മക്ക: ഈ വർഷത്തെ പുണ്യമായ അറഫ പ്രഭാഷണം മലയാളം ഉൾപ്പെടെ 35 അന്താരാഷ്ട്ര ഭാഷകളിലേക്ക് വിവർത്തനം ചെയ്ത് തത്സമയം സംപ്രേഷണം ചെയ്യുമെന്ന് ഇരുഹറം മതകാര്യ പ്രസിഡൻസി അറിയിച്ചു. ഇസ്ലാമിെൻറ സഹിഷ്ണുതയും മിതത്വവും നിറഞ്ഞ സന്ദേശങ്ങൾ ആഗോളതലത്തിൽ കൂടുതൽ ശക്തമായി വ്യാപിപ്പിക്കുന്നതിനും, പ്രഭാഷണത്തിെൻറ ഉള്ളടക്കം ലോകമെമ്പാടുമുള്ള മുസ്ലിംകളിലേക്ക് എത്തിക്കുന്നതിനുമാണ് ഈ വിപുലമായ ക്രമീകരണം ഒരുക്കിയിരിക്കുന്നത്. നിർദിഷ്ട ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾ, റേഡിയോ തരംഗങ്ങൾ, വിവിധ മാധ്യമ ചാനലുകൾ എന്നിവ വഴി ലോകത്തിെൻറ വിവിധ കോണുകളിലുള്ള ലക്ഷക്കണക്കിന് ആളുകളിലേക്ക് വിവർത്തനം ലഭ്യമാക്കും. ഹജ്ജ് തീർത്ഥാടനത്തിെൻറ ആത്മീയ സ്വാധീനം ആഗോളതലത്തിൽ പരമാവധിയാക്കുക എന്നതാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.
ഇസ്ലാമിനും മുസ്ലിംകൾക്കും മികച്ച സേവനം നൽകുന്നതിനായി ആധുനിക സാങ്കേതികവിദ്യകളും ഡിജിറ്റൽ സംവിധാനങ്ങളും സൗദി അറേബ്യ ഫലപ്രദമായി ഉപയോഗപ്പെടുത്തുന്നുണ്ട്. ഇതിെൻറ ഭാഗമായാണ് വിവിധ അന്താരാഷ്ട്ര ഭാഷകളിലുള്ള മതപരമായ സന്ദേശങ്ങളുടെ വ്യാപ്തി വർദ്ധിപ്പിക്കാൻ രാജ്യം നിരന്തരം ശ്രമിച്ചുകൊണ്ടിരിക്കുന്നതെന്ന് പ്രസിഡൻസി വ്യക്തമാക്കി. ഇരുഹറമുകളുടെ സേവനങ്ങൾക്കും ഹജ്ജ് നിർവ്വഹണ സംവിധാനങ്ങൾക്കും സൗദി ഭരണകൂടം നൽകിവരുന്ന വലിയ പിന്തുണയുടെയും കരുതലിെൻറയും തുടർച്ചയാണ് ഈ സംരംഭമെന്ന് ഇരുഹറം മതകാര്യ മേധാവി ഡോ. അബ്ദുറഹ്മാൻ അൽ സുദൈസ് പറഞ്ഞു. ലോകമെമ്പാടുമുള്ള മുസ്ലിംകൾക്ക് അവരുടെ മാതൃഭാഷയിലും സംസ്കാരത്തിലും അറഫ പ്രഭാഷണത്തിെൻറ മൂല്യങ്ങളും, അതിലടങ്ങിയിരിക്കുന്ന മാനുഷികവും വിശ്വാസാധിഷ്ഠിതവുമായ സന്ദേശങ്ങളും നേരിട്ട് മനസ്സിലാക്കാൻ ഈ സംരംഭം വലിയ തോതിൽ സഹായകരമാകുമെന്നും അദ്ദേഹം വിശദീകരിച്ചു.
വർഷങ്ങളായുള്ള വിപുലമായ അനുഭവസമ്പത്തിെൻറ വെളിച്ചത്തിലാണ് ഇരുഹറം മതകാര്യ പ്രസിഡൻസി ഈ ഗുണപരമായ പദ്ധതി നടപ്പാക്കുന്നത്. അറബി സംസാരിക്കാത്ത ലക്ഷക്കണക്കിന് വിശ്വാസികൾക്ക് പ്രഭാഷണത്തിെൻറ ഉള്ളടക്കത്തിൽ നിന്നും, അത് മുന്നോട്ടുവെക്കുന്ന സഹിഷ്ണുത, മിതത്വം, ഇസ്ലാമിക ഐക്യം തുടങ്ങിയ ഉന്നതമായ മൂല്യങ്ങളിൽ നിന്നും വലിയ തോതിൽ പ്രയോജനം നേടാൻ ഈ വിവർത്തന പദ്ധതി ഇതിനകം വഴിയൊരുക്കിയിട്ടുണ്ട്. ഏറ്റവും ഉയർന്ന നിലവാരത്തിലും ആധുനിക പ്രഫഷനലിസത്തോടും കൂടി പ്രഭാഷണം പ്രക്ഷേപണം ചെയ്യുന്നുണ്ടെന്ന് ഉറപ്പാക്കാൻ പ്രസിഡൻസി വിപുലമായ സാങ്കേതിക-മാധ്യമ സജ്ജീകരണങ്ങളാണ് പൂർത്തിയാക്കിയിരിക്കുന്നത്. ഇതിനായി പ്രത്യേക പരിശീലനം സിദ്ധിച്ച വിദഗ്ധരായ ഉദ്യോഗസ്ഥരെയും സാങ്കേതിക ജീവനക്കാരെയും നിയോഗിച്ചിട്ടുണ്ടെന്നും ലോകത്തിലെ ഏറ്റവും വലിയ മുസ്ലിം സമൂഹത്തിലേക്ക് ഡിജിറ്റൽ ചാനലുകൾ വഴി ഈ സന്ദേശം കൃത്യതയോടെ എത്തിക്കുമെന്നും ഡോ. അൽ സുദൈസ് കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.