റിയാദ്: സൗദി അറേബ്യയിലെ ജനസംഖ്യയിൽ 77 ശതമാനവും മികച്ച ആരോഗ്യസ്ഥിതിയുള്ളവരെന്ന് ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്സിന്റെ റിപ്പോർട്ട്. 77.1 ശതമാനം പേർ ഏറ്റവും മികച്ച (എക്സലന്റ്) നിലയിലും 16.1 ശതമാനം പേർ വളരെ നല്ല (വെരി ഗുഡ്) സ്ഥിതിയിലും ആറ് ശതമാനം പേർ നല്ല (ഗുഡ്) നിലയിലുമാണെന്നും റിപ്പോർട്ടിൽ വിശദമാക്കുന്നു.
15 വയസ്സിന് മുകളിലുള്ളവരിൽ 99.2 ശതമാനം പേർ ആരോഗ്യസ്ഥിതി നല്ല നിലയിലോ അതിലും ഉയർന്ന നിലയിലോ ആണെന്ന് വിലയിരുത്തി. 2025ലെ ആരോഗ്യ സ്ഥിതിവിവരക്കണക്കുകൾ കാണിക്കുന്നത് മുതിർന്നവരിൽ 0.1 ശതമാനം പേർക്ക് കടുത്ത വിഷാദവും 0.2 ശതമാനം പേർക്ക് കടുത്ത ഉത്കണ്ഠയും ഉണ്ടായിരുന്നു എന്നാണ്. 50 വയസ്സിന് മുകളിലുള്ള മുതിർന്നവരിൽ 71 ശതമാനം പേർക്ക് തങ്ങൾ സ്നേഹിക്കുന്ന ആളുകളുമായി മതിയായ സാമൂഹിക ബന്ധം ഉണ്ടെന്നും പറഞ്ഞു. 15 വയസ്സിന് മുകളിലുള്ള ജനസംഖ്യയുടെ 39.3 ശതമാനം പേർ പതിവായി ആരോഗ്യ പരിശോധനക്ക് വിധേയരായിട്ടുണ്ടെന്ന് ഇടക്കിടെയുള്ള പരിശോധനകൾ വെളിപ്പെടുത്തി. ഇങ്ങനെ പരിശോധനകൾക്ക് വിധേയരായ സ്വദേശികളുടെ ശതമാനം വിദേശികളേക്കാൾ കൂടുതലാണ്. അത് സ്വദേശികളിൽ 44.2 ശതമാനവും വിദേശികളിൽ 35 ശതമാനവും ആണ്.
കഴിഞ്ഞ 12 മാസത്തിനിടെ വൻകുടൽ കാൻസർ പരിശോധനക്ക് വിധേയരായ 45നും 74നും ഇടയിൽ പ്രായമുള്ള മുതിർന്നവരുടെ എണ്ണം 11.0 ശതമാനമാണ്. ദേശീയ ആരോഗ്യ സർവേ കാണിക്കുന്നത് സ്ത്രീകളിൽ 0.2 ശതമാനവും പുരുഷന്മാരിൽ 0.1 ശതമാനവും മിതമായ വിഷാദത്തിന്റെ വ്യാപനം ഉണ്ടെന്നാണ്.
അതേസമയം രണ്ട് ലിംഗക്കാർക്കിടയിലും കടുത്ത ഉത്കണ്ഠയുടെ വ്യാപനം ഒരുപോലെയാണെന്നും അതോറിറ്റി റിപ്പോർട്ട് വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.