മിനായിലെ കാൽനട പാതകളിൽ നടപ്പാക്കുന്ന തണൽപദ്ധതിയുടെ കാഴ്ച
മക്ക: മക്കയുടെയും പുണ്യസ്ഥലങ്ങളുടെയും വികസനത്തിനായുള്ള റോയൽ കമീഷെൻറ എക്സിക്യൂട്ടീവ് വിഭാഗമായ ‘കിദാന’ ഡെവലപ്മെൻറ് കമ്പനി, മിനായിലെ കാൽനട പാതകളിൽ നടപ്പാക്കുന്ന തണൽ പദ്ധതിയുടെ രണ്ടാം ഘട്ടം വിജയകരമായി തുടരുന്നു. 1447-ലെ ഹജ്ജ് സീസണിൽ എത്തുന്ന തീർഥാടകർക്ക് കൂടുതൽ സൗകര്യപ്രദവും സുരക്ഷിതവുമായ യാത്രാ സൗകര്യം ഒരുക്കുന്നതിെൻറ ഭാഗമായാണ് പദ്ധതി വിപുലീകരിക്കുന്നത്.രണ്ട് ഘട്ടങ്ങളിലായി പൂർത്തിയാക്കുന്ന ഈ പദ്ധതിയുടെ ആകെ വിസ്തൃതി ഇപ്പോൾ 1,03,000 ചതുരശ്ര മീറ്ററായി ഉയർന്നു.
പദ്ധതിയുടെ ഒന്നാം ഘട്ടത്തിൽ 95,000 ചതുരശ്ര മീറ്റർ പ്രദേശം തണലിലാക്കുകയും തിരക്കേറിയ പാതകളിൽ അന്തരീക്ഷ താപനില കുറക്കാനായി 990 മിസ്റ്റ് ഫാനുകൾ സ്ഥാപിക്കുകയും ചെയ്തിരുന്നു. നിലവിലെ ഹജ്ജ് സീസണിനായുള്ള രണ്ടാം ഘട്ടത്തിൽ, അൽ ഷാബീൻ തുരങ്കങ്ങളെ ബന്ധിപ്പിക്കുന്ന പ്രധാന പാതയിൽ 8,100 ചതുരശ്ര മീറ്റർ വിസ്തൃതിയിൽ ആധുനിക രീതിയിലുള്ള കുടകൾ പുതുതായി സ്ഥാപിച്ചു.
വായുസഞ്ചാരം വർധിപ്പിക്കുന്നതിനായി പുതുതായി വികസിപ്പിച്ച ഈ മേഖലകളിൽ 72 പുതിയ മിസ്റ്റ് ഫാനുകൾ കൂടി സജ്ജീകരിച്ചിട്ടുണ്ട്. കൂടാതെ, തീർഥാടകരുടെ സുരക്ഷയും ജനക്കൂട്ട നിയന്ത്രണവും കൃത്യമായി നിരീക്ഷിക്കുന്നതിനായി അത്യാധുനിക സി.സി.ടി.വി കാമറകളും പ്രദേശത്ത് സ്ഥാപിച്ചു.
കൊടുംചൂടിൽ നിന്ന് തീർഥാടകർക്ക് സംരക്ഷണം നൽകി, അവർക്ക് മനഃശാന്തിയും ആശ്വാസവും നൽകുക എന്നതാണ് ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യം. തിരക്കേറിയ സമയങ്ങളിൽ നേരിട്ടുള്ള സൂര്യപ്രകാശം ഏൽക്കാതെ സുഗമമായി സഞ്ചരിക്കാൻ ഇത് തീർഥാടകരെ സഹായിക്കും.
സൗദി അറേബ്യയുടെ ‘വിഷൻ 2030’-െൻറ ഭാഗമായി പുണ്യസ്ഥലങ്ങളിലെ സേവന നിലവാരം മെച്ചപ്പെടുത്തുന്നതിനും പരിസ്ഥിതി സൗഹൃദമായ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിനുമുള്ള കിദാനയുടെ വലിയ പരിശ്രമങ്ങളുടെ തുടർച്ചയാണിത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.