സൗദി പ്രതിരോധ മന്ത്രി അമീർ ഖാലിദ് ബിൻ സൽമാൻ ഇസ്താംബുൾ യോഗത്തിൽ
സംയുക്ത പ്രതിരോധ ശേഷിയും സേനാ ഐക്യവും ശക്തിപ്പെടുത്താൻ സൗദി, പാകിസ്താൻ, തുർക്കിയ ധാരണ
റിയാദ്: സംയുക്ത പ്രതിരോധ ശേഷിയും സായുധ സേനകൾ തമ്മിലുള്ള സഹകരണവും കൂടുതൽ ശക്തിപ്പെടുത്താൻ സൗദി അറേബ്യയും പാകിസ്താനും തുർക്കിയയും തീരുമാനിച്ചു. മക്ക സംയുക്ത പ്രതിരോധ കരാറിന് കീഴിലുള്ള രാഷ്ട്രീയ-പ്രതിരോധ സമിതിയുടെ ഇസ്തംബൂൾ യോഗത്തിലാണ് പ്രമുഖ മുസ്ലിം രാഷ്ട്രങ്ങൾ നിർണായക തീരുമാനമെടുത്തത്.
കരാർ ഒപ്പിട്ടതിനു ശേഷമുള്ള സമിതിയുടെ ആദ്യ യോഗത്തിനു ശേഷമാണ് മൂന്ന് രാജ്യങ്ങളും ചേർന്ന് സംയുക്ത പ്രസ്താവന പുറത്തിറക്കിയത്. പ്രതിരോധ വ്യവസായ മേഖലയിലെ ശക്തമായ സഹകരണം, സംയുക്ത ഉൽപ്പാദനം, സാങ്കേതികവിദ്യ കൈമാറ്റം എന്നിവയിലൂടെ മൂന്ന് രാജ്യങ്ങളുടെയും സൈനിക ശേഷി വർധിപ്പിക്കാൻ യോഗത്തിൽ ധാരണയായി. മേഖലയിൽ ശാശ്വത സമാധാനവും സ്ഥിരത്വവും കൈവരിക്കുന്നതിന് മക്ക കരാറിെൻറ ചട്ടക്കൂടിനുള്ളിൽ നിന്ന് ഒറ്റക്കെട്ടായി പ്രവർത്തിക്കുമെന്ന് രാജ്യങ്ങൾ വ്യക്തമാക്കി.
പ്രാദേശിക ഉത്തരവാദിത്തങ്ങൾ നിറവേറ്റുന്നതിെൻറ ഭാഗമായി സംഘർഷങ്ങൾ ലഘൂകരിക്കുന്നതിനും സമാധാനപരമായ ചർച്ചകളിലൂടെ പ്രശ്ന പരിഹാരം കണ്ടെത്തുന്നതിനുമുള്ള ശ്രമങ്ങൾക്ക് പ്രതിജ്ഞാബദ്ധമായിരിക്കുമെന്നും പ്രസ്താവനയിലുണ്ട്.
കരാർ കൂടുതൽ കാര്യക്ഷമമായും ഘടനാപരമായും നടപ്പാക്കുന്നതിനായി സൗദി അറേബ്യ ആസ്ഥാനമായി ഒരു ജനറൽ സെക്രട്ടേറിയറ്റ് രൂപവത്കരിക്കും. തുടക്കത്തിൽ മൂന്ന് വർഷത്തേക്ക് പാകിസ്താനിൽ നിന്നുള്ള പ്രതിനിധിയായിരിക്കും സെക്രട്ടറി ജനറൽ പദവി വഹിക്കുക. പ്രവർത്തനങ്ങൾ സ്ഥാപനവൽക്കരിക്കുന്നതിലൂടെ സേനകൾ തമ്മിലുള്ള ഐക്യവും കൂട്ടായ പ്രതിരോധ ശേഷിയും വർധിക്കുമെന്നും പ്രാദേശിക സുരക്ഷയ്ക്കും സ്ഥിരതയ്ക്കും ഇത് നിർണായക സംഭാവന നൽകുമെന്നും സമിതി വിലയിരുത്തി.
അതേസമയം, രാജ്യങ്ങൾ തമ്മിലുള്ള രാഷ്ട്രീയ-പ്രതിരോധ സംയോജനം ഉറപ്പാക്കാൻ മക്ക സംയുക്ത പ്രതിരോധ കരാറിലെ വ്യവസ്ഥകൾ സജീവമായി നടപ്പാക്കുമെന്ന് സൗദി പ്രതിരോധ മന്ത്രി അമീർ ഖാലിദ് ബിൻ സൽമാൻ വ്യക്തമാക്കി. ഇസ്തംബൂളിലെ യോഗത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മൂന്ന് രാജ്യങ്ങളുടെയും ഭാവിയും സുരക്ഷയും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നുവെന്നും ഉയർന്നുവരുന്ന ഭീഷണികളെ നേരിടാൻ കൂട്ടായ സൈനിക സന്നദ്ധത ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. യോഗത്തിൽ സൗദി പ്രതിനിധി സംഘത്തെ നയിക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് പിന്നീട് അദ്ദേഹം എക്സിൽ കുറിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.