റിയാദ്: രാജ്യത്തെ റിക്രൂട്ട്മെൻറ് നിയമങ്ങളും തൊഴിൽ സേവന വ്യവസ്ഥകളും ലംഘിച്ച 17 റിക്രൂട്ട്മെൻറ് ഓഫിസുകൾ മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം അടച്ചുപൂട്ടി. 2025ന്റെ നാലാം പാദത്തിൽ മന്ത്രാലയം നടത്തിയ കർശനമായ പരിശോധനകൾക്കൊടുവിലാണ് നടപടി. നിയമലംഘനങ്ങൾ കണ്ടെത്തിയതിനെത്തുടർന്ന് നിർദിഷ്ട സമയപരിധിക്കുള്ളിൽ അവ തിരുത്താൻ തയാറാകാത്ത 11 ഓഫിസുകളുടെ ലൈസൻസ് റദ്ദാക്കി.
മറ്റ് ആറ് ഓഫിസുകളുടെ പ്രവർത്തനം താൽക്കാലികമായി നിർത്തിവെക്കാനും മന്ത്രാലയം ഉത്തരവിട്ടു. പരിശോധനയിൽ പ്രധാനമായും നാല് നിയമലംഘനങ്ങളാണ് കണ്ടെത്തിയത്. നിശ്ചിത മാനദണ്ഡങ്ങൾ പാലിക്കാതെ വിദേശ തൊഴിലാളികളെ റിക്രൂട്ട് ചെയ്യുക, സേവനം ലഭിക്കാത്ത ഗുണഭോക്താക്കൾക്ക് പണം തിരികെ നൽകുന്നതിൽ വരുത്തിയ കാലതാമസം, ഉപഭോക്താക്കളുടെയും തൊഴിലാളികളുടെയും പരാതികൾ പരിഹരിക്കുന്നതിൽ കാണിച്ച വിമുഖത, തൊഴിൽ സേവനങ്ങൾ നൽകുന്നതിൽ മന്ത്രാലയത്തിെൻറ മാർഗനിർദേശങ്ങൾ ലംഘിക്കൽ എന്നിവയാണ് അവ. തൊഴിൽ വിപണിയിലെ സുതാര്യത ഉറപ്പാക്കാനും സേവനങ്ങളുടെ ഗുണനിലവാരം വർധിപ്പിക്കാനുമുള്ള മന്ത്രാലയത്തിെൻറ നിരന്തരമായ ശ്രമങ്ങളുടെ ഭാഗമാണിതെന്ന് ഔദ്യോഗിക വക്താവ് അറിയിച്ചു.
നിയമങ്ങൾ ലംഘിക്കുന്ന റിക്രൂട്ട്മെൻറ് ഏജൻസികൾക്കെതിരെ വരും ദിവസങ്ങളിലും കർശന നടപടികൾ തുടരുമെന്ന് മന്ത്രാലയം വ്യക്തമാക്കി. ഗുണഭോക്താക്കൾ ഔദ്യോഗിക പ്ലാറ്റ്ഫോമുകൾ വഴി മാത്രം റിക്രൂട്ട്മെൻറ് നടപടികൾ പൂർത്തിയാക്കണമെന്നും നിർദേശമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.