റിയാദിൽ ചില്ല സർഗവേദി സംഘടിപ്പിച്ച സംവാദ പരിപാടിയിൽ പി.എൻ. ഗോപീകൃഷ്ണൻ സംസാരിക്കുന്നു
റിയാദ്: വിശാലമായ സാംസ്കാരിക പ്രതിരോധം ഇന്ത്യയിൽ ഇന്ന് അനിവാര്യമാണെന്ന് കവിയും പ്രഭാഷകനുമായ പി.എൻ. ഗോപീകൃഷ്ണൻ. സങ്കുചിതമായ സ്ഥാപിത താൽപര്യങ്ങളും വൈയക്തിക അഹന്തയും മാറ്റിവെച്ച് ഇന്ത്യയിൽ ശക്തിപ്പെടുന്ന ജനാധിപത്യവിരുദ്ധ പ്രവണതകളെ ചെറുക്കേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
ചില്ല സർഗവേദി ദശവാർഷികത്തിന്റെ ഭാഗമായി ബത്ഹയിലെ ലുഹ ഹാളിൽ നടന്ന സംവാദത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കവി, സാംസ്കാരിക ചിന്തകൻ, തിരക്കഥാകൃത്ത്, ഗാനരചയിതാവ് എന്നീ മേഖലകളിലുള്ള അനുഭവങ്ങൾ അദ്ദേഹം പങ്കുവെച്ചു. കവിതയെ സംബന്ധിച്ച ധാരണകൾ മാറുകയാണ്. രാഷ്ട്രീയം പറയാതെ കവിതക്ക് അതിജീവിക്കാൻ സാധിക്കില്ല. ജീവിച്ചിരിക്കുന്ന കാലത്തെ രേഖപ്പെടുത്താതെ ഒരു കവിക്കും കടന്നുപോകാനാവില്ല. എഴുതിത്തുടങ്ങുന്ന കാലം മുതലേ തന്റെ കവിതയിൽ രാഷ്ട്രീയമുണ്ടെന്നും അത് മുദ്രാവാക്യരൂപത്തിലല്ലെന്നും അദ്ദേഹം പറഞ്ഞു.
സൈലൻസർ, ഒളിപ്പോര്, ജ്വാലാമുഖി, പാതിരകാലം എന്നീ സിനിമകളുടെ തിരക്കഥയെഴുതിയതിന്റെ പശ്ചാത്തലം കവി വിശദീകരിച്ചു. സിനിമ എന്നത് വേറെ ലോകമാണ്. തിരക്കഥയൊക്കെ എഴുതി സംവിധായകരെയും പ്രമുഖ നടന്മാരെയും കാത്തിരിക്കണം. അവർ തിരക്കഥ കേൾക്കണം.
അതൊക്കെ ക്ഷമ പരീക്ഷിക്കുന്ന പ്രക്രിയയാണ്. അങ്ങനെ ചെയ്യാനൊന്നും സമയമില്ല. എന്നാൽ എഴുതിയ തിരക്കഥകൾ സൗഹൃദത്തിന്റെ തണലിലായിരുന്നു. പ്രിയനന്ദനനെ പോലുള്ള നല്ല സുഹൃത്തുക്കളുടെ ഉദ്യമത്തിൽ പങ്കാളിയാകുകയായിരുന്നു. അതിലൊന്നും അക്ഷമയുടെ പ്രശ്നം വരുന്നില്ല എന്ന് അദ്ദേഹം പറഞ്ഞു.
വർഷങ്ങളുടെ നിരന്തര ഗവേഷണത്തിനും പഠനത്തിനും ശേഷം ഗോപീകൃഷ്ണൻ രചിച്ച ‘ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ കഥ’ എന്ന ഗ്രന്ഥ ഉള്ളടക്കവും സംവാദത്തിൽ വിഷയമായി. റിയാദിലെ എഴുത്തുകാർ അടക്കം നിരവധി പേർ ചർച്ചയിൽ പങ്കെടുത്തു. ബീന മോഡറേറ്ററായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.