മദീന: സൗദി ഭരണാധികാരി സൽമാൻ രാജാവിെൻറ പ്രത്യേക ഉംറ അതിഥി പദ്ധതി പ്രകാരമുള്ള ഈ വർഷത്തെ ആദ്യ തീർഥാടക സംഘം മദീനയിലെത്തി. 'ഖാദിമുൽ ഹറമൈൻ ഉംറ സിയാറ' പ്രോഗ്രാമിെൻറ കീഴിൽ മദീനയിലെത്തിയ തീർഥാടകരെ സൗദി ഇസ്‌ലാമിക കാര്യ മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥർ ചേർന്ന് ഊഷ്മളമായി സ്വീകരിച്ചു. 16 ഏഷ്യൻ രാജ്യങ്ങളിൽ നിന്നുള്ള 250 തീർഥാടകരാണ് ഈ ആദ്യ സംഘത്തിലുള്ളത്.
ഇന്തോനേഷ്യ, കിഴക്കൻ തിമൂർ, ഫിലിപ്പീൻസ്, മലേഷ്യ, കംബോഡിയ, തായ്‌ലൻഡ്, വിയറ്റ്നാം, മ്യാൻമർ, ലാവോസ്, സിംഗപ്പൂർ, ചൈന, ജപ്പാൻ, ദക്ഷിണ കൊറിയ, ഹോങ്കോങ്, തായ്‌വാൻ, മംഗോളിയ എന്നീ രാജ്യങ്ങളിൽ നിന്നുള്ളവരാണ് ആദ്യ ബാച്ചിൽ ഉൾപ്പെട്ടിരിക്കുന്നത്. വിമാനത്താവളത്തിലെ യാത്രാ നടപടിക്രമങ്ങൾ വേഗത്തിൽ പൂർത്തിയാക്കിയ ശേഷം ഇവരെ മസ്ജിദുന്നബവിക്ക് സമീപമുള്ള ആധുനിക ഹോട്ടലിലെ താമസസ്ഥലത്തേക്ക് മാറ്റി. തീർഥാടകർ സൗദിയിൽ എത്തിയ നിമിഷം മുതൽ അവർക്ക് ആവശ്യമായ മികച്ച സുഖസൗകര്യങ്ങളും സേവനങ്ങളും ഇസ്‌ലാമിക കാര്യ മന്ത്രാലയം നേരിട്ട് ഉറപ്പുവരുത്തുന്നുണ്ട്.
തീർഥാടകർക്കായി പ്രത്യേക സാംസ്കാരിക, ദഅ്‌വ പരിപാടികൾ മന്ത്രാലയത്തിെൻറ നേതൃത്വത്തിൽ ഒരുക്കിയിട്ടുണ്ട്. ഇവരുടെ ആത്മീയവും സാംസ്കാരികവുമായ അറിവുകൾ വർധിപ്പിക്കുന്നതിനും സൗദിയിലെ ആത്മീയ യാത്ര കൂടുതൽ സമ്പന്നമാക്കുന്നതിനും ലക്ഷ്യമിട്ടുള്ള ഔദ്യോഗിക കൂടിക്കാഴ്ചകൾ, ചരിത്രപ്രധാനമായ സ്ഥലങ്ങളിലേക്കുള്ള സന്ദർശനങ്ങൾ, യാത്രകൾ എന്നിവയും ഈ പ്രോഗ്രാമിെൻറ ഭാഗമായി ഉൾപ്പെടുത്തിയിട്ടുണ്ട്.
ഉംറ കർമങ്ങൾ നിർവഹിക്കാനും മസ്ജിദുന്നബവി സന്ദർശിക്കാനും സൗജന്യമായി അവസരമൊരുക്കിയ സൗദി ഭരണകൂടത്തിെൻറ ഉദാരമായ ആതിഥ്യത്തിന് തീർഥാടകർ നന്ദി രേഖപ്പെടുത്തി. ഇസ്‌ലാമിനും ലോക മുസ്‌ലിംകൾക്കും നൽകുന്ന വിപുലമായ സേവനങ്ങൾക്കും തീർഥാടകർക്കായി ഒരുക്കുന്ന മികച്ച സൗകര്യങ്ങൾക്കും സൗദി സർക്കാരിനെ അവർ പ്രത്യേകം പ്രശംസിച്ചു.
ഈ ഉംറ സീസണിൽ സൽമാൻ രാജാവിെൻറ പ്രത്യേക അതിഥികളായി ലോകത്തിെൻറ വിവിധ കോണുകളിൽ നിന്ന് ആയിരം പേരാണ് എത്തുന്നത്. ആകെ നാല് ബാച്ചുകളിലായാണ് തീർഥാടകരുടെ വരവ് പൂർത്തിയാകുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.