മാൻ ഓഫ് ദി മാച്ച് പുരസ്കാരം 'ഗൾഫ് മാധ്യമം' മാർക്കറ്റിങ്
എക്സിക്യൂട്ടിവ് പി.കെ സിറാജ് കോട്ടപ്പുറം സമ്മാനിക്കുന്നു
ജിദ്ദ: ബ്ലൂസ്റ്റാർ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ജിദ്ദ ഖാലിദ് ബിൻ വലീദ് റസൂഫ് സ്റ്റേഡിയത്തിൽ നടന്നുവരുന്ന ആറാമത് അബീർ ബ്ലൂസ്റ്റാർ സോക്കർ ഫെസ്റ്റ് 2025 സൂപ്പർ ലീഗ് ഫൈനലിൽ സിഫ് ഫുട്ബാളിലെ കരുത്തരായ എൻകംഫർട് എ.സി.സി എ ടീം, അബീർ എക്സ്പ്രസ്സ് ബ്ലാസ്റ്റേഴ്സ് എഫ്.സിയുമായി ഏറ്റുമുട്ടും. ബി ഡിവിഷൻ ഫൈനലിൽ റീം യാസ് എഫ്.സി, ഡക്സോപാക്ക് ന്യൂ കാസിൽ എഫ്.സിയുമായും, വെറ്ററൻസ് വിഭാഗം ഫൈനലിൽ അബീർ ഫ്രൈഡേ എഫ്.സി, അനാലിറ്റിക്സ് ബ്ലാസ്റ്റേഴ്സ് സീനിയേസുമായും ഏറ്റുമുട്ടും.
കഴിഞ്ഞ വെള്ളിയാഴ്ച നടന്ന സൂപ്പർ ലീഗിലെ നിർണായകമായ അവസാന ലീഗ് മത്സരങ്ങളിൽ എൻകംഫർട് എ.സി.സി എ ടീം ഏകപക്ഷീയമായ ഒരു ഗോളിന് ചാംസ് സബീൻ എഫ്.സിയെയും, അബീർ എക്സ്പ്രസ്സ് ബ്ലാസ്റ്റേഴ്സ് എഫ്.സി ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് റീം റിയൽ കേരളയേയും തോൽപ്പിച്ചു. സൂപ്പർ ലീഗിൽ എ.സി.സിയുടെ മധ്യനിരയിൽ കളി നിയന്ത്രിക്കുന്നതിനൊപ്പം മനോഹരമായ ഗോളിലൂടെ വിജയമൊരുക്കുകയും ചെയ്ത റിഷാദ് ആണ് മത്സരത്തിലെ മാൻ ഓഫ് ദി മാച്ച്. ഒ.ഐ.സി.സി റീജനൽ കമ്മറ്റി പ്രസിഡന്റ് ഹക്കീം പാറക്കൽ മാൻ ഓഫ് ദി മാച്ചിനുള്ള വിജയ് മസാല അവാർഡും കെ.എം.സി.സി ജിദ്ദ ചെയർമാൻ ഇസ്മായിൽ മുണ്ടക്കുളം ഷീര ലത്തീൻ പുരസ്കാരവും സമ്മാനിച്ചു.
അബീർ എക്സ്പ്രസ്സ് ബ്ലാസ്റ്റേഴ്സ് എഫ്.സി, റീം റിയൽ കേരള എഫ്.സി മത്സരത്തിൽ ഒരു പെനാൽറ്റി ഉൾപ്പടെ മികച്ച സേവുകളിലൂടെ ടീമിന് വിജയമൊരുക്കിയ ബ്ലാസ്റ്റേഴ്സ് എഫ്.സിയുടെ ഗോൾ കീപ്പർ മുഹമ്മദ് ജുനൈസിനെ മത്സരത്തിലെ മികച്ച താരമായി തിരഞ്ഞെടുത്തു. ബ്ലൂസ്റ്റാർ ടീം ക്യാപ്റ്റൻ മുസ്തഫ ഒതുക്കുങ്ങൽ അദ്ദേഹത്തിനുള്ള പുരസ്കാരം സമ്മാനിച്ചു.
ജിദ്ദയിൽ നടക്കുന്ന അബീർ ബ്ലൂസ്റ്റാർ സോക്കർ ഫെസ്റ്റ് സെമി ഫൈനൽ മത്സരത്തിൽനിന്ന്
ബി ഡിവിഷൻ ആദ്യ സെമിഫൈനലിൽ സൈക്ളോൺ മൊബൈൽ അക്സെസ്സറിസ് ഐ.ടി സോക്കറിനെ ഏകപക്ഷീയമായ ഒരു ഗോളിന് തോൽപ്പിച്ചു റീം യാസ് എഫ്.സി ഫൈനലിൽ പ്രവേശിച്ചു. സെബാസ്റ്റ്യൻ പോൾ ആണ് യാസ് എഫ്.സിക്ക് വേണ്ടി ഗോൾ നേടിയത്. യാസ് എഫ്.സിയുടെ ജംസീർ ആണ് മത്സരത്തിലെ മാൻ ഓഫ് ദി മാച്ച്. ബി ഡിവിഷൻ രണ്ടാം സെമിയിൽ വെൽകണക്ട് ഫ്രണ്ട്സ് ജിദ്ദയെ ടൈബ്രേക്കറിലൂടെ പരാജയപ്പെടുത്തിയാണ് ടെക്സോപാക് ന്യൂ കാസിൽ എഫ്.സി ഫൈനൽ പ്രവേശം ഉറപ്പാക്കിയത്. മത്സരത്തിന്റെ മുഴുവൻ സമയത്തും എക്സ്ട്രാ ടൈമിലും ഇരു ടീമുകളും ഗോളൊന്നും അടിക്കാതെ സമനില പാലിച്ചതിനെ തുടർന്ന് ടൈബ്രേക്കറിലൂടെ വിജയികളെ നിശ്ചയിക്കുകയായിരുന്നു. ഫ്രണ്ട്സ് ജിദ്ദ ഗോൾകീപ്പർ ഷിബിലിയാണ് മത്സരത്തിലെ മാൻ ഓഫ് ദി മാച്ച്. സിഫ് സെക്രട്ടറി ജംഷി കോട്ടപ്പുറം, 'ഗൾഫ് മാധ്യമം' ജിദ്ദ ബ്യൂറോ ഹെഡ് സാദിഖലി തുവ്വൂർ, മാർക്കറ്റിങ് എക്സിക്യൂട്ടിവ് പി.കെ സിറാജ് കോട്ടപ്പുറം എന്നിവർ മാൻ ഓഫ് ദി മാച്ച് പുരസ്കാരങ്ങൾ സമ്മാനിച്ചു.
ടൂർണമെന്റിന്റെ ഫൈനൽ മത്സരങ്ങൾ സെപ്റ്റംബർ അഞ്ചിന് വെള്ളിയാഴ്ച്ച നടക്കും. വൈകീട്ട് ഏഴു മണിക്ക് വെറ്ററൻസ് വിഭാഗം ഫൈനലിൽ അബീർ ഫ്രൈഡേ എഫ്.സി, അനലിറ്റിക്സ് ബ്ലാസ്റ്റേഴ്സ് സീനിയേസുമായി ഏറ്റുമുട്ടും. തുടർന്ന് ബി ഡിവിഷൻ ഫൈനലിൽ റീം യാസ് എഫ്.സി ടെക്സോപാക് ന്യൂ കാസിൽ എഫ്.സിയുമായും സൂപ്പർ ലീഗിലെ ഗ്രാൻഡ് ഫിനാലെ പോരാട്ടത്തിൽ സിഫ് ഫുട്ബാളിൽ ഏറ്റവും കൂടുതൽ തവണ ചാമ്പ്യന്മാരായിട്ടുള്ള എൻകംഫർട് എ.സി.സി എ ടീം സിഫിലെ പ്രമുഖ ശക്തിയായ അബീർ എക്സ്പ്രസ്സ് ബ്ലാസ്റ്റേഴ്സ് എഫ്.സിയുമായി ഏറ്റുമുട്ടും. കാണികൾക്കായി ലക്കി ഡ്രോയിലൂടെ സ്കൂട്ടി , ഇലക്ട്രിക് ബൈക്ക്, 62 ഇഞ്ച് എൽ.ഇ.ഡി ടെലിവിഷൻ തുടങ്ങി നിരവധി സമ്മാനങ്ങളും ഒരുക്കിയിട്ടുണ്ടെന്ന് സംഘാടകർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.