എയർ ഇന്ത്യ സമരം; സർക്കാർ ഇടപെടണം -പ്രവാസി വെൽഫെയർ

ജിദ്ദ: എയർ ഇന്ത്യ ജീവനക്കാരുടെ സമരം മൂലം സർവീസുകൾ മുടങ്ങാനുണ്ടായ സാഹചര്യം ദൗർഭാഗ്യകരമാണെന്നും പരിഹാരത്തിനായി സർക്കാർ സംവിധാനങ്ങൾ അടിയന്തിരമായി ഇടപെടണമെന്നും പ്രവാസി വെൽഫെയർ സൗദി നാഷണൽ കമ്മിറ്റി ആവശ്യപ്പെട്ടു. മുടങ്ങിയ സർവിസുകൾ കാരണം കൂടുതൽ പ്രതിസന്ധിയിലായത് ഗൾഫ് മേഖലയിലെ പ്രവാസികളാണ്. സർവീസുകൾ മുടങ്ങിയത് കാരണം ലീവ് കഴിഞ്ഞു മടങ്ങി എത്താൻ സാധിക്കാതെ ജോലി നഷ്ടപ്പെടുന്നവർ മുതൽ ഗുരുതരാവസ്ഥയിലുള്ള ഉറ്റവരെ കാണാൻ പറ്റാതെ പ്രയാസം അനുഭവിക്കുന്നവർ വരെയുണ്ട് പ്രവാസികളിൽ.

യാത്ര മുടങ്ങിയതിനാൽ പ്രയാസമനുഭവിക്കുന്ന പ്രവാസികൾക്ക് സാധ്യമായ നഷ്ടപരിഹാരം നല്കാൻ കേന്ദ്ര സർക്കാരും എയർ ഇന്ത്യ മാനേജ്‍മെന്റും തയ്യാറാകണം. അവശ്യ സേവന രംഗത്തുള്ള ജീവനക്കാരുടെ മുന്നറിയിപ്പില്ലാതെ സമരം ചെയ്യുന്ന രീതി നീതീകരിക്കാൻ ആകില്ല. ജീവനക്കാരുടെ ന്യായമായ ആവശ്യങ്ങൾ അനുഭാവ പൂർവം പരിഗണിക്കാൻ മാനേജ്മെൻറ് തയ്യാറാകണം. യാത്രക്കാരെ പിഴിയും വിധം യാത്രാനിരക്ക് ഈടാക്കിയിട്ടും ജീവനക്കാരുടെ ആവശ്യങ്ങൾ പരിഗണിക്കാൻ സാധിച്ചില്ല എന്നത് അത്ഭുതമാണ്. ആവശ്യങ്ങൾ അനുഭാവ പൂർവം പരിഗണിച്ച് എത്രയും വേഗം പ്രശ്നങ്ങൾ പരിഹരിക്കാൻ സർക്കാർ സംവിധാനങ്ങൾ ഉൾപ്പെടെ ഇടപെടണം. കടുത്ത നടപടികളിലേക്ക് ജീവനക്കാരെ തള്ളിവിടും വിധമുള്ള സമീപനങ്ങളിൽ നിന്ന് മാറി ജീവനക്കാരുടെ ന്യായമായ ആവശ്യങ്ങൾ പരിഗണിക്കാൻ മാനേജ്മെൻറ് തയ്യാറാകണം. ജീവനക്കാരുടെ അവകാശ നിഷേധങ്ങൾ, യാത്രക്കാരെ ദുരിതത്തിലാക്കുന്ന മിന്നൽ സമരങ്ങൾ, ഉയർന്ന യാത്രാനിരക്ക് തുടങ്ങി ഈ രംഗത്ത് നിലനിൽക്കുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ നിയമ നടപടികൾ ഉൾപ്പെടെയുള്ള നടപടികൾ കൈക്കൊള്ളാൻ വിദേശകാര്യ - വ്യോമയാന മന്ത്രാലയങ്ങളുടെ യോജിച്ചതും സമയോചിതവുമായ ഇടപെടൽ ഉണ്ടാകണമെന്ന് ഭാരവാഹികൾ ആവശ്യപ്പെട്ടു.

പ്രവാസി വെൽഫെയർ സൗദി നാഷണൽ കമ്മിറ്റി പ്രസിഡന്റ് സാജു ജോർജ്, ജനറൽ സെക്രട്ടറി റഹീം ഒതുക്കുങ്ങൽ, ട്രഷറർ സമീഉല്ല, ഖലീൽ പാലോട്, ഷബീർ ചാത്തമംഗലം, ഉമറുൽ ഫാറൂഖ് പാലോട് തുടങ്ങിയവർ സംസാരിച്ചു.

Tags:    
News Summary - Air India strike; Govt should intervene - expatriate welfare

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.