വ്യാപാര സ്ഥാപനങ്ങളിലെ ദേശീയദിന ഓഫറുകളിൽ 819 നിയമലംഘനങ്ങൾ കണ്ടെത്തി
റിയാദ്: സൗദി ദേശീയദിനത്തോടനുബന്ധിച്ച് വിപണികളിൽ പ്രഖ്യാപിച്ച ഓഫറുകളുടെയും കിഴിവുകളുടെയും നിയമങ്ങളും നിബന്ധനകളും ലംഘിച്ച 819 കേസുകൾ കണ്ടെത്തിയതായി വാണിജ്യ മന്ത്രാലയം അറിയിച്ചു. രാജ്യത്തിെൻറ വിവിധ പ്രദേശങ്ങളിലെ വിപണികളിലും ഷോപ്പിങ് സെന്ററുകളിലും മന്ത്രാലയത്തിെൻറ മേൽനോട്ട സംഘങ്ങൾ നടത്തിയ പരിശോധനയിലാണ് വിൽപനയുമായി ബന്ധപ്പെട്ട നിയമലംഘനങ്ങൾ കണ്ടെത്തിയത്.
ദേശീയദിനാഘോഷങ്ങളുടെ ഭാഗമായി സ്ഥാപനങ്ങൾ പ്രഖ്യാപിക്കുന്ന ഓഫറുകളും കിഴിവുകളും ബന്ധപ്പെട്ട നിയമങ്ങളും വ്യവസ്ഥകളും പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനായി മന്ത്രാലയത്തിെൻറ ഫീൽഡ് സംഘങ്ങൾ പരിശോധന തുടരുകയാണ്. ഇതുവരെ 14,500 ഫീൽഡ് സന്ദർശനങ്ങൾ നടത്തിയതായാണ് കണക്ക്.
ദേശീയദിന കിഴിവുകൾക്കുള്ള ലൈസൻസ്, അത് ഉപഭോക്താക്കൾക്ക് വ്യക്തമായി കാണുന്ന വിധത്തിൽ പ്രദർശിപ്പിച്ചിട്ടുണ്ടോ എന്നത്, ലൈസൻസിൽ അംഗീകരിച്ചിട്ടുള്ള യഥാർഥ കിഴിവുകളും ഓഫറുകളും തന്നെയാണോ നടപ്പാക്കുന്നത്, കിഴിവിെൻറ ശതമാനം, കിഴിവിന് മുമ്പും ശേഷവുമുള്ള വിലകൾ വ്യക്തമാക്കുന്ന വിലവിവര പട്ടികയോ ഇലക്ട്രോണിക് വില റീഡറോ എന്നിവ പരിശോധനയിൽ ഉദ്യോഗസ്ഥർ പരിശോധിച്ചു. കൂടാതെ, സ്ഥാപനങ്ങളുടെ എക്സ്ചേഞ്ച്, റിട്ടേൺ പോളിസികൾ ഉപഭോക്താക്കൾക്ക് വ്യക്തമായി വെളിപ്പെടുത്തിയിട്ടുണ്ടോ എന്നും പരിശോധിക്കുന്നുണ്ട്. കിഴിവുകളുടെ തരം, ശതമാനം, കാലാവധി, സ്ഥാപനത്തിെൻറ വിവരങ്ങൾ എന്നിവയുൾപ്പെടെയുള്ള വിശദാംശങ്ങൾ പരിശോധിക്കാൻ ലൈസൻസിൽ പ്രദർശിപ്പിച്ചിരിക്കുന്ന ‘ബാർകോഡ്’ സ്കാൻ ചെയ്യണമെന്ന് വാണിജ്യ മന്ത്രാലയം ഉപഭോക്താക്കളോട് ആവശ്യപ്പെട്ടു. ഇതുവഴി വാണിജ്യ ഓഫറുകളുടെയും കിവുഴികളുടെയും നിയമസാധുതയും കൃത്യതയും ഉപഭോക്താക്കൾക്ക് നേരിട്ട് പരിശോധിക്കാനാകുമെന്നും മന്ത്രാലയം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.