ബെന്നി തോമസ് യാംബു ഡാക്കർ റാലി ക്യാമ്പിൽ
യാംബു: ലോകത്തിലെ ഏറ്റവും വലിയ ഓഫ്-റോഡ് മോട്ടോർ സ്പോർട്സ് മത്സരമായ ‘ഡാക്കർ റാലി 2026’ സൗദിയിൽ നടക്കുമ്പോൾ കാറ്ററിങ് സർവിസ് മേഖലയിലെ മലയാളിപ്പെരുമ ശ്രദ്ധേയമാകുന്നു. 69 രാജ്യങ്ങളിൽനിന്ന് 39 വനിതകളുൾപ്പെടെ 812 മത്സരാർഥികളും അവർക്കുവേണ്ട വിവിധ സൗകര്യങ്ങൾ ഒരുക്കുന്നവരും സംഘാടകരുമായ 6,000ത്തോളം പേർക്കാണ് സ്പാഗോ ഇൻറർനാഷനൽ കമ്പനി ഭക്ഷണം വിളമ്പുന്നത്. 2024ൽ സൗദിയിൽ നടന്ന ഡാക്കർ റാലിയിലും ഇവർ തന്നെയായിരുന്നു കാറ്ററിങ് സർവിസ് നടത്തിയിരുന്നത്.
കണ്ണൂരിലെ കുടിയാമല സ്വദേശിയായ ബെന്നി തോമസ് പുതുപ്പറമ്പിൽ ആണ് കമ്പനിയുടെ ചീഫ് എക്സിക്യൂട്ടിവ് ഓഫിസർ. ബ്രസീലിയൻ ഫുട്ബാളർ റൊണാൾഡോയോട് രൂപസാദൃശ്യമുള്ള ബെന്നിയെ സുഹൃത്തുക്കൾ ‘റൊണാൾഡോ’ എന്നാണ് വിളിക്കാറുള്ളത്. മലയാളികൾക്കിടയിലും വിദേശികൾക്കിടയിലും ഈ വിളിപ്പേര് ഏറെ പ്രചാരമായതിനാൽ 2011ൽ ‘റൊണാൾഡോ സ്പാഗോ’ എന്ന പേരിൽ തന്നെയാണ് അദ്ദേഹം ദുബൈയിൽ കമ്പനി തുടങ്ങിയത്. ലോകത്തെ 11 രാജ്യങ്ങളിൽ കമ്പനിക്ക് ഇപ്പോൾ ഓഫീസുകളുണ്ട്. ലോകത്തിലെ ഏറ്റവും മികച്ച 20ഓളം കാറ്ററിങ് സർവിസുകളാണ് കമ്പനി നടത്തുന്നത്. വിവിധ മേളകൾക്ക് മികവുറ്റ ‘ഫുഡ് സർവിസ്’ നടത്തിയ അഭിമാനത്തിലാണ് കമ്പനി. ദുബൈ ആസ്ഥാനത്തുള്ള സ്പാഗോ കാറ്ററിങ് സ്ഥാപനം 2023ലെ ഖത്തറിലെ ഫിഫ ലോകകപ്പ്, ഫോർമുല വൺ വേൾഡ് മാരത്തൺ, ചൈനയിലെ വിന്റർ ഒളിമ്പിക്സ്, കോമൺവെൽത്ത് ഗെയിംസ്, ദക്ഷിണാഫ്രിക്കയിലെ റഗ്ബി, ഫിന അരീന നീന്തൽ ലോക ചാമ്പ്യൻഷിപ്പ്, സോളമൻ ദ്വീപുകളിലെ പസഫിക് ഗെയിംസ് എന്നിവയുൾപ്പെടെ ലോകത്തിലെ 20ഓളം എലൈറ്റ് സ്പോർട്സ് ഇവൻറുകളിൽ കാറ്ററിങ് പങ്കാളിയായി പ്രവർത്തിച്ചിട്ടുണ്ട്. യു.എസിലും യൂറോപ്പിലും ഗൾഫ് രാജ്യങ്ങളിലും രാജ്യാന്തര കായികമേളകളിൽ സർവിസ് നടത്തുന്ന സ്പാഗോ ഇൻറർനാഷനൽ കമ്പനിക്ക് കീഴിൽ ഇപ്പോൾ 14 രാജ്യങ്ങളിൽനിന്നായി 3600 സ്ഥിരം ജീവനക്കാരും അയ്യായിരത്തോളം താൽക്കാലിക ജീവനക്കാരുമുണ്ട്.
40ഓളം ആഗോള കമ്പനികളുടെ കൂട്ടത്തിൽനിന്നാണ് ഈ വർഷത്തെ ഡാക്കർ റാലിയിൽ കാറ്ററിങ് സർവിസ് നടത്താൻ സ്പാഗോ ഇൻറർനാഷനൽ കമ്പനിയെ പരിഗണിച്ചതെന്നും മേഖലയിലെ പ്രവൃത്തിപരിചയം ഏത് പരിപാടിയും നന്നായി ചെയ്യാൻ കഴിയുമെന്ന ആത്മവിശ്വാസം ഉണ്ടാക്കിയെന്നും ബെന്നി തോമസ് ‘ഗൾഫ് മാധ്യമ’ത്തോട് പറഞ്ഞു.
കോട്ടയം പെരുവന്താനത്തെ സെൻറ് ആൻറണീസ് കോളജിെൻറ ചെയർമാൻ കൂടിയാണ് ബെന്നി. കോളജിലെ ഹോട്ടൽ മാനേജ്മെൻറ് വിദ്യാർഥികൾക്ക് പ്രായോഗിക പരിശീലനം നൽകുന്നത് സ്പാഗോ കമ്പനി വഴിയാണ്. പരേതനായ പുതുപ്പറമ്പിൽ തോമസിെൻറയും വടക്കേപുത്തൻപുര ത്രേസ്യാമ്മയുടെയും മകനാണ് ബെന്നി. ഭാര്യ: റോഷൻ. മക്കൾ: ഏയ്ഞ്ചൽ ട്രീസ ബെന്നി, അനിത ആൻ ബെന്നി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.