അൽഖോബാർ കോർണിഷിൽ വെച്ചു പിടിപ്പിച്ച മരങ്ങളും ചെടികളും.
ദമ്മാം: കിഴക്കൻ പ്രവിശ്യയിലെ വാണിജ്യ നഗരമായ അൽഖോബാറിനെ സൗദിയിലെ ആദ്യത്തെ സ്മാർട്ട് ഗ്രീൻ സിറ്റിയാക്കുന്നതിനൊപ്പം, ആദ്യ ഡിജിറ്റലൈസേഷൻ പൂർത്തിയാക്കുന്നതിനുമുള്ള പദ്ധതികൾക്ക് മുനിസിപ്പാലിറ്റി പദ്ധതികൾ തുടങ്ങി. പുതിയ മരങ്ങൾ വെച്ചുപിടിപ്പിക്കുകയും, നിലവിലെ മരങ്ങളുടെ വിവരങ്ങൾ ഡിജിറ്റലൈസ് ചെയ്യുകയുമാണ് പദ്ധതിയുടെ ലക്ഷ്യം.
ആദ്യ ഘട്ടത്തിൽ 100,000-ത്തിലധികം മരങ്ങളുടെ വിവരങ്ങൾ ഡിജിറ്റലൈസ് ചെയ്യും. 2025 ലെ സ്മാർട്ട് സിറ്റി സൂചികയിൽ 61ാം സ്ഥാനത്തുള്ള അൽ-ഖോബാറിന്റെ നിലവിലെ സ്ഥാനം ഈ പദ്ധതി നടപ്പാക്കപ്പെടുന്നതിലുടെ കൂടുതൽ മുന്നിലെത്തുമെന്ന് അധികൃതർ പറഞ്ഞു. പരിസ്ഥിതി സംരക്ഷണത്തിലുള്ള നഗരത്തിന്റെ പ്രതിബദ്ധത, വൃക്ഷത്തൈ നടീൽ കാമ്പയിനുകളിൽ ഏർപ്പെട്ടിരിക്കുന്ന കമ്പനികൾക്ക് സാമ്പത്തിക അവസരങ്ങൾ നൽകൽ, സ്മാർട്ട് സിറ്റിയിലും പരിസ്ഥിതി സുസ്ഥിരമായ അടിസ്ഥാന സൗകര്യങ്ങളിലും നിക്ഷേപം വർധിപ്പിക്കൽ, പരിസ്ഥിതി അവബോധവും സാമൂഹിക ഉത്തരവാദിത്തവും വളർത്തൽ എന്നിവ പദ്ധതിയുടെ ഭാഗമായിരിക്കും.
അൽഖോബാർ കോർണിഷിൽ വെച്ചു പിടിപ്പിച്ച മരങ്ങളും ചെടികളും.
ഇതിന്റെ ഭാഗമായി ഓരോ മരത്തിന്റെയും സ്ഥാനം, പ്രാധാന്യം, ആവശ്യമായ പരിചരണങ്ങൾ തുടങ്ങിയ വിശദമായ വിവരങ്ങൾ അറബിയിലും ഇംഗ്ലീഷിലും രേഖപ്പെടുത്തിയ ഒരു ഇലക്ട്രോണിക് കാർഡ് ഘടിപ്പിക്കും. നഗരത്തിലുടനീളമുള്ള വൃക്ഷ വിതരണം മാപ്പിങ് ചെയ്യുന്ന ഒരു ഭൂമിശാസ്ത്ര ഡേറ്റാബേസുമായി കാർഡുകൾ ബന്ധിപ്പിക്കും. ഇതുവരെ, തെക്കൻ കോർണിഷ്, കടൽതീരം, വടക്കൻ കോർണിഷ്, പ്രധാന റോഡുകൾ എന്നിവിടങ്ങളിലായി 10,000 ത്തിലധികം മരങ്ങൾ നട്ടുപിടിപ്പിച്ചിട്ടുണ്ട്. അൽഖോബാറിലുടനീളമുള്ള എല്ലാ മരങ്ങളെയും പദ്ധതിയുമായി ബന്ധിപ്പിക്കും.
പരിസ്ഥിതി നവീകരണത്തിനുള്ള ഒരു ആഗോള മാതൃകയായി ഈ പദ്ധതി നഗരത്തെ മാറ്റുമെന്നാണ് പ്രതീക്ഷിക്കുന്നത്.സൗദി അറേബ്യയുടെ കിഴക്കൻ പ്രവിശ്യയിൽ, അറേബ്യൻ ഗൾഫിന്റെ തീരത്ത് സ്ഥിതി ചെയ്യുന്ന ഒരു പ്രധാന നഗരമായ അൽ ഖോബാർ ദമ്മാം, ദഹ്റാൻ എന്നിവക്കൊപ്പം ഒരു പ്രധാന നഗര വ്യാവസായിക കേന്ദ്രം കൂടിയാണ്. അൽഖോബാർ ഒരുകാലത്ത് ഒരു ചെറിയ തുറമുഖ പട്ടണമായിരുന്നു, പക്ഷേ, എണ്ണ കണ്ടെത്തിയതിനുശേഷം ഒരു വാണിജ്യ, വ്യാവസായിക കേന്ദ്രമായി രൂപാന്തരപ്പെടുകയായിരുന്നു. ആധുനിക അടിസ്ഥാന സൗകര്യങ്ങൾ, ഊർജസ്വലമായ സമ്പദ്വ്യവസ്ഥ എന്നിവ അൽ ഖോബാറിന്റെ കാര്യശേഷിയെ വ്യക്തമാക്കുന്നു. കഫേകളും പാർക്കുകളുമുള്ള ഒരു കടൽതീര പ്രദേശമായ അൽ ഖോബാറിലെ കോർണിഷ് സൗദിയിലെ തന്നെ ഏറ്റവും മനോഹരമായ ഇടങ്ങളിലൊന്നാണ്.
വിഷൻ 2030 യുടെ ഭാഗമായുള്ള കാർബൻ രഹിത പരിസ്ഥിതി രൂപവത്കരണ പദ്ധതിയിൽ പ്രധാന പങ്കാണ് അൽ ഖോബാറിൽ നടപ്പാക്കിയിരിക്കുന്ന പുതിയ പദ്ധതി. നഗരത്തെ ജീവിത നിലവാരങ്ങളിൽ കൂടുതൽ മുന്നിലെത്തിക്കുന്നതിനുള്ള കൂടുതൽ ശ്രമങ്ങൾ നടന്നുവരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.