അൽഅഹ്സയിൽ സജ്ജീകരിച്ച എയർ ആംബുലൻസ്

അൽഅഹ്സയിൽ എയർ ആംബുലൻസ് സ്റ്റേഷൻ

റിയാദ്: ഫിഫ ലോകകപ്പ് 2022ന് അടുത്ത മാസം 20ന് ഖത്തറിൽ കൊടി ഉയരാനിരിക്കെ സൗദി റെഡ് ക്രെസന്റ് സൊസൈറ്റി അൽഅഹ്സയിൽ എയർ ആംബുലൻസ് സ്റ്റേഷൻ തുറന്നു. വാഹനത്തിരക്കിനിടെ സംഭവിക്കാനിടയുള്ള റോഡപകടങ്ങൾ മുന്നിൽ കണ്ടാണ് അൽഅഹ്സ അന്തർദേശീയ വിമാനത്താവളത്തിൽ സർവസജ്ജമായ എയർ ആംബുലൻസ് സംവിധാനം ഏർപ്പെടുത്തിയത്. സൗദി റെഡ് ക്രെസന്റ് സൊസൈറ്റി ഇതാദ്യമായാണ് ഒരു വിമാനത്താവളത്തിൽ തങ്ങളുടെ ആംബുലൻസിന്റെ സ്ഥിരസാന്നിധ്യം ഏർപ്പെടുത്തുന്നത്. 80 ദിവസത്തേക്ക് ദൗത്യനിർവഹണത്തിന് സദാ സന്നദ്ധമായി ഹെലികോപ്ടർ അൽഅഹ്‌സയിൽ നിലയുറപ്പിക്കും.

ലോകകപ്പിനു മുമ്പും മത്സരവേളയിലും ഖത്തറിലേക്ക് റോഡ് മാർഗം പോവുകയും മടങ്ങിവരുകയും ചെയ്യുന്ന സ്വദേശികളടക്കമുള്ളവരുടെ സുരക്ഷയുടെ ഭാഗമായി ഏർപ്പെടുത്തിയ ക്രമീകരണങ്ങളുടെ ഭാഗമായാണ് എയർ ആംബുലൻസ് സൗകര്യമെന്ന് കിഴക്കൻ പ്രവിശ്യ ഗവർണറേറ്റ് വക്താവ് അബ്ദുൽ അസീസ് അൽസുവൈന വ്യക്തമാക്കി.

സൗദി ഖത്തർ അതിർത്തിയിൽ കൂടുതൽ വാഹനങ്ങൾ ചെക്ക്പോസ്റ്റ് കടന്നുപോകുന്നതിനും മടങ്ങിവരുന്നതിനുമുള്ള സൗകര്യങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ലോകകപ്പ് മത്സരങ്ങൾ കാണാൻ സൗദിയിൽനിന്ന് എത്തുന്നവർക്ക് എമിഗ്രേഷൻ നടപടികൾ, കസ്റ്റംസ് പരിശോധന എന്നിവ വേഗത്തിലാക്കാൻ ഖത്തർ അതിർത്തിയിലെ അബു സംറ പരിശോധനകേന്ദ്രത്തിൽ വിപുലമായ സൗകര്യങ്ങൾ ഏർപ്പെടുത്തിയതായി ഖത്തർ ലാൻഡ് കസ്റ്റംസ് ഡിപ്പാർട്മെന്റ് അസിസ്റ്റന്റ് ഡയറക്ടർ യൂസുഫ് അഹ്‌മദ്‌ അൽഹമ്മാദിയെ ഉദ്ധരിച്ച് ഖത്തറിലെ അൽറയാൻ ടി.വി റിപ്പോർട്ട് ചെയ്തു.

മണിക്കൂറിൽ നാലായിരം യാത്രക്കാർക്ക് അതിർത്തി കടന്നുപോകാനുള്ള സൗകര്യങ്ങളാണ് ഇരു രാജ്യങ്ങളും ഏർപ്പെടുത്തിയിട്ടുള്ളത്. ഗൾഫ് രാജ്യങ്ങളിൽനിന്ന് ഏറ്റവും കൂടുതൽ ഫുട്‌ബാൾപ്രേമികൾ ദോഹയിൽ എത്താൻ സാധ്യതയുള്ളത് സൗദിയിൽനിന്നാണെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.


Tags:    
News Summary - AlAhzail Air Ambulance Station

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.