ഇര്‍ഷാദ് യൂനുസ്കുട്ടിക്ക് കേളി കലാസാംസ്‌കാരിക വേദി ഒലയ ഏരിയാകമ്മിറ്റി യാത്രയയപ്പ് നൽകിയപ്പോൾ
റിയാദ്: 20 വർഷത്തെ പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന കേളി കലാസാംസ്‌കാരിക വേദി ഒലയ ഏരിയ കമ്മിറ്റി അംഗം ഇര്‍ഷാദ് യൂനുസ്കുട്ടിക്ക് ഏരിയ കമ്മിറ്റി യാത്രയയപ്പ് നല്‍കി. ഒലയ്യ, തഹ്ലിയ യുനിറ്റുകളില്‍ സജീവ പ്രവര്‍ത്തകനായിരുന്ന ഇര്‍ഷാദ് യൂനുസ് ഒലയ്യ ഏരിയ കമ്മിറ്റി അംഗം, തഹ്ലിയ യൂനിറ്റ് ജോയൻറ് സെക്രട്ടറി, ഏരിയ വളന്റിയർ വൈസ് ക്യാപ്റ്റൻ എന്നീ നിലകളില്‍ പ്രവർത്തിച്ചിട്ടുണ്ട്. ഒലയ കമ്പ്യൂട്ടര്‍ മാർക്കറ്റിലെ ഒരു സ്വകാര്യസ്ഥാപനത്തില്‍ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്ന ഇര്‍ഷാദ് യൂനുസ് കൊല്ലം ചവറ, കൊട്ടുകാട് സ്വദേശിയാണ്. നാടക നടൻ, ഗായകൻ, വടിപ്പയറ്റ് എന്നീ കലാകായിക രംഗങ്ങളിലെ കഴിവുതെളിയിച്ച ഇര്‍ഷാദ് കേളിയുടെ വേദികളിലെ നിറ സാന്നിധ്യമായിരുന്നു.
മലസില്‍ നടന്ന യാത്രയയപ്പ് യോഗത്തില്‍ ഒലയ ഏരിയ പ്രസിഡന്റ് റിയാസ് പള്ളാട്ട് അധ്യക്ഷത വഹിച്ചു. പ്രസിഡന്റ് സെബിന്‍ ഇക്ബാല്‍, ജോയൻറ് സെക്രട്ടറിയും ഏരിയ രക്ഷാധികാരി സെക്രട്ടറിയുമായ സുനിൽ കുമാർ, കേന്ദ്ര കമ്മിറ്റി അംഗം നസീര്‍ മുള്ളൂർക്കര, ഒലയ ഏരിയ രക്ഷാധികാരി സെക്രട്ടറി ജവാദ് പരിയാട്ട്, ഏരിയ ട്രഷറര്‍ ഗിരീഷ്‌കുമാർ രാമനാഥന്‍, ഏരിയ വളന്റിയർ ക്യാപ്റ്റൻ ഷാനവാസ്, ഏരിയ ഭാരവാഹികളായ സുജിത്, സമീര്‍, സിംനേഷ്, തഹ്ലിയ യൂനിറ്റ് സെക്രട്ടറി മുരളികൃഷ്ണന്‍, ട്രഷറര്‍ പ്രശാന്ത് ബാലചന്ദ്രന്‍ തുടങ്ങിയവർ സംസാരിച്ചു. കേന്ദ്രകമ്മിറ്റി ഉപഹാരം പ്രസിഡൻറ് സെബിൻ ഇഖ്‌ബാലും നോർക്ക കെയർ ഇൻഷുറൻസ് ഏരിയ ട്രഷറർ ഗിരീഷ് കുമാറും ഫലകം സഹപ്രവർത്തകർ ചേർന്നും കൈമാറി. ഒലയ ഏരിയ സെക്രട്ടറി നൗഫല്‍ ഉള്ളാട്ട്ചാലി സ്വാഗതവും ഇര്‍ഷാദ് യൂനുസ്കുട്ടി നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.