സഹകരണവും മേഖലയിലെ സ്ഥിതിഗതികളും ചർച്ച ചെയ്​ത്​ സൗദി - ഒമാൻ ഉച്ചകോടി

ജിദ്ദ: സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ അമീർ മുഹമ്മദ് ബിൻ സൽമാനും ഒമാൻ സുൽത്താൻ ഹൈതം ബിൻ താരീഖും തമ്മിലുള്ള ഉന്നതതല ഉച്ചകോടി ജിദ്ദയിൽ നടന്നു. ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണ സാധ്യതകളും മേഖലയിലെ നിലവിലെ രാഷ്​ട്രീയ-സുരക്ഷാ സ്ഥിതിഗതികളും ഉച്ചകോടിയിൽ പ്രധാന ചർച്ചാവിഷയമായി.

ഇരു രാജ്യങ്ങളും തമ്മിലുള്ള ആഴത്തിലുള്ള സഹോദരബന്ധത്തി​െൻറ പുരോഗതി വിലയിരുത്തിയ നേതാക്കൾ ഊർജം, വ്യവസായം, ധാതുവിഭവം, വാണിജ്യം, നിക്ഷേപം, ഗതാഗതം, ലോജിസ്റ്റിക്സ്, ടൂറിസം തുടങ്ങിയ മേഖലകളിൽ ഉഭയകക്ഷി സഹകരണം കൂടുതൽ ശക്തിപ്പെടുത്താനും പുതിയ പങ്കാളിത്തങ്ങൾക്ക് വഴിതുറക്കാനും ധാരണയിലെത്തി. മേഖലയിൽ സമാധാനവും സ്ഥിരതയും നിലനിർത്തുന്നതിനുള്ള സംയുക്ത നീക്കങ്ങളും യോഗത്തിൽ ചർച്ച ചെയ്തു.

 

ചർച്ചകളിൽ സൗദി അറേബ്യയെ പ്രതിനിധീകരിച്ച് ഊർജ മന്ത്രി അമീർ അബ്​ദുൽ അസീസ് ബിൻ സൽമാൻ, മക്ക ഡെപ്യൂട്ടി ഗവർണർ അമീർ സഊദ്​ ബിൻ മിഷ്അൽ, വിദേശകാര്യ മന്ത്രി അമീർ ഫൈസൽ ബിൻ ഫർഹാൻ, വാണിജ്യ മന്ത്രി ഡോ. മാജിദ് അൽ ഖസബി, ടൂറിസം മന്ത്രി അഹമ്മദ് അൽ ഖതീബ്, ഗതാഗത-ലോജിസ്​റ്റിക്സ് മന്ത്രി സാലിഹ് അൽ ജാസിർ, നിക്ഷേപ മന്ത്രി ഫഹദ് അൽ സെയ്ഫ്, ജനറൽ ഇൻറലിജൻസ് മേധാവി ഖാലിദ് അൽ ഹുമൈദാൻ, ഒമാനിലെ സൗദി അംബാസഡർ ഇബ്രാഹിം ബിൻ സാദ് ബിൻ ബിഷാൻ എന്നിവർ പങ്കെടുത്തു.

ഒമാൻ പ്രതിനിധി സംഘത്തിൽ പ്രതിരോധ കാര്യ ഉപപ്രധാനമന്ത്രി സയ്യിദ് ശിഹാബ് ബിൻ താരീഖ് അൽ സൈദ്, ദിവാൻ ഓഫ് റോയൽ കോർട്ട് മന്ത്രി സയ്യിദ് ഖാലിദ് ബിൻ ഹിലാൽ അൽ ബുസൈദി, റോയൽ ഓഫീസ് മന്ത്രി ജനറൽ സുൽത്താൻ ബിൻ മുഹമ്മദ് അൽ നുഅമാനി, ആഭ്യന്തര മന്ത്രി സയ്യിദ് ഹമൂദ് ബിൻ ഫൈസൽ അൽ ബുസൈദി, വിദേശകാര്യ മന്ത്രി സയ്യിദ് ബദർ ബിൻ ഹമദ് അൽ ബുസൈദി, പ്രൈവറ്റ് ഓഫീസ് മേധാവി ഡോ. ഹമദ് ബിൻ സഈദ് അൽ ഔഫി, ഒമാൻ ഇൻവെസ്​റ്റ്​മെൻറ്​ അതോറിറ്റി പ്രസിഡൻറ്​ അബ്​ദുസ്സലാം ബിൻ മുഹമ്മദ് അൽ മുർഷിദി, ഗതാഗത-വാർത്താവിനിമയ-വിവരസാങ്കേതിക മന്ത്രി സഈദ് ബിൻ ഹമൂദ് അൽ മഅവാലി, ഊർജ-ധാതു വിഭവ മന്ത്രി സാലിം ബിൻ നാസർ അൽ ഔഫി, സൗദിയിലെ ഒമാൻ അംബാസഡർ നജീബ് ബിൻ ഹിലാൽ അൽ ബുസൈദി എന്നിവരും പങ്കെടുത്തു.

ഉച്ചകോടിക്ക്​ ശേഷം ഔദ്യോഗിക സന്ദർശനം പൂർത്തിയാക്കി ഒമാൻ സുൽത്താനും സംഘവും മടങ്ങി. ചൊവ്വാഴ്ച രാവിലെ ജിദ്ദയിലെ കിങ് അബ്​ദുൽഅസീസ് അന്താരാഷ്​ട്ര വിമാനത്താവളത്തിൽ സൗദി കിരീടാവകാശിയുടെ നേതൃത്വത്തിലാണ് സുൽത്താനെ സ്വീകരിച്ചത്. ചർച്ചകൾക്ക് ശേഷം മടങ്ങിയ സുൽത്താന് വിമാനത്താവളത്തിൽ സൗദി കിരീടാവകാശി നേരിട്ടെത്തി യാത്രയയപ്പ് നൽകി. ഫോ​ട്ടോ: ജിദ്ദയിൽ സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ അമീർ മുഹമ്മദ് ബിൻ സൽമാനും ഒമാൻ സുൽത്താൻ ഹൈതം ബിൻ താരീഖും കൂടിക്കാഴ്​ച നടത്തുന്നു

Tags:    
News Summary - Saudi-Oman summit

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.