ജിദ്ദ: പാടുക സൈഗാൾ പാടൂ, നിൻ രാജകുമാരിയെ പാടി പാടിയുറക്കൂ... പ്രണയാർദ്ര ഗീതങ്ങളുടെ മ ധുമഴ പെയ്ത രാവ് സമ്മാനിക്കാൻ ജിദ്ദയിലെ പാട്ടുകൂട്ടത്തിന് ലഭിച്ചത് കേരളത്തിെൻറ അഭിമാനമായ ഗസൽ ഗായകൻ അബ്ദുൽ മജീദ് സാബിനെ. ജിദ്ദയിലെ കോഴിക്കോടൻ പാട്ടുമുറിയായ കാലിക്കറ്റ് മ്യൂസിക് ലവേഴ്സിൽ രാഗവസന്തത്തിെൻറ പാതിരാവേദിയിൽ ഉമ്പായിയുടെ പ്രിയ ശിഷ്യൻ അബ്ദുൽ മജീദ് സംഗീതപ്രേമികൾക്ക് ‘മന്ദ്രമധുരവിഷാദസ്വരങ്ങള്’ സമ്മാനിച്ചു. ഉമ്പായിയും മുഹമ്മദ് റഫിയും മെഹ്ദി ഹസനും ഗുലാം അലിയും മുകേഷും ഒടുവിൽ ബാബുരാജും ആ പാട്ടുമുറിയിൽ പുനർജനിച്ച അനുഭവം. ഭാവഗാനങ്ങളിൽ ലയിച്ച് പ്രണയത്തിെൻറ മധുചഷകം പകർന്ന വരികളിലാറാടിയ ഗായകൻ മറക്കാത്ത സംഗീതവിരുന്നാണ് സദസ്സിന് സമ്മാനിച്ചത്.
രാവേറെ ചെന്നിട്ടും സദസ്സ് ആവശ്യപ്പെടുന്ന എല്ലാ പാട്ടുകളും പാടി അബ്ദുൽ മജീദ് സാബ്. കേരളത്തിനകത്തും ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലും ഗൾഫ് രാജ്യങ്ങളിലും ഗസൽ, ഹിന്ദി പുരാനി ഗീത്, ഖവാലി വിരുന്നുകളിലൂടെ ആസ്വാദകഹൃദയം കീഴടക്കിയ ഇൗ കൊച്ചിക്കാരൻ ഹ്രസ്വസന്ദർശനത്തിന് ജിദ്ദയിലെത്തിയതാണ്. കാലിക്കറ്റ് മ്യൂസിക് ലവേഴ്സിലെ പതിവ് സംഗീത വിരുന്നിൽ അദ്ദേഹം അതിഥിയായി. ക്ഷണിക്കപ്പെട്ട സദസ്സിന് മുന്നിലായിരുന്നു മജീദ് സാബിെൻറ അനുപമമായ ആലാപനം. പാട്ടുകളുടെ ‘പത്തായ’വുമായാണ് നടത്തം. ചോദിക്കുന്നതെല്ലാം ഞൊടിയിടയിൽ. ഹാർമോണിയത്തിെൻറ തന്ത്രികളിൽ പ്രണയാർദ്രമായ സ്പർശം.
തബലയുടെ മാന്ത്രികതയുമായി കാലിക്കറ്റ് മ്യൂസിക് ലവേഴ്സിെൻറ ഷാജഹാൻ ബാബുവും കൂടെക്കൂടി. ഗഫൂറിെൻറ വയലിനും കുമാറിെൻറ ഗിത്താറും അൻസാറിെൻറ റിതംപാഡുമെല്ലാം അനുഗൃഹീത ഗായകനൊപ്പം ചേർന്നു. കാലിക്കറ്റ് മ്യൂസിക് ലവേഴ്സിെൻറ ഉപഹാരം പ്രസിഡൻറ് മുഹമ്മദ് റാഫി സമ്മാനിച്ചു. ഹാഷിം കോഴിക്കോട് സ്വാഗതവും മൻസൂർ ഫറോഖ് നന്ദിയും പറഞ്ഞു.
1979ലാണ് പ്രിയ ഗുരു ഉമ്പായിയുമായി കണ്ടുമുട്ടിയതെന്ന് അദ്ദേഹം ‘ഗൾഫ് മാധ്യമ’ത്തോടു പറഞ്ഞു. ശേഷം രാഗ് എന്ന കേരളത്തിലെ ആദ്യത്തെ ഗസൽ സംഘടന രൂപംകൊണ്ടു. അതിൽ ഉമ്പായി ആയിരുന്നു അമരക്കാരൻ. കെ. അബു, കെ.എ ഹുസൈൻ, എൻ.എ. അബ്ദുൽ റഹീം, അസീസ് ഭായ്, കിഷോർ അബു, ജൂനിയർ മെഹ്ബൂബ്, എന്നീ ജ്യേഷ്ഠ സഹോദരന്മാർ തെൻറ വളർച്ചയിൽ ഒരുപാട് സ്വാധീനം ചെലുത്തി. എച്ച്. മെഹ്ബൂബിെൻറ മരണ ശേഷം മെഹബൂബ് മെമ്മോറിയൽ ഓർക്കസ്ട്ര രൂപവത്കരിച്ചു. അപ്പോഴും ഉമ്പായിതന്നെ ആയിരുന്നു അമരക്കാരൻ. എെൻറ വളർച്ചയിൽ ഉമ്പായിയുടെയും മെഹബൂബ് മെമ്മോറിയൽ ഓർക്കസ്ട്രയുടെയും വലിയ ഒരു പങ്കുതന്നെ ഉണ്ട് എന്ന് മജീദ് സാബ് പറഞ്ഞു. ഫോർട്ട് കൊച്ചിയിലെ കലാവതിയിലാണ് താമസം. അലിബാവയുടെയും ഫാത്തിമ അലി ബാവയുടെയും മകനാണ് ഇൗ വിഖ്യാത
ഗായകൻ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.