ഖമീസ് മുശൈത്തിൽ നിന്ന് വിവിധ നഗരങ്ങളിലേക്ക് പുതിയ ബസ്​ സർവിസുകൾ

അബഹ: സൗദി തെക്കൻപ്രവിശ്യയായ അസീറിൽ പൊതുജനങ്ങൾക്ക്​ കൂടുതൽ യാത്രാസൗകര്യമൊരുക്കി ഖമീസ് മുശൈത്തിൽ നിന്നുള്ള നോർത്ത് വെസ്‌റ്റ് ഇൻറർസിറ്റി ബസ് സർവിസുകൾ വിപുലീകരിച്ചു. ഖമീസ് മുശൈത്ത് സൗദി എയർലൈൻസ് ഓഫീസിന് സമീപമുള്ള അൽ അബീർ ക്ലിനിക്കിനോട് ചേർന്ന ബസ് ടെർമിനലിൽനിന്നാണ് സർവിസുകൾ ആരംഭിക്കുന്നത്.

നിലവിൽ ജിദ്ദ, മക്ക, മദീന, അൽ ബാഹ, അൽ ബഷായർ തുടങ്ങിയ പ്രധാന നഗരങ്ങളിലേക്കെല്ലാം ഇവിടെ നിന്ന് നേരിട്ട് സർവിസുകൾ ലഭ്യമാണ്. ജിദ്ദയിലേക്കുള്ള സർവിസുകൾ ബിഷ, അൽ ബഷായർ, ഷോഗ്സാൻ, ഖിയ, അൽ ബാഹ, ബൽജുറഷി, അൽ ജുമും എന്നീ പ്രധാന കേന്ദ്രങ്ങൾ വഴിയാണ് കടന്നുപോകുന്നത്. ജിദ്ദ കിങ് അബ്​ദുൽ അസീസ് അന്താരാഷ്​ട്ര വിമാനത്താവളം (ടെർമിനൽ-1), ജിദ്ദ ട്രെയിൻ സ്​റ്റേഷൻ, കിലോ-10, അൽ ഖുംറ എന്നിവിടങ്ങളിൽ ബസുകൾക്ക് സ്​റ്റോപ്പുകളുണ്ട്. ഇത് വിമാന, ട്രെയിൻ യാത്രക്കാർക്ക് തടസ്സമില്ലാത്ത തുടർയാത്ര ഉറപ്പാക്കാൻ ഏറെ സഹായകരമാകും.

യാത്രക്കാർക്ക് മികച്ച യാത്രാനുഭവം നൽകുന്നതിനായി പൂർണമായും എയർ കണ്ടീഷൻ ചെയ്ത ആധുനിക കോച്ചുകളാണ് സർവിസിനായി ഉപയോഗിക്കുന്നത്. മൊബൈൽ ചാർജിങ് പോർട്ടുകൾ, ദീർഘദൂര യാത്രക്കിടയിലെ വിശ്രമ സ്​റ്റോപ്പുകൾ എന്നിവയും കമ്പനി ഉറപ്പുനൽകുന്നുണ്ട്. കുറഞ്ഞ നിരക്കിൽ സുരക്ഷിതവും സുഖപ്രദവുമായ യാത്ര പൊതുജനങ്ങൾക്ക് ലഭ്യമാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. നിലവിൽ രാജ്യത്തുടനീളം 74 സ്​റ്റോപ്പുകളിലായി പ്രതിദിനം 162 ട്രിപ്പുകൾ നടത്തുന്ന നോർത്ത് വെസ്​റ്റ്​ ബസ് കമ്പനിക്ക് 150 ബസുകളുടെ ശക്തമായ ശൃംഖലയുണ്ട്.

യാത്രക്കാർക്ക് കമ്പനിയുടെ ഔദ്യോഗിക വെബ്സൈറ്റ് വഴിയോ ഖമീസ് മുശൈത്ത് ബസ് ടെർമിനലിലെ നേരിട്ടുള്ള കൗണ്ടറുകൾ വഴിയോ ടിക്കറ്റുകൾ ബുക്ക് ചെയ്യാവുന്നതാണ്. ഓരോ സർവിസുകൾക്കും സമയക്രമവും നിരക്കുകളും വ്യത്യസ്തമായതിനാൽ, യാത്ര തിരിക്കുന്നതിന് മുൻപായി വിവരങ്ങൾ വെബ്സൈറ്റ് വഴി കൃത്യമായി പരിശോധിക്കണമെന്ന് കമ്പനി അധികൃതർ അറിയിച്ചു.

Tags:    
News Summary - New bus services launched from Khamis Mushait to various cities

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.