വനിതാ എയർക്രാഫ്റ്റ് മെയിൻറനൻസ് എൻജിനീയർമാർ പരിശീലനത്തിൽ
ചരിത്രം കുറിച്ച് റിയാദ് എയർ: ആദ്യ വനിതാ എയർക്രാഫ്റ്റ് മെയിൻറനൻസ് എൻജിനീയറിങ് ബാച്ച് പുറത്തിറങ്ങി
റിയാദ്: സൗദി അറേബ്യയുടെ പുതിയ ദേശീയ വിമാനക്കമ്പനിയായ റിയാദ് എയറിെൻറ ആദ്യ വനിതാ എയർക്രാഫ്റ്റ് മെയിൻറനൻസ് എൻജിനീയറിങ് ബാച്ച് പരിശീലനം പൂർത്തിയാക്കി പുറത്തിറങ്ങി. കമ്പനി ആസ്ഥാനത്ത് സംഘടിപ്പിച്ച വർണാഭമായ ചടങ്ങിൽ 26 വനിതാ എൻജിനീയർമാർ എയർക്രാഫ്റ്റ് മെയിൻറനൻസ് എൻജിനീയറിങ് ഡിപ്ലോമ സർട്ടിഫിക്കറ്റുകൾ ഏറ്റുവാങ്ങി.
ബിരുദധാരികൾക്ക് പുറമെ അവരുടെ കുടുംബാംഗങ്ങളും റിയാദ് എയറിെൻറ എക്സിക്യൂട്ടീവ് നേതൃത്വവും ചടങ്ങിൽ പങ്കെടുത്തു. വ്യോമയാന മേഖലയിലെ അതീവ പ്രാധാന്യമുള്ള സാങ്കേതിക വിഭാഗത്തിൽ സ്വദേശി പ്രതിഭകളെ പ്രാപ്തരാക്കുന്നതിനും വനിതകളെ ശാക്തീകരിക്കുന്നതിനും കമ്പനി നൽകുന്ന പ്രതിബദ്ധതയുടെ തെളിവാണ് ഈ നേട്ടം.
‘കോളജസ് ഓഫ് എക്സലൻസ്’, ‘ഗ്ലോബൽ ടെക്നിക്കൽ കോളജ്’ എന്നിവയുമായി സഹകരിച്ചാണ് റിയാദ് എയർ ഈ പ്രത്യേക പരിശീലന പ്രോഗ്രാം ആവിഷ്കരിച്ചത്. അന്താരാഷ്ട്ര നിലവാരത്തിൽ പ്രവർത്തിക്കാൻ പ്രാദേശിക പ്രതിഭകളെ സജ്ജമാക്കുന്നതിനായി സൗദി അറേബ്യയിൽ ആദ്യമായാണ് ഇത്തരമൊരു സംരംഭം നടപ്പാക്കുന്നത്.
രാജ്യത്ത് അത്യാധുനികവും സുശക്തവുമായ എയർക്രാഫ്റ്റ് മെയിൻറനൻസ് സംവിധാനം കെട്ടിപ്പടുക്കുന്നതിനും ആഗോളതലത്തിൽ സൗദി വ്യോമയാന മേഖലയുടെ മത്സരക്ഷമത വർധിപ്പിക്കുന്നതിനും ഈ പദ്ധതി വലിയ സംഭാവന നൽകും. ഏറ്റവും ഉയർന്ന ആഗോള നിലവാരമുള്ള സാങ്കേതിക പരിശീലനമാണ് പഠിതാക്കൾ പൂർത്തിയാക്കിയതെന്ന് റിയാദ് എയർ ടാലൻറ് അക്വിസിഷൻ ആൻഡ് ബിസിനസ് പാർട്ണേഴ്സ് സീനിയർ വൈസ് പ്രസിഡൻറ് നഹാർ അൽജുഹനി വ്യക്തമാക്കി.
ദേശീയ പ്രതിഭകളിൽ നിക്ഷേപം നടത്തുന്നത് റിയാദ് എയറിെൻറ വളർച്ചയിലെ നിർണായക ഘടകമാണെന്നും, ‘സൗദി വിഷൻ 2030’ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനും രാജ്യത്തെ ആഗോള വ്യോമയാന കേന്ദ്രമാക്കി മാറ്റുന്നതിനുമുള്ള കമ്പനിയുടെ പ്രധാന തൂണുകളിലൊന്നാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സ്വദേശി പ്രതിഭകളെ വികസിപ്പിക്കുന്നതിനും ആകർഷിക്കുന്നതിനുമായി റിയാദ് എയർ ആവിഷ്കരിച്ച വിവിധ മുൻനിര പദ്ധതികളുടെ ഭാഗമായാണ് ഈ ഡിപ്ലോമ പ്രോഗ്രാം നടപ്പാക്കിയത്. നവാത് ബിരുദാനന്തര പരിശീലന പ്രോഗ്രാം, കേബിൻ ക്രൂവിനായുള്ള ‘നവാത്’ പ്രോഗ്രാം, കോ-പൈലറ്റ്, എയർക്രാഫ്റ്റ് മെയിൻറനൻസ് മേഖലകളിലെ സ്കോളർഷിപ്പ് പ്രോഗ്രാമുകൾ തുടങ്ങിയവ ഇതിൽ ഉൾപ്പെടുന്നു. ഇത്തരം പദ്ധതികൾ രാജ്യത്തെ വ്യോമയാന മേഖലയുടെ സമഗ്ര വളർച്ചയ്ക്ക് വൻ കരുത്ത് പകരുമെന്ന് നഹാർ അൽജുഹനി ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.