നജ്റാനിലെ കിങ് ഫഹദ് പാർക്കിന് തെക്ക് ഭാഗത്തുള്ള ജബൽ അൽ ദർവ പർവത മേഖലയിലെ പൗരാണിക അറബ് ശിലാലിഖിതങ്ങൾ
നജ്റാൻ: ചരിത്രത്തിലേക്ക് വാതിൽ തുറക്കുന്നതാണ് നജ്റാനിലെ അറബ് ശിലാലിഖിതങ്ങൾ. കിങ് ഫഹദ് പാർക്കിന് തെക്കുഭാഗത്തുള്ള ജബൽ അൽ ദർവ പർവത മേഖലയിൽ പൗരാണിക ഇസ്ലാമിക കലയുടെ ചരിത്രത്തിലേക്ക് വെളിച്ചം വീശാൻ സഹായകമാകുന്ന പ്രാചീന ലിഖിതങ്ങളാണ് ഇവിടത്തെ പാറകളിലുള്ളത്. ശിലകളിൽ കോറിയിട്ടിരിക്കുന്ന ഇസ്ലാമിക കാലിഗ്രഫിയുടെ ആദ്യകാല രൂപങ്ങളിലുള്ള ശേഷിപ്പുകൾ പുരാവസ്തു മേഖലയിലെ നിർണായകമായ തെളിവുകളാൽ സമ്പന്നമാണ്.
ഇസ്ലാമിക് കുഫിക് ലിഖിതങ്ങളാണ് ഇവയിലേറെയും. ജബൽ അൽ ദർവ പ്രദേശം ഇപ്പോൾ നജ്റാൻ മേഖലയിലെ ഒരു പ്രമുഖ വിനോദസഞ്ചാര, സാംസ്കാരിക കേന്ദ്രമായി മാറിയിട്ടുണ്ട്.
പുരാതന കാലത്തെയും ഇസ്ലാമിക നാഗരികതയുടെ സമ്പന്നതയെയും പ്രതിഫലിപ്പിക്കുന്ന ചരിത്രരേഖയായ അപൂർവ ഇസ്ലാമിക ലിഖിതങ്ങൾ പാറകളിൽ അങ്ങിങ്ങായി കോറിയിട്ടതായി കാണാം. ആദ്യകാല ഇസ്ലാമിക കലയുടെ കൃത്യതയും കാലിഗ്രഫിയുടെ മഹത്വവും ഇവയിൽ ഉൾക്കൊള്ളുന്നു.
അറബി കലകളുടെയും കാലിഗ്രഫിയുടെയും ചരിത്രത്തിലെ ഒരു പ്രധാന പരിവർത്തനഘട്ടത്തെ ഇവ പ്രതിനിധീകരിക്കുന്നു. ജബൽ അൽ ദർവയെ ഇസ്ലാമിക നാഗരികതയുടെ ആരംഭം മുതലുള്ള അധ്യായങ്ങൾ വിവരിക്കുന്ന ഒരു തുറന്ന മ്യൂസിയമാക്കി മാറ്റാൻ ഈ ലിഖിതങ്ങളുടെ കണ്ടെത്തലുകൾ വഴിവെക്കുന്നു. ഇസ്ലാമിക ചരിത്രവും നാഗരികതയും പഠിക്കുന്നതിന് ഇത്തരം പൗരാണിക ലിഖിതങ്ങൾ ഏറ്റവും സഹായകമായ ഉറവിടമാണ്.
നജ്റാൻ മേഖലയിൽ പുരാവസ്തു സർവേയിലൂടെ ഇപ്പോൾ 200 ലധികം കുഫിക് ഇസ്ലാമിക ശിലാലിഖിതങ്ങളാണ് കണ്ടെത്തുകയും തിരിച്ചറിയുകയും ചെയ്തിട്ടുള്ളത്. അതിൽ ഏറ്റവും പ്രധാനപ്പെട്ടത് ജബൽ അൽ ദർവയിലേതാണ്. 33 ഇസ്ലാമിക ലിഖിതങ്ങളാണ് ഇവിടെ കണ്ടെത്തിയത്. 26 എണ്ണം ഒരേ കുടുംബത്തിലെ അംഗങ്ങളുടേതാണ്.
പുതിയ വൈജ്ഞാനിക അറിവുകളിലേക്ക് ഇവയെല്ലാം ഏറെ വെളിച്ചം വീശുന്നവയാണെന്നും കിങ് സഊദ് സർവകലാശാലയിലെ സെമിറ്റിക് ഭാഷകൾ, പുരാതന രചനകൾ, പുരാവസ്തുശാസ്ത്രം എന്നീ വിഭാഗങ്ങളിലെ പ്രഫ. ഡോ. സാലിം ബിൻ അഹമ്മദ് ബിൻ തയാരൻ പറഞ്ഞു. ഈ ലിഖിതങ്ങളിൽ തീയതി രേഖപ്പെടുത്തിയിട്ടില്ലെങ്കിലും അവയിൽ പ്രത്യക്ഷപ്പെടുന്ന കാലിഗ്രഫിയുടെ ശൈലിയും കഥാപാത്രങ്ങളുടെ പേരുകളും ഹിജ്റ രണ്ടും മൂന്നും നൂറ്റാണ്ടുകളിലേതാണെന്ന് സൂചിപ്പിക്കുന്നു.
ഇവയിൽ ഭൂരിഭാഗവും മതപരമായ വാക്യങ്ങളും പ്രാർഥനകളും പ്രവാചക വചനങ്ങളും ഉൾക്കൊള്ളുന്നവയാണ്. ചരിത്ര വിദ്യാർഥികളും ഗവേഷകരും ആദ്യകാല ഇസ്ലാമിക ലിഖിതങ്ങളുടെ സാംസ്കാരിക പൈതൃകത്തെക്കുറിച്ചുള്ള അറിവുകൾ ലഭിക്കാൻ ഈ പ്രദേശം ഇപ്പോൾ സന്ദർശിക്കാറുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.