യാംബു: ഗൾഫ് സഹകരണ കൗൺസിൽ (ജി.സി.സി) രാജ്യങ്ങൾക്കിടയിൽ പ്രതിവർഷം 1.93 കോടി വിനോദസഞ്ചാരികൾ സഞ്ചരിക്കുന്നതായി റിപ്പോർട്ട്. ഗൾഫ് സ്റ്റാറ്റിസ്റ്റിക്കൽ സെന്റർ കഴിഞ്ഞ ദിവസം പുറത്തിറക്കിയ സ്ഥിതിവിവരക്കണക്ക് റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ഏറ്റവും കൂടുതൽ ടൂറിസ്റ്റുകൾ സഞ്ചാരം നടത്തുന്നത് സൗദിയിലേക്കെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നു. ടൂറിസം മേഖലയിൽ ഇതിനോടകം 52 ശതമാനം വളർച്ചയാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഗൾഫ് മേഖല സന്ദർശിക്കുന്ന മൊത്തം അന്താരാഷ്ട്ര വിനോദസഞ്ചാരികളുടെ എണ്ണം 26.7 ശതമാനത്തെ പ്രതിനിധീകരിക്കുന്നുവെന്നും റിപ്പോർട്ട് വെളിപ്പെടുത്തി.
ഗൾഫ് മേഖലയിലെ ടൂറിസം സംയോജനം ശക്തിപ്പെടുത്തുന്നതിന്റെ വ്യക്തമായ സൂചനയാണ് ഈ വളർച്ച ചൂണ്ടിക്കാണിക്കുന്നത്. അടുത്ത വർഷമാകുമ്പോഴേക്കും ടൂറിസം മേഖലയുടെ സംഭാവന 247 ബില്യൺ ഡോളറിലെത്തും. വിനോദ സഞ്ചാരം ഗൾഫ് സമ്പദ്‌വ്യവസ്ഥയുടെ ഒരു പ്രധാന ചാലകശക്തിയും തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനുള്ള ഒരു പ്രധാന സ്രോതസ്സുമായി മാറിയിരിക്കുന്നതായി കണക്കുകൾ സൂചിപ്പിക്കുന്നു.
2034 ആകുമ്പോഴേക്കും ജി.ഡി.പി യിലേക്കുള്ള മേഖലയിലെ സംഭാവന 13.3 ശതമാനമായി ഉയരുമെന്നും മൂല്യം 371.2 ബില്യൺ ഡോളറിലെത്തുമെന്നും പ്രതീക്ഷിക്കുന്നു. ഖിദ്ദിയ, നിയോം, റെഡ് സീ പ്രോജക്റ്റ് തുടങ്ങിയ സൗദിയിലെ മെഗാ പദ്ധതികളും റിയാദ് സീസൺ പോലുള്ള പ്രധാന വിനോദ പരിപാടികളും ഗൾഫ് വിനോദ സഞ്ചാരികളെ സൗദിയിലേക്ക് ആകർഷിക്കുന്ന മുഖ്യ ഘടകങ്ങളായി റിപ്പോർട്ടിൽ വ്യക്തമാക്കി.
ഗൾഫ് മേഖലയിലെ കുടുംബ, വിനോദസഞ്ചാരത്തിന് ഏറ്റവും ഇഷ്ടപ്പെട്ട സ്ഥലമായി രാജ്യം അടയാളപ്പെടുത്തിക്കഴിഞ്ഞു. ഭാവിയിലെ മാറ്റങ്ങളുമായി പൊരുത്തപ്പെടുന്ന വൈവിധ്യമാർന്നതും സുസ്ഥിരവുമായ ഒരു സമ്പദ്‌വ്യവസ്ഥ കെട്ടിപ്പടുക്കാൻ ശ്രമിക്കുന്ന മെഗാ പ്രോജക്ടുകളുടെയും ഫലമായി ടൂറിസം മേഖലക്ക് നല്ല പുരോഗതി നേടാനായി. ടൂറിസം മേഖലയുടെ കാലോചിതമായ വളർച്ചക്കായി ഗൾഫ് രാജ്യങ്ങൾ ഇപ്പോൾ ബൃഹത്തായ പദ്ധതികളാണ് വ്യപകമായി നടപ്പിലാക്കി വരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.