മണൽത്തട്ട്: ഒരു അറേബ്യൻ നാടകവണ്ടിയുടെ
യാത്രാനുഭവങ്ങൾ
ജുബൈൽ: പ്രവാസലോകത്തെ സജീവ നാടകപ്രവർത്തകനും എഴുത്തുകാരനുമായ ബിജു പി. നീലീശ്വരത്തിെൻറ ‘മണൽത്തട്ട്: ഒരു അറേബ്യൻ നാടകവണ്ടിയുടെ യാത്രാനുഭവങ്ങൾ’ എന്ന പുസ്തകം പ്രകാശനത്തിനൊരുങ്ങുന്നു. ജൂൺ നാലിന് വൈകിട്ട് ദമ്മാം റോസ് റസ്റ്റാറൻറ് ഹാളിൽ സൗദി മലയാളി സമാജം സംഘടിപ്പിക്കുന്ന ചടങ്ങിൽ കോഴിക്കോട്ടെ ‘ഡെസ്റ്റിനി ബുക്സ്’ പുറത്തിറക്കുന്ന ഈ കൃതി പ്രകാശനം ചെയ്യും.
ബിജു പി.
നീലീശ്വരം
തെൻറ പിതാവ് പൗലോ കുഞ്ഞിയുടെ ഓർമകൾക്ക് മുന്നിൽ സമർപ്പിച്ചിരിക്കുന്ന ഈ പുസ്തകത്തിൽ ദമ്മാം നാടകവേദിയിലെ അന്തരിച്ച നടൻ ജോബി ടി. ജോർജിനെയും ആദരവോടെ ഓർക്കുന്നു. കരിവെള്ളൂർ മുരളി, സൂര്യ കൃഷ്ണമൂർത്തി, സാജിദ് ആറാട്ടുപുഴ, മൻസൂർ പള്ളൂർ, മുഹാദ് വെമ്പായം, ഹേമന്ത് കുമാർ എന്നിവരുടെ കുറിപ്പുകൾ ഇതിലുണ്ട്.
1971ൽ മലയാറ്റൂരിനടുത്ത നീലീശ്വരത്ത് പൗലോ കുഞ്ഞ് - ആനീസ് പോൾ ദമ്പതികളുടെ മകനായി ജനിച്ച ബിജു, ആലുവയിലും ഫിലിപ്പൈൻസിലും വൈദീക പഠനം (ഫിലോസഫിയും തിയോളോജിയും) നടത്തിയ ശേഷം അത് ഉപേക്ഷിച്ച് നാട്ടിൽ തിരിച്ചെത്തി. 1997-ൽ പ്രവാസജീവിതം ആരംഭിച്ച അദ്ദേഹം ഇപ്പോൾ ജുബൈലിലെ സാബിക്കിൽ സീനിയർ പ്ലാനറാണ്. ഭാര്യ രാജി കുര്യനും മക്കളായ സ്റ്റിവൻസ്, സെറാ, സാവിയോ എന്നിവരുമടങ്ങുന്നതാണ് കുടുംബം. നാട്ടിലും പ്രവാസത്തിലുമായി 20-ഓളം അമച്വർ നാടകങ്ങളും പത്തോളം പ്രഫഷനൽ നാടകങ്ങളും അദ്ദേഹം രചിക്കുകയും സംവിധാനം ചെയ്യുകയും ചെയ്തിട്ടുണ്ട്.
2013-ൽ മലയാളികൾക്കായി ആദ്യമായി പ്രഫഷനൽ നാടകം അവതരിപ്പിച്ചുകൊണ്ട് 'ദമ്മാം നാടകവേദി' സ്ഥാപിക്കുകയും പിന്നീട് 'ജുബൈൽ നാടകവേദി' രൂപീകരിക്കുകയും ചെയ്തു. ‘കടുവ’, ‘വേഷം’, ‘ഇരയും വേട്ടക്കാരനും’, ‘അവനവൻ തുരുത്ത്’, 'ഇതിഹാസം' എന്നീ നാടകങ്ങളുടെ പിന്നാമ്പുറക്കാഴ്ചകളും, പ്രത്യേകിച്ച് ട്രാൻസ്ജെൻഡർ കമ്യൂണിറ്റിക്ക് വേണ്ടി രചിച്ച 'ശിഖണ്ഡിനി' എന്ന നാടകം തിരുവനന്തപുരം, ദമ്മാം, ഒമാൻ എന്നിവിടങ്ങളിൽ അവതരിപ്പിച്ചപ്പോൾ പ്രശസ്ത അറബ് കവി അഹമ്മദ് അൽ മുല്ല ഉൾപ്പെടെയുള്ളവർ അഭിനന്ദിച്ച നിമിഷങ്ങളും ജിദ്ദയിലെ ഒറ്റപ്പെട്ട ജീവിതവും പുസ്തകത്തിൽ പങ്കുവെക്കുന്നു.
ജൂൺ നാലിന് നടക്കുന്ന ചടങ്ങിൽ സൗദി ഫിലിം ഫെസ്റ്റിവൽ ഡയറക്ടർ അഹമ്മദ് അൽ മുല്ല മുഖ്യാതിഥിയായി പങ്കെടുക്കും. എഴുത്തുകാരി സബീന എം. സാലി, തട്ടകം റിയാദ് സ്ഥാപക പ്രസിഡൻറും നടനുമായ പ്രമോദ് കോഴിക്കോടിന് പുസ്തകം നൽകി പ്രകാശനം നിർവഹിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.