ജിദ്ദ: 2026ൽ റമദാൻ വ്രതാരംഭം എന്നായിരിക്കുമെന്നത് നേരത്തെ പ്രവചിച്ച് ജ്യോതിശാസ്ത്രജ്ഞൻ. ജ്യോതിശാസ്ത്ര കണക്കുകൂട്ടലുകൾ പ്രകാരം 2026 ഫെബ്രുവരി 19 വ്യാഴാഴ്ച റമദാൻ ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി എമിറേറ്റ്സ് ജ്യോതിശാസ്ത്ര സൊസൈറ്റി പ്രസിഡന്റ് ഇബ്രാഹിം അൽജർവാൻ പറഞ്ഞു.
ഫെബ്രുവരി 17 ചൊവ്വാഴ്ച ഹിജ്‌റ വർഷം 1447 ലെ റമദാൻ ചന്ദ്രക്കല ദൃശ്യമാകുമെങ്കിലും സൂര്യാസ്തമയത്തിന് ഒരു മിനിറ്റിനു ശേഷം ചന്ദ്രക്കല അപ്രത്യക്ഷമാകും. അതിനാൽ അന്ന് വൈകീട്ട് നഗ്നനേത്രങ്ങൾക്ക് ചന്ദ്രക്കല ദൃശ്യമാകാൻ സാധ്യതയില്ല. അതിനാൽ ഫെബ്രുവരി 19 റമദാന്റെ ആദ്യ ദിവസമായിരിക്കുമെന്ന് ഇബ്രാഹിം അൽജർവാൻ പറഞ്ഞു
'ഫെബ്രുവരി 19 വ്യാഴാഴ്ച റമദാന്റെ ആദ്യ ദിവസമായിരിക്കും. മാർച്ച് 20 വെള്ളിയാഴ്ച ശവ്വാൽ പെരുന്നാൾ സുദിനത്തിന്റെ ആദ്യ ദിവസമായിരിക്കുമെന്ന് അൽജർവാൻ പറഞ്ഞതായി അൽ അറബിയ പത്രം റിപ്പോർട്ട് ചെയ്തു. സൗദി അറേബ്യയിലെ ചന്ദ്ര ദർശന സമിതി ഫെബ്രുവരി 18 ന് ചന്ദ്രനെ കാണുന്നതിലൂടെ വ്രതാനുഷ്ഠാനത്തിന്റെ കൃത്യമായ ആരംഭ തീയതി നിർണ്ണയിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
ചന്ദ്രൻ ഭൂമിയെ ചുറ്റുന്ന 12 മാസ ചക്രത്തെ അടിസ്ഥാനമാക്കിയുള്ള ഹിജ്‌രി കലണ്ടർ അനുസരിച്ചാണ് റമദാനിന്റെയും മറ്റ് ഇസ്ലാമിക ചാന്ദ്ര മാസങ്ങളുടെയും ആരംഭം നിർണ്ണയിക്കുന്നത്. ലോകമെമ്പാടും 2026 ലെ റമദാനിലെ നോമ്പ് സമയം വ്യത്യാസപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.
റമദാൻ മാസത്തിന്റെ ആദ്യ ദിവസങ്ങളിൽ സൗദി അറേബ്യ, ഈജിപ്ത്, യു.എ.ഇ, ഖത്തർ, കുവൈത്ത് എന്നിവയുൾപ്പെടെ നിരവധി അറബ് രാജ്യങ്ങളിൽ നോമ്പ് ദൈർഘ്യം ഏകദേശം 12 മണിക്കൂർ നീണ്ടുനിൽക്കും. വിശുദ്ധ മാസത്തിന്റെ അവസാനത്തോടെ ഇത് ഏകദേശം 13 മണിക്കൂറായി വർധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.