റോഡ് ഗതാഗത നിയമലംഘനങ്ങളും പരാതികളും പരിശോധിക്കാൻ അഞ്ച്​ സമിതികൾ

റിയാദ്​: റോഡ് ഗതാഗത നിയമവും അതി​െൻറ നിർവഹണ ചടങ്ങളുമായി ബന്ധപ്പെട്ട ലംഘനങ്ങളും പരാതികളും പരിശോധിക്കാൻ പ്രത്യേക ഉപസമിതികൾ രൂപവത്​കരിച്ചു. ട്രാൻസ്പോർട്ട് ജനറൽ അതോറിറ്റി ചെയർമാൻ എൻജി. ഫവാസ് അൽ സഹ്‌ലി ഇത്​ സംബന്ധിച്ച ഉത്തരവിറക്കി. നിശ്ചിത ചുമതലകൾ വീതിച്ച് അഞ്ച്​ പ്രത്യേക സമിതികളാണ് രൂപവത്​കരിച്ചിരിക്കുന്നത്.

നിയമാനുസൃതമായ നടപടിക്രമങ്ങൾക്ക് വിധേയമായി പരാതികളും അപ്പീലുകളും സമർപ്പിക്കാൻ ബന്ധപ്പെട്ട കക്ഷികൾക്ക് വ്യക്തമായ മാർഗം ഒരുക്കുന്നതിലൂടെ എല്ലാവരുടെയും അവകാശങ്ങൾ സംരക്ഷിക്കാൻ ഈ തീരുമാനം വഴിമരുന്നിടും. നിർദ്ദിഷ്​ട അധികാരപരിധിക്ക് ഉള്ളിൽ നിന്നും അംഗീകൃത ചട്ടങ്ങൾ പാലിച്ചും മാത്രമേ ലംഘനങ്ങൾക്കെതിരെ ശിക്ഷാനടപടികൾ സ്വീകരിക്കൂ എന്ന് അതോറിറ്റി ഉറപ്പുനൽകുന്നു.

അഞ്ചു സമിതികളും അവയുടെ ചുമതലകളും:

1. നിയമലംഘന അപ്പീൽ സമിതി:

റോഡ് ഗതാഗത നിയമ വ്യവസ്ഥകൾ ലംഘിച്ചതുമായി ബന്ധപ്പെട്ട് സമർപ്പിക്കുന്ന പരാതികളും അപ്പീലുകളും പരിശോധിക്കൽ.

2. ടാക്സി, ആപ്പ് സേവന പരിശോധനാ സമിതി:

ടാക്സി ട്രാൻസ്പോർട്ട്, ടാക്സി പാസഞ്ചർ ബ്രോക്കറേജ്, ഡിജിറ്റൽ ആപ്ലിക്കേഷനുകൾ വഴിയുള്ള ഗതാഗത സേവനങ്ങൾ എന്നിവയിലെ നിയമാവലി ലംഘനങ്ങൾ പരിശോധിക്കൽ.

3. വിദേശ ട്രക്ക് നിരീക്ഷണ സമിതി:

അതിർത്തി കടന്നെത്തുന്ന വിദേശ ട്രക്കുകൾ നടത്തുന്ന നിയമലംഘനങ്ങൾ പരിശോധിക്കൽ.

4. ലൈറ്റ് ചരക്ക്, ഡെലിവറി സേവന സമിതി:

ലഘു ചരക്ക് ഗതാഗതം, ഡോർസ്റ്റെപ്പ് ഡെലിവറി സർവീസുകൾ എന്നിവയിൽ സംഭവിക്കുന്ന ലംഘനങ്ങൾ പരിശോധിക്കൽ.

5. ഇതര ഗതാഗത സേവന സമിതി:

മുകളിൽ പരാമർശിച്ചിട്ടില്ലാത്ത മറ്റ് ഗതാഗത അനുബന്ധ പ്രവർത്തനങ്ങളിലെ ലംഘനങ്ങൾ പരിശോധിക്കൽ.

ഓരോ സമിതിയും തങ്ങളുടെ പരിധിയിൽ വരുന്ന നിയമലംഘനങ്ങൾ പരിശോധിച്ച്, റോഡ് ഗതാഗത നിയമത്തിൽ വ്യക്തമാക്കിയിട്ടുള്ള ശിക്ഷാനടപടികൾ ചുമത്തും. അതേസമയം, വിവിധ ശിക്ഷാനടപടികൾക്കെതിരെ സമർപ്പിക്കുന്ന പരാതികളും അപ്പീലുകളും ആദ്യ സമിതിയായ ‘പരാതി പരിഹാര സമിതി’യുടെ നേതൃത്വത്തിലായിരിക്കും പരിശോധിക്കുക.

റോഡ് ഗതാഗത നിയമലംഘനങ്ങളും പരാതികളും പരിശോധിക്കുന്നതിനുള്ള ഔദ്യോഗിക പ്രവർത്തന ചട്ടങ്ങൾക്ക് വിധേയമായി പ്രവർത്തിക്കുന്ന ഈ സമിതികൾക്ക്, ഉത്തരവ് പുറപ്പെടുവിച്ച തീയതി മുതൽ മൂന്ന്​ വർഷത്തെ കാലാവധിയുണ്ടായിരിക്കും.

നിയമലംഘനങ്ങളും പരാതികളും കൈകാര്യം ചെയ്യുന്ന പ്രക്രിയകൾ പൂർണ്ണമായും ക്രമീകരിക്കുക, ഓരോ തരം ലംഘനങ്ങളും പഠിക്കാൻ പ്രത്യേക വിദഗ്ധ സമിതികളെ ചുമതലപ്പെടുത്തുക, അംഗീകൃത നിയമാവലികൾക്ക് അനുസൃതമായി നടപടികൾ ഉറപ്പാക്കുക എന്നിവയാണ് ഈ ഉത്തരവിൻ്റെ നിയമപരമായ ലക്ഷ്യങ്ങൾ. പുറപ്പെടുവിക്കുന്ന ഉത്തരവുകളുടെ സുതാര്യതയും, നിയമപരമായ ചട്ടക്കൂടിനുള്ളിൽ നിന്നുകൊണ്ട് അവ പുനഃപരിശോധിക്കാനുള്ള അവസരവും ഇത് ഉറപ്പുനൽകുന്നു.

Tags:    
News Summary - Five Committees Formed to Review Traffic Violations and Complaints

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.