ലോക സൈക്കിൾ സഞ്ചാരി അരുൺ തഥാഗതിന് കെ.എം.സി.സി റിയാദ് എറണാകുളം ജില്ല കമ്മിറ്റി സ്വീകരണം
നൽകിയപ്പോൾ
റിയാദ്: പുഞ്ചിരികൊണ്ട് ലോകത്തെ കീഴടക്കാൻ പാരീസിലെ ഒളിമ്പിക്സ് വേദിയിൽനിന്ന് സൈക്കിൾ യാത്ര ആരംഭിച്ച്, റിയാദിലെത്തിയ എറണാകുളം അമ്പലമുകൾ സ്വദേശി അരുൺ തഥാഗത്തിന് കെ.എം.സി.സി റിയാദ് എറണാകുളം ജില്ല കമ്മിറ്റി സ്വീകരണം ഒരുക്കി.
തുർക്കിയിൽനിന്ന് റിയാദിലെത്തിയ അരുണിനെ സിദ്ദീഖ് തുവ്വൂർ, ഷെബി, യൂസുഫ് എന്നിവർ ചേർന്ന് സ്വീകരിച്ചു. യൂറോപ്പ്, ആഫ്രിക്ക, ഏഷ്യ എന്നീ ഭൂഖണ്ഡങ്ങളിലെ 55 ൽ പരം രാജ്യങ്ങൾ പിന്നിട്ട യാത്ര സൗദി, കുവൈത്ത്, ബഹ്റൈൻ, ഖത്തർ എന്നി രാജ്യങ്ങളിലൂടെ സഞ്ചരിച്ച് വീണ്ടും യൂറോപ്പിൽ എത്തി റഷ്യ, ചൈന, നേപ്പാൾ വഴി 2026 ആഗസ്തിൽ കൊച്ചിയിൽ അവസാനിക്കും.
സൈക്കോളജിയിൽ ബിരുദാനന്തര ബിരുദമുള്ള അരുൺ, എറണാകുളം കളക്ട്രേറ്റിലെ ജോലിയിൽനിന്ന് അവധിയെടുത്താണ് യാത്ര നടത്തുന്നത്. യു.എസിൽ നിന്ന് ഇറക്കുമതി ചെയ്ത സർളി സൈക്കിളിലാണ് ലോക സഞ്ചാരം. ദിവസവും 50 കിലോമീറ്റർ സൈക്കിൾ യാത്ര ചെയ്യുന്ന അരുൺ, യാത്രികർക്കുള്ള ക്യാമ്പുകളിലാണ് മിക്കപ്പോഴും താമസം. ജൂസും, പച്ചക്കറികളും, പഴങ്ങളും മാത്രമാണ് ഭക്ഷണം. ഗൗതമ ബുദ്ധനോടുള്ള ആരാധന കാരണമാണ് പേരിനോടൊപ്പം സത്യത്തിന്റെ മാർഗം എന്ന് വിശേഷണമുള്ള പാലി ഭാഷയിലുള്ള തഥാഗത് എന്ന് ചേർത്തത്.
കെ.എം.സി.സി സ്വീകരണ യോഗം ജീവകാരുണ്യ പ്രവർത്തകൻ സിദ്ദീഖ് തുവ്വൂർ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ഉസ്മാൻ പരീത് അധ്യക്ഷതവഹിച്ചു. ട്രഷറർ കരീം കാനാമ്പുറം ആമുഖഭാഷണം നടത്തി. ഒ.പി മുഹയുദ്ദീൻ, അരുൺ തഥാഗതിനെ പൊന്നാട അണിയിച്ച് ആദരിച്ചു.
യാത്രാ അനുഭവങ്ങൾ സദസ്സുമായി പങ്കുവച്ച അരുൺ, മലയാളികൾക്ക് കെ.എം.സി.സി നൽകുന്ന സേവന പ്രവർത്തനങ്ങളെ പ്രത്യേകം അഭിനന്ദിച്ചു. ഭാരവാഹികളായ അമീർ ബിരാൻ, നുറുദ്ദീൻ പടിക്കാമറ്റം, മജീദ് പാറക്കൽ, റഹീം ഹസ്സൻ, ഷമീർ മുഹമ്മദ് എന്നിവർ ആശംസകൾ നേർന്നു. ഇബ്രാഹിം പല്ലാരിമംഗലം, ഇർഷാദ് വാഫി, ഷമീർ ചിറയം, പരീത് പാറക്കൽ, ജലാൽ കാലാമ്പൂർ, ഇബ്രാഹിം കുഞ്ഞ്, സൈഫുദ്ദീൻ പട്ടിമറ്റം, സ്വാലിഹ് ആലുവ, ബഷീർ സെയ്ത് മുഹമ്മദ്, അലിയാർ കുഞ്ഞ്, നബീൽ കരീം എന്നിവർ പരിപാടി നിയന്ത്രിച്ചു. സെക്രട്ടറി മുജീബ് മുലയിൽ സ്വാഗതവും ഓർഗനൈസിങ് സെക്രട്ടറി ജലീൽ ഉളിയനൂർ നന്ദിയും നേർന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.