അബ്ദുൽ റഹീം സഹായസമിതി യോഗത്തിൽ ജനറൽ കൺവീനർ ആലിക്കുട്ടി ഒളവട്ടുർ അനുഭവങ്ങൾ പങ്കുവെക്കുന്നു
ദമ്മാം: വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് 18 വർഷമായി റിയാദ് ജയിലിൽ കഴിയുന്ന കോഴിക്കോട് കോടമ്പുഴ മച്ചിലകത്ത് പീടിയേക്കൽ വീട്ടിൽ അബ്ദുൽറഹീമിന്റെ മോചനം സാധ്യമാക്കുന്നതിനുള്ള ദിയാധനമായ 34 കോടി രൂപ സമാഹരണത്തിൽ ഒപ്പം നിൽക്കാൻ കഴിഞ്ഞ നർവൃതിയിലാണ് ദമ്മാം കമ്മിറ്റി. പ്രവിശ്യയുലെ മുഖ്യധാര രാഷ്ട്രീയ പാർട്ടികളും ഒപ്പം കൈകോർത്ത 70 ൽ പരം സംഘടനകളെ കൂട്ടിയിണക്കി രൂപീകരിച്ച 'അബ്ദുൽ റഹീം നിയമ സഹായ സമിതി' യുടെ പ്രവർത്തകരും വിവിധ സംഘടനാ നേതാക്കളും കഴിഞ്ഞ ദിവസം ബദറുൽ റാബി ഓഡിറ്റോറിത്തിൽ ഒത്തുകൂടി നടത്തിയ അവലോകന യോഗം സന്തോഷ മുഹൂർത്തമായി മാറി.
അബ്ദുൽ റഹീം നിയമ സഹായ സമിതി രൂപികരിച്ചത് ഏറെ ഉത്ഖണ്ഠയോടേയായിരുന്നുവെന്നും എന്നാൽ വെറും എട്ട് ദിവസം കൊണ്ട് ഒറ്റമനസ്സോടെ കക്ഷി, രാഷ്ട്രീയ, ജാതി, മതത്തിന്നതീതമായി ഒറ്റക്കെട്ടായ് മുന്നിട്ടിറങ്ങി ആ മഹനീയ ദൗത്യം ഏറ്റെടുത്ത് ഈദ് ദിനങ്ങളിൽ പോലും സമാനതകളില്ലാത്ത പ്രവർത്തനങ്ങളാണ് കൂട്ടായ്മ കാഴ്ച വെച്ചതെന്നും യോഗത്തിൽ സംബന്ധിച്ചവർ അഭിപ്രായപ്പെട്ടു. അവലോകന യോഗത്തിൽ മനുഷ്യത്വത്തിനായി കൈകോര്‍ത്ത് ഒരു മനുഷ്യ ജീവൻ മരണമുഖത്തു നിന്ന് തിരിച്ചു കൊണ്ടുവരാനുള്ള മഹത്തായ ദൗത്യത്തിൽ ഒരുമയോടെ പങ്കാളികളായ മുഴുവൻ സംഘടനകളുടെയും ലോഗോ ആലേഖനം ചെയ്ത കേക്ക് കമ്മിറ്റി മുഖ്യ രക്ഷാധികാരി അഹമദ് പുളിക്കൽ കട്ടു ചെയ്തു കൊണ്ട് ഒത്തു ചേരൽ ഉദ്ഘാടനം ചെയ്തു. അബ്ദുൽ റഹീം നിയമ സഹായ സമിതി ചെയർമാൻ ജമാൽ വില്ല്യാപ്പള്ളി അധ്യക്ഷത വഹിച്ചു. ജനറൽ കൺവീനർ ആലിക്കുട്ടി ഒളവട്ടൂർ കോഓർഡിനേഷൻ പ്രവർത്തന അനുഭവം സദസ്സുമായി പങ്കുവെച്ചു. കമ്മിറ്റി ട്രഷർ റഫീഖ് കൂട്ടിലങ്ങാടി സമാഹരണ അവലോകന റിപ്പോർട്ട് അവതരിപ്പിച്ചു. വിവിധ സംഘനകളെ പ്രതിനിധീകരിച്ചുകൊണ്ട് നൗഷാദ് താഴ് വ (ഒ.ഐ.സി. സി), പവനൻ മൂലക്കൽ (നവോദയ), സിദ്ധീഖ് പാണ്ടികശാല (കെ.എം.സി. സി), എം.എ വാഹിദ് കാര്യറ (നവയുഗം), സാജിദ് ആറാട്ടുപുഴ (മീഡിയ ), ഫത്തീൻ മങ്കട (ഡിഫ), മൊയ്തീൻ പട്ടാമ്പി (എസ്. ഐ. സി ), നിസാർ കാട്ടിൽ (ഐ.സി.എഫ്), ഫൈസൽ കുറ്റ്യാടി (പ്രവാസി വെൽഫെയർ, തനിമ), ഗഫൂർ വടകര (വടകര എൻ.ആർ.ഐ ഫോറം), മുസ്തഫ തലശ്ശേരി, അസ്ലം ഫാറൂഖ്, ഉമ്മർ വളപ്പിൽ, അൻവർ (റയാൻ), മൊയ്തീൻ പട്ടാമ്പി (എസ്.ഐ.സി), ഇഖ്ബാൽ ആനമാങ്ങാട് എന്നിവർ സംസാരിച്ചു. കഴിഞ്ഞ ദിവസം അകാലത്തിൽ പൊലിഞ്ഞു പോയ കിഴക്കൻ പ്രവിശ്യയിലെ പ്രമുഖ നാടക നടൻ ജോബി ജോർജിനു യോഗം അനുശോചനം രേഖപ്പെടുത്തി. ബിജു കല്ലുമല (ഒ.ഐ.സി.സി) സ്വാഗതവും മീഡിയ കൺവീനർ മുജീബ് കളത്തിൽ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.