അബഹ വിമാനത്താവളം
റിയാദ്: വിമാനങ്ങളുടെ സമയക്രമ പാലനത്തിൽ സൗദി തെക്കൻ പ്രവിശ്യയിലെ അബഹ വിമാനത്താവളത്തിന് ആഗോളതലത്തിൽ മൂന്നാം സ്ഥാനം. ഒക്ടോബറിലെ ഏറ്റവും ഉയർന്ന ഓൺ-ടൈം പ്രകടനമുള്ള വിമാനത്താവളങ്ങളുടെ വിഭാഗത്തിലാണ് അന്താരാഷ്ട്രതലത്തിൽ ഈ നേട്ടം. വ്യോമയാന വിശകലനത്തിലും പ്രവർത്തന പ്രകടനത്തിലും വൈദഗ്ധ്യം നേടിയ ആഗോള കമ്പനിയായ ‘സിറിയം’ പുറത്തിറക്കിയ പ്രതിമാസ റിപ്പോർട്ടിലാണ് ഇക്കാര്യം പറയുന്നത്.
ഇതോടെ അബഹ അന്താരാഷ്ട്ര വിമാനത്താവളം പുതിയൊരു ആഗോള നാഴികക്കല്ല് പിന്നിട്ടു. 92.40 ശതമാനം എന്ന ഓൺ-ടൈം പ്രകടന നിരക്കാണ് ഈ നേട്ടം നേടിക്കൊടുത്തത്. വ്യോമയാന പരിപാടിയുടെ ലക്ഷ്യങ്ങൾക്ക് അനുസൃതമായി പ്രവർത്തന കാര്യക്ഷമതയിലും യാത്രക്കാർക്ക് നൽകുന്ന സേവനങ്ങളുടെ ഗുണനിലവാരം ഉയർത്തുന്നതിലും വിമാനത്താവളം സാക്ഷ്യം വഹിക്കുന്ന വികസനത്തിെൻറ നിലവാരത്തെ പ്രതിഫലിപ്പിക്കുന്നതാണ് ഈ പുരോഗതി.
കൂടാതെ അസീർ മേഖലയിലെ ദ്രുതഗതിയിലുള്ള ടൂറിസം വളർച്ചയെ പിന്തുണക്കുന്ന ഏറ്റവും പ്രധാനപ്പെട്ട ഹബ് വിമാനത്താവളങ്ങളിലൊന്നായി അബഹയുടെ സ്ഥാനം ഉയരുകയാണ്. പുതിയ അബഹ അന്താരാഷ്ട്ര വിമാനത്താവളത്തിനായുള്ള മാസ്റ്റർ പ്ലാൻ പ്രഖ്യാപനത്തോടൊപ്പമാണ് ഈ വിജയം കൈവരിച്ചിരിക്കുന്നത്. ഇത് വിമാനത്താവളത്തിന്റെ ശേഷിയിലും യാത്രക്കാരുടെ അനുഭവത്തിലും ഗുണപരമായ കുതിച്ചുചാട്ടം കൊണ്ടുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.