ജിദ്ദ: കേരളവും സൗദിയും തമ്മിലുള്ള എയർ കണക്റ്റിവിറ്റിയിൽ സുപ്രധാന കുതിച്ചുചാട്ടം അടയാളപ്പെടുത്തി കൊച്ചിയിൽ നിന്നു ജിദ്ദയിലേക്ക് നേരിട്ടുള്ള സർവീസ് ആരംഭിച്ച് ഇന്ത്യയിലെ ബജറ്റ് എയർലൈനായ ആകാശ എയർ. ജൂൺ 29 ഞായറാഴ്ചയാണ് സർവീസുകൾക്ക് തുടക്കമായത്. ശനി, തിങ്കൾ ദിവസങ്ങളിൽ ഓരോ സർവീസും ഞായറാഴ്ച രണ്ട് സർവീസുകൾ വീതവുമുണ്ടായിരിക്കും. ശനി, തിങ്കൾ ദിവസങ്ങളിൽ വൈകീട്ട് 6.10 ന് കൊച്ചിയിൽ നിന്നും പുറപ്പെടുന്ന വിമാനം രാത്രി 9.55 ന് ജിദ്ദയിലെത്തും.
തിരിച്ച് ജിദ്ദയിൽ നിന്നു പിറ്റേന്ന് രാവിലെ 7.45 ന് പുറപ്പെടുന്ന വിമാനം വൈകീട്ട് 4.45 ന് കൊച്ചിയിലെത്തും. ഞായറാഴ്ചയിലെ ആദ്യ വിമാനം പുലർച്ചെ മൂന്ന് മണിക്ക് കൊച്ചിയിൽ നിന്നും പുറപ്പെട്ട് രാവിലെ 6.45 ന് ജിദ്ദയിലിറങ്ങും. ഈ വിമാനം തിരിച്ച് തിങ്കളാഴ്ച പുലർച്ചെ 1.10 ന് ജിദ്ദയിൽ നിന്ന് പുറപ്പെട്ട് രാവിലെ 10.10 ന് കൊച്ചിയിലിറങ്ങും.
രണ്ടാം വിമാനം രാത്രി 8.25 ന് കൊച്ചിയിൽ നിന്നു പുറപ്പെട്ട് രാത്രി 12.10 ന് ജിദ്ദയിലിറങ്ങും. ഇത് തിരിച്ച് തിങ്കളാഴ്ച രാത്രി 10.55 ന് പുറപ്പെട്ട് രാവിലെ 7.55 ന് കൊച്ചിയിലെത്തും. ആഗസ്റ്റ് മൂന്ന് ഞായർ മുതലാണ് രണ്ട് വീതം സർവീസുകൾ ആരംഭിക്കുക. നേരിട്ടുള്ള സർവീസുകൾക്ക് പുറമെ എല്ലാ ദിവസവും മുംബൈ കണക്റ്റ് ചെയ്തും കൊച്ചി-ജിദ്ദ-കൊച്ചി സർവീസുകൾ ലഭ്യമാണ്. ദീർഘദൂര, ഹ്രസ്വദൂര റൂട്ടുകൾക്ക് അനുയോജ്യമായ ആധുനികവും ഇന്ധനക്ഷമതയുള്ളതുമായ 186 ഇക്കോണമി സീറ്റുകൾ വീതമുള്ള ബോയിംഗ് 737 മാക്സ് എട്ട് വിമാനങ്ങളാണ് സർവീസുകൾക്കായി ഉപയോഗിക്കുന്നത്.
2024 മാർച്ചിൽ മുംബൈയിൽ നിന്ന് ദോഹയിലേക്കുള്ള നേരിട്ടുള്ള വിമാന സർവീസുകൾ ആരംഭിച്ചാണ് ആകാശ എയർ തങ്ങളുടെ മിഡിൽ ഈസ്റ്റിലേക്കുള്ള പ്രാരംഭ ചുവടുവെയ്പ്പ് ആരംഭിച്ചത്. ശേഷം അബുദാബിയിലേക്കും സർവീസുകൾ ആരംഭിച്ചു. റിയാദ്, കുവൈത്ത് എന്നിവിടങ്ങളിലേക്കും ഉടൻ സർവീസുകൾ ആരംഭിക്കാനുള്ള ശ്രമത്തിലാണ് കമ്പനി. കൊച്ചിയിൽ നിന്നും ജിദ്ദയിലേക്കുള്ള പുതിയ സർവീസുകൾ പ്രവാസികൾക്കെന്ന പോലെ ഉംറ തീർത്ഥാടകർക്കും കേരളം സന്ദർശിക്കുന്ന സൗദി പൗരന്മാരന്മാർക്കും ഏറെ പ്രയോജനപ്പെടുന്നതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.