ജിദ്ദ കെ.എം.സി.സി സെൻട്രൽ കമ്മിറ്റി സംഘടിപ്പിച്ച സംഘടന പാർലമെന്റ് എം.സി വടകര ഉദ്ഘാടനം ചെയ്യുന്നു.
ജിദ്ദ: പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി കഴിഞ്ഞ ദിവസം തെളിവ് സഹിതം പുറത്തുവിട്ട തെരഞ്ഞെടുപ്പ് കമീഷന്റെ വോട്ടർ പട്ടിക ക്രമക്കേട് ഞെട്ടിക്കുന്നതാണെന്നും രാജ്യത്തെ ജനാധിപത്യ വ്യവസ്ഥിതി അട്ടിമറിച്ചാണ് മോദി സർക്കാർ അധികാരത്തിലേറിയതെന്ന് വ്യക്തമായിരിക്കയാണെന്നും കെ.എം.സി.സി ജിദ്ദ സെൻട്രൽ കമ്മിറ്റി സംഘടിപ്പിച്ച സംഘടന പാർലമെന്റ് അഭിപ്രായപ്പെട്ടു. രാജ്യം ഇത് വരെ കണ്ടില്ലാത്ത വിധം തിരഞ്ഞെടുപ്പ് കമീഷൻ സ്വജനപക്ഷപാതരമായി ബി.ജെ.പി.ക്ക് വേണ്ടി വോട്ടേഴ്സ് ലിസ്റ്റിൽ കൃത്രിമം നടത്തിയാണ് വിവിധ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പുകളിൽ ബി.ജെ.പി യെ വിജയത്തിലെത്തിക്കുന്നത്.
ഇതിനെതിരെ ജനാധിപത്യ ഇന്ത്യയുടെ ശബ്ദമുയരണമെന്നും സംഘടന പാർലമെന്റ് പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി കെ.എം.സി.സി നേതൃനിരയെ സജ്ജമാക്കുന്നതിന്റെ ഭാഗമായി 'പ്രവാസി സൗഹൃദ പ്രാദേശിക സർക്കാർ' എന്ന ശീർഷകത്തിൽ ജിദ്ദ കെ.എം.സി.സി സെൻട്രൽ കമ്മിറ്റി സംഘടിപ്പിച്ച ഏകദിന സംഘടന പാർലമെന്റ് ക്യാമ്പിൽ ജിദ്ദയിലെ വിവിധ ജില്ല , ഏരിയ, മണ്ഡലം, പഞ്ചായത്ത് തലങ്ങളിലെ സംഘടന ഭാരവാഹികൾ പങ്കെടുത്തു.
പ്രമുഖ ചിന്തകനും ഗ്രന്ഥകാരനും മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവുമായ എം.സി വടകര പരിപാടി ഉദ്ഘാടനം ചെയ്തു. സ്വാതന്ത്ര്യാനന്തര ഇന്ത്യയിൽ പിന്നാക്കത്തിന്റെ മാറാപ്പ് ഭാണ്ഡം പേറി പള്ളിക്കൂടത്തിന്റെ പടി കടക്കാൻ പോലും സാധ്യമല്ലാതെ അപകർഷതയിൽ അകപ്പെട്ടു പോയ സമുദായത്തിന്റെ മുമ്പിൽ വിജ്ഞാനത്തിന്റെ വാതിൽ തുറന്നു കൊടുത്തത് മുസ്ലിം ലീഗാണെന്ന് അദ്ദേഹം പറഞ്ഞു. കെ.എം.സി.സി ജിദ്ദ സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് അബൂബക്കർ അരിമ്പ്ര അധ്യക്ഷതവഹിച്ചു.
രണ്ടു സെഷനുകളിലായി നടന്ന സംഘടന പാർലമെന്റ് ക്യാമ്പിൽ മുസ്ലിം ലീഗ് മലപ്പുറം ജില്ല സെക്രട്ടറിമാരായ അൻവർ മുള്ളമ്പാറ 'മുസ്ലിം ലീഗിന്റെ സ്വത്വ രാഷ്ട്രീയ പ്രസക്തി' ഉസ്മാൻ താമരത്ത് 'ഇലക്ട്രൽ പൊളിറ്റിക്സും സംഘടന രീതിശാസ്ത്രവും' എന്ന വിഷയത്തിലും ക്ലാസുകൾ എടുത്തു.
സദസ്സ്
നാഷനൽ കെ.എം.സി.സി പ്രസിഡന്റ് കുഞ്ഞിമോൻ കാക്കിയ, നിസാം മമ്പാട്, അബ്ദുൽറഹ്മാൻ വെള്ളിമാടുകുന്ന്, ഇസ്മായിൽ മുണ്ടക്കുളം, അബ്ദുൽ റസാഖ് മാസ്റ്റർ, എ.കെ ബാവ, ലത്തീഫ് മുസ്ലിയാരങ്ങാടി, ഇസ്ഹാഖ് പൂണ്ടോളി, ശിഹാബ് താമരക്കുളം, ഹസ്സൻ ബത്തേരി, ലത്തീഫ് കളരാന്തിരി, ഷൗക്കത്ത് ഞാറക്കോടൻ, സാബിൽ മമ്പാട്, ഹുസൈൻ കരിങ്കറ, ഷക്കീർ മണ്ണാർക്കാട്, അഷ്റഫ് താഴെക്കോട്, സിറാജ് കണ്ണവം, ലത്തീഫ് വെള്ളമുണ്ട തുടങ്ങിയവർ വിവിധ സെഷനുകളിൽ സംസാരിച്ചു. കെ.എം.സി.സി ജിദ്ദ സെൻട്രൽ കമ്മിറ്റി സെക്രട്ടറി വി.പി മുസ്തഫ സ്വാഗതവും നാസർ മച്ചിങ്ങൽ നന്ദിയും പറഞ്ഞു.
നാഷനൽ കെ.എം.സി.സി ഭാരവാഹികളായ നാസർ വെളിയങ്കോട്, നാസർ എടവനക്കാട് , നസീർ വാവക്കുഞ്ഞു, മുഹമ്മദ് കുട്ടി പാണ്ടിക്കാട്, മജീദ് പുകയൂർ എന്നിവർ വിവിധ സെഷനുകളിൽ ആശംസകൾ നേർന്നു. സുബൈർ വട്ടോളി പ്രമേയം
അവതരിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.