റിയാദ്: രാജ്യത്തെ വിമാനത്താവളങ്ങൾ പരിസ്ഥിതി സൗഹൃദ മാനദണ്ഡങ്ങൾ പൂർണമായും കൈവരിച്ചതായി സൗദി സിവിൽ ഏവിയേഷൻ അതോറിറ്റി (ഗാക) അറിയിച്ചു. നാഷനൽ സെൻറർ ഫോർ എൻവയൺമെൻറൽ കംപ്ലയൻസ് നിശ്ചയിച്ചിട്ടുള്ള കർശനമായ പാരിസ്ഥിതിക നിബന്ധനകൾ പാലിച്ചതിനെത്തുടർന്നാണ് ഈ ഔദ്യോഗിക അംഗീകാരം ലഭ്യമായത്. പ്രകൃതിവിഭവങ്ങളുടെ സംരക്ഷണത്തിനും പരിസ്ഥിതി അവബോധം വളർത്തുന്നതിനുമായി സംഘടിപ്പിച്ച ‘സൗദി പരിസ്ഥിതി വാരം 2026’ നോടനുബന്ധിച്ചാണ് ഈ സുപ്രധാന പ്രഖ്യാപനം നടത്തിയത്. രാജ്യത്തെ വ്യോമയാന മേഖല കൈവരിച്ച ഏറ്റവും വലിയ പാരിസ്ഥിതിക നാഴികക്കല്ലുകളിൽ ഒന്നായാണ് സിവിൽ ഏവിയേഷൻ അതോറിറ്റി ഇതിനെ വിലയിരുത്തുന്നത്.
വിമാനത്താവളങ്ങളുടെ പ്രവർത്തനക്ഷമത വർധിപ്പിക്കുന്നതിനൊപ്പം അന്താരാഷ്ട്ര നിലവാരത്തിലുള്ള മികച്ച പാരിസ്ഥിതിക രീതികളാണ് സൗദി സ്വീകരിച്ചിരിക്കുന്നത്. വിമാനത്താവള പരിസരങ്ങളിലെ പാരിസ്ഥിതിക ആഘാതം കുറക്കുന്നതിനും പ്രകൃതിയുടെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനുമുള്ള സമഗ്ര സംവിധാനങ്ങൾ അതോറിറ്റി വിജയകരമായി നടപ്പാക്കി.
മലിനീകരണം കുറക്കാനുള്ള പ്രായോഗിക പരിഹാരങ്ങളും കർശനമായ നിയന്ത്രണങ്ങളും ഇതിെൻറ ഭാഗമായി സജീവമാക്കിയിട്ടുണ്ട്. സൗദി വിഷൻ 2030-െൻറ ലക്ഷ്യങ്ങൾ മുൻനിർത്തി, സുസ്ഥിരമായ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിൽ സിവിൽ ഏവിയേഷൻ മേഖല പ്രതിജ്ഞാബദ്ധമാണ്.
വ്യോമഗതാഗത രംഗത്തെ ദ്രുതഗതിയിലുള്ള വളർച്ച പരിസ്ഥിതിക്ക് കോട്ടം തട്ടാത്ത രീതിയിലാണെന്ന് ഈ അംഗീകാരം ഉറപ്പുവരുത്തുന്നു. വിവിധ സർക്കാർ വകുപ്പുകളുമായും ഏജൻസികളുമായും നടത്തിയ തന്ത്രപരമായ പങ്കാളിത്തമാണ് ഈ നേട്ടത്തിന് പിന്നിലെന്ന് അതോറിറ്റി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.