അൽഅറബിയ ചാനലിന്റെ റിയാദിലെ ആസ്ഥാനം
റിയാദ്: മിഡിലീസ്റ്റിലെ പ്രമുഖ ചാനൽ ‘അൽഅറബിയ’ തങ്ങളുടെ എല്ലാ പ്രവർത്തനങ്ങളും റിയാദിലേക്ക് മാറ്റി. വാർത്ത ബുള്ളറ്റിനുകളും പരിപാടികളും ഇതര വിഭാഗങ്ങളും ഡിജിറ്റൽ പ്ലാറ്റ്ഫോം, വെബ്സൈറ്റ് പ്രവർത്തനങ്ങളുമെല്ലാം ഇനി റിയാദ് കേന്ദ്രീകരിച്ചാണ് നടക്കുക. ഇതോടെ ആഗോള രാഷ്ട്രീയ, സാമ്പത്തിക രംഗത്തിന്റെ ഹൃദയഭാഗമായ റിയാദിലേക്ക് വിവിധ ചാനലുകളുള്ള അൽഅറബിയ നെറ്റ്വർക്കിന്റെ സ്ഥലംമാറ്റം പൂർത്തിയായി.
2021 അവസാനത്തോടെയാണ് അൽ അറബിയ ആസ്ഥാനം മാറ്റ പ്രക്രിയ ആരംഭിച്ചത്. 2023 നവംബറിൽ അൽ ‘ഹദസ്’ ചാനലിന്റെ പൂർണമായ മാറ്റം നടന്നു. റിയാദിലെ നല്ല അടിസ്ഥാന സൗകര്യങ്ങൾ ശൃംഖലയുടെ ദ്രുതഗതിയിലുള്ള വളർച്ചക്ക് സഹായിക്കുമെന്നാണ് മാനേജ്മെന്റിന്റെ പ്രതീക്ഷ. നൂതന സാങ്കേതികവിദ്യ ഉൾക്കൊള്ളുന്ന സ്ഥിരം സ്റ്റുഡിയോകൾ റിയാദിൽ നിർമിക്കുമെന്നും അധികൃതർ വ്യക്തമാക്കി.
രാഷ്ട്രീയ, സാമ്പത്തിക മേഖലകളിൽ അൽഅറബിയ നെറ്റ്വർക്ക് സ്ഥാനപ്പെടുത്തുന്നതിനുള്ള തന്ത്രപരമായ ഒരു ചുവടുവെപ്പാണ് റിയാദിലേക്കുള്ള പൂർണ മാറ്റമെന്ന് നെറ്റ്വർക്ക് ഡയറക്ടർ ജനറൽ മംദൂഹ് അൽമുഹൈനി പറഞ്ഞു.റിയാദിലെ അടിസ്ഥാന സൗകര്യങ്ങൾ നെറ്റ്വർക്കിന്റെ ദ്രുതഗതിയിലുള്ള വളർച്ചക്ക് കാരണമാകുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഈ വർഷം അവസാനത്തോടെ പൂർത്തിയാകുമെന്ന് പ്രതീക്ഷിക്കുന്ന സ്ഥിരം സ്റ്റുഡിയോകളുടെ നിർമാണം പുരോഗമിക്കുന്നു. വാർത്തകൾക്കും പരിപാടികൾക്കുമായി മേഖലയിൽ ഇതുവരെയില്ലാത്തവിധം നൂതനമായ സാങ്കേതികവിദ്യ ഈ സ്റ്റുഡിയോകളിൽ സജീകരിക്കുമെന്നും അൽമുഹൈനി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.