എയർക്രാഫ്റ്റ് മെയിൻറനൻസ് എൻജിനീയറിങ്; 1,354 യുവാക്കൾക്ക് ബിരുദം
റിയാദ്: വ്യോമയാന രംഗത്ത് പരിശീലനം നേടുന്നവരിലെ സ്വദേശിവത്കരണം 70 ശതമാനമായി ഉയർന്നെന്ന് എക്സലൻസ് കോളജ്സ് കമ്പനി സി.ഇ.ഒ എൻജിനീയർ അയ്മൻ ബിൻ മുസ്തഫ അൽഅബ്ദുല്ല പറഞ്ഞു. വിദ്യാഭ്യാസ മന്ത്രി യൂസുഫ് ബിൻ അബ്ദുല്ല അൽബുനിയാന്റെയും വ്യോമയാന-വിദ്യാഭ്യാസ മേഖലയിലെ പ്രമുഖരുടെയും സാന്നിധ്യത്തിൽ എയർക്രാഫ്റ്റ് മെയിൻറനൻസ് എൻജിനീയറിങ്ങിൽ 1,354 യുവാക്കൾക്ക് ബിരുദം നൽകുന്നതിനായി ഇൻറർനാഷനൽ ടെക്നിക്കൽ കോളജ് ഓഫ് ഏവിയേഷൻ സയൻസസ് സംഘടിപ്പിച്ച ചടങ്ങിലാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്.
ഇത് വ്യോമയാന മേഖലയിൽ ദേശീയ ശേഷി വർധിപ്പിക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമാണ്. വിവിധ സർക്കാർ ഏജൻസികൾ, സൈനിക വിഭാഗങ്ങൾ, സിവിലിയൻ അഫയേഴ്സ്, സ്വകാര്യ മേഖല എന്നിവയിൽനിന്ന് കോളജിന് മികച്ച പിന്തുണ ലഭിക്കുന്നു. ഇത് പരിശീലനത്തിന്റെ നിലവാരം ഉയർത്തുന്നതിനും ബിരുദധാരികൾക്ക് മികച്ച തൊഴിലവസരങ്ങൾ നൽകുന്നതിനും സഹായിക്കുന്നു. സൈനിക, സിവിലിയൻ മേഖലകളിൽനിന്നുള്ള 35ലധികം ഗുണഭോക്തൃ സ്ഥാപനങ്ങൾ ബിരുദധാരികളെ സ്പോൺസർ ചെയ്യുന്നതിലും ജോലിക്കെടുക്കുന്നതിലും സഹകരിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഇൻറർനാഷനൽ ടെക്നിക്കൽ കോളജ് ഫോർ ഏവിയേഷൻ സയൻസസ് 2014ലാണ് റിയാദിൽ സ്ഥാപിതമായത്. കോളജിന്റെ തുടക്കം മുതൽ ഇതുവരെ ബിരുദം നേടിയവരുടെ എണ്ണം 7,400 ലധികം എത്തിയിട്ടുണ്ട്. ബിരുദം നേടി വർഷത്തിനുള്ളിൽ 90 ശതമാനം പേർക്ക് തൊഴിൽ ലഭിച്ചിട്ടുണ്ട്. 290 ട്രെയിനികളെ പരിശീലിപ്പിച്ചാണ് കോളജ് യാത്ര ആരംഭിച്ചത്. ഏഴ് പ്രധാന സ്പെഷലൈസേഷനുകളിലായി ട്രെയിനികളുടെ എണ്ണം ഇപ്പോൾ 4,500ൽ എത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.