ്റ് പ്രവാസികളുടെ പ്രശ്നങ്ങളെ അവഗണിച്ചു - ജിദ്ദ ഒ.ഐ.സി.സി

ജിദ്ദ: പ്രസംഗ റെക്കോർഡ് തകർക്കുക എന്നതിനപ്പുറം ധനമന്ത്രി തോമസ് ഐസക് അവതരിപ്പിച്ച ബജറ്റിൽ ഒരു പുതുമയും ഇല്ലെന്നും പ്രവാസികളെ വാഗ്ദാന പ്രളയത്തിൽ മുക്കികൊല്ലുവാനാണ് ബജറ്റിലൂടെ ശ്രമിക്കുന്നതന്നും ഒ.ഐ.സി.സി സൗദി വെസ്റ്റേൺ റീജണൽ കമ്മിറ്റി പ്രസിഡണ്ട് കെ.ടി.എ. മുനീർ അഭിപ്രായപ്പെട്ടു. ഗൾഫിൽനിന്ന്​ ജോലി നഷ്ടപെട്ട്​ ഏകദേശം രണ്ട് ലക്ഷത്തിലധികം പേർ കേരളത്തിൽ തിരിച്ചെത്തി മാസങ്ങൾ കഴിഞ്ഞു. ഇതുവരെ ഒന്നും ചെയ്യാത്ത സർക്കാർ, അവരുടെ കണക്കെടുപ്പ്​ നടത്താൻ ഇനിയും ആറ് മാസം കഴിഞ്ഞ്​ ജൂലൈയിൽ പഞ്ചായത്ത്, നഗരസഭ തലത്തിൽ പ്രവാസി ഓൺലൈൻ സംഗമങ്ങൾ സംഘടിപ്പിക്കുമെന്നാണ് ധനമന്ത്രി പറയുന്നത്. യുദ്ധകാല അടിസ്ഥാനത്തിൽ ചെയ്യേണ്ട കാര്യത്തിൽ സർക്കാരിന്‍റെ നിലപാടാണിത്.

കൂടാതെ ഇത് ചർച്ച ചെയ്യാൻ 2021 ഡിസംബറിൽ ലോക കേരള സഭ ചേരുമെന്നും ബജറ്റിൽ പറയുന്നു. മരണ വെപ്രാളത്തിൽ പിടയുന്ന പ്രവാസികളെ കളിയാക്കുവാനാണ് സർക്കാർ ബജറ്റിലൂടെ ശ്രമിച്ചതെന്നും മുനീർ കുറ്റപ്പെടുത്തി. കേരളത്തിന്‍റെ ആഭ്യന്തര വരുമാനത്തിന്റെ 30 ശതമാനത്തോളം നൽകുന്ന പ്രവാസികളുടെ പുനരധിവാസത്തിന് അകെ 130 കോടിയാണ് വകയിരുത്തിയത്. ക്ഷേമനിധി പെൻഷൻ 3500 ആക്കി ഉയർത്തുമെന്നാണ് പ്രഖ്യാപനം. പക്ഷെ അതിന് പ്രവാസി വിഹിതം 30 ശതമാനത്തിലധികം വർധിപ്പിച്ചു. മുൻ വർഷങ്ങളിലെ ബജറ്റിൽ പ്രഖ്യാപിച്ച ഗൾഫിലെ കേരള സ്കൂൾ, മടങ്ങി വരുന്നവർക്ക് ആറ് മാസത്തെ ശമ്പളം എന്നിവയെക്കുറിച്ച് കുറ്റകരമായ മൗനമാണ് ബജറ്റ് പ്രകടിപ്പിച്ചത്.

20,000 കോടി പ്രതീക്ഷിച്ച്‌ കൊട്ടിഗ്​ഘോഷിച്ചു നടപ്പാക്കിയ പ്രവാസി ചിട്ടിയിലൂടെ കിട്ടിയത് മാസത്തിൽ 47 കോടി മാത്രമാണ്. കെ.എസ്.എഫ്.ഇയുടെ വിശ്വാസ്യത തകർത്ത്​ നിക്ഷേപത്തിന് പലിശയും കുറച്ച് കിഫ്ബിയിലേക്കു പ്രവാസികളുടെ അവശേഷിക്കുന്ന പണംകൂടി നിക്ഷേപിക്കുവാനാണ് ധനമന്ത്രി ബജറ്റിലൂടെ പറയുന്നത്. കോവിഡ് മൂലം വിദേശത്ത് മരണപെട്ട പ്രവാസികളുടെ കുടുംബത്തിനെ സംരക്ഷിക്കുന്നതിനുള്ള യാതൊരു പദ്ധതിയും ബജറ്റിലില്ല. ഇങ്ങിനെ എല്ലാ അർത്ഥത്തിലും പ്രവാസികളെ നിരാശരാക്കുന്ന ബജറ്റാണ് അവതരിപ്പിച്ചതെന്നും പ്രവാസി പ്രശ്നങ്ങളെല്ലാം അവഗണിച്ചുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി. 

Tags:    
News Summary - Budget ignores expat issues - Jeddah OICC

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.