ആക്രമണത്തിൽ പരിക്കേറ്റ കായംകുളം സ്വദേശി ഷെമീർ
റിയാദിൽ യാത്രക്കാരായെത്തിയ കവർച്ചാ സംഘത്തിന്റെ ആക്രമണം: മലയാളി ഡ്രൈവർക്ക് ഗുരുതര പരിക്ക്
റിയാദ്: ബത്‌ഹയിൽനിന്ന് യാത്രക്കാരെന്ന വ്യാജേന വാഹനം വിളിച്ചു കൊണ്ടുപോയി മലയാളി ഡ്രൈവറെ ആക്രമിച്ച് പണവും വാഹനവും കവർന്നു. കായംകുളം സ്വദേശി ഷെമീറിനാണ് (53) കവർച്ച സംഘത്തിന്റെ ക്രൂരമായ മർദ്ദനമേറ്റത്. ശരീരമാസകലം ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹം ആശുപത്രിയിൽ ചികിത്സയിലാണ്.
യാത്രക്കാരെന്ന വ്യാജേന കാറിൽ കയറിയ നാല് ബംഗ്ലാദേശ് പൗരന്മാർ ഷെമീറിനെ എക്സിറ്റ് 18-ന് സമീപമുള്ള വിജനമായ പ്രദേശത്തേക്ക് കൊണ്ടുപോയി മാരകമായി മർദ്ദിച്ച് അവശനാക്കുകയായിരുന്നു. തുടർന്ന് പണവും വാഹനവും കവർന്ന് ഇയാളെ റോഡരികിൽ ഉപേക്ഷിച്ച് സംഘം കടന്നുകളഞ്ഞു.
റോഡരികിൽ ഗുരുതരാവസ്ഥയിൽ കണ്ടെത്തിയ ഷെമീറിനെ പൊലീസെത്തിയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മർദ്ദനത്തിൽ ഇയാളുടെ തലക്കും താടിയെല്ലിനും കാലിനും ഉൾപ്പെടെ ശരീരത്തിെൻറ വിവിധ ഭാഗങ്ങളിൽ ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. കവർച്ച ചെയ്യപ്പെട്ട വാഹനം പിന്നീട് ബത്‌ഹയിൽനിന്ന് കണ്ടെത്തിയെങ്കിലും നാല് ടയറുകളും ബാറ്ററിയും അഴിച്ചെടുത്ത നിലയിലായിരുന്നു.
ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഷെമീറിനെ ഇന്ത്യൻ കൾച്ചറൽ ഫൗണ്ടേഷൻ (ഐ.സി.എഫ്) റിയാദ് റീജ്യൻ വെൽഫെയർ വിഭാഗം ഭാരവാഹികളായ നിസാർ അഞ്ചൽ, മുബഷിർ സഖാഫി, ഹനീഫ മാസ്റ്റർ, സാബു സിദ്ദീഖ് എന്നിവർ സന്ദർശിക്കുകയും ആവശ്യമായ സഹായങ്ങൾ ഉറപ്പുനൽകുകയും ചെയ്തു.
സ്‌പോൺസറുമായി ബന്ധപ്പെട്ട നടപടികൾ പൂർത്തിയാക്കിയ ശേഷം ഷെമീറിനെ തുടർചികിത്സക്കായി നാട്ടിലേക്ക് അയക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്. ഷെമീറിനുള്ള വിമാന ടിക്കറ്റ് ഐ.സി.എഫ് റിയാദ് റീജ്യൻ നൽകുമെന്ന് ഭാരവാഹികൾ അറിയിച്ചു. സംഭവത്തിൽ സൌദി പൊലീസിെൻറ അന്വേഷണം നടത്തിവരികയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.