ഹറമൈൻ റെയിൽവേയിലേക്ക് 20 പുതിയ ഹൈ-സ്പീഡ് ട്രെയിനുകൾ വാങ്ങുന്നതിനുള്ള കരാർ സൗദി റെയിൽവേയും സ്പാനിഷ് കമ്പനിയായ ടാൽഗോയും ഒപ്പുവെച്ചപ്പോൾ
റിയാദ്: തീർഥാടകർക്കും യാത്രക്കാർക്കും കൂടുതൽ സൗകര്യമൊരുക്കി ഹറമൈൻ ഹൈ-സ്പീഡ് റെയിൽവേ ശൃംഖല വിപുലീകരിക്കുന്നു. ഇതിെൻറ ഭാഗമായി 20 പുതിയ ട്രെയിനുകൾ വാങ്ങുന്നതിനായി സൗദി അറേബ്യൻ റെയിൽവേ (സാർ) സ്പാനിഷ് കമ്പനിയായ ടാൽഗോയുമായി കരാറിൽ ഒപ്പുവെച്ചു. ഗതാഗത, ലോജിസ്റ്റിക്സ് മന്ത്രി എൻജി. സ്വാലിഹ് അൽജാസറിെൻറ സാന്നിധ്യത്തിലായിരുന്നു കരാർ ഒപ്പിടൽ ചടങ്ങ്.
പുതിയ ട്രെയിനുകൾ എത്തുന്നതോടെ റെയിൽവേയുടെ വാർഷിക യാത്രാ ശേഷി മൂന്ന് കോടി സീറ്റുകളായി ഉയരും. നിലവിലെ 35 ട്രെയിനുകളിൽ നിന്ന് ആകെ എണ്ണം 55 ആയി വർധിക്കും. മണിക്കൂറിൽ 300 കിലോമീറ്റർ വേഗതയിൽ കുതിക്കുന്ന ട്രെയിനുകൾ യാത്രാസമയം ഗണ്യമായി കുറയ്ക്കും.
ഓരോ ട്രെയിനിലും ആകെ 13 ബോഗികൾ വീതമുണ്ടാകും. അഞ്ച് ബോഗികളിലായി 113 ബിസിനസ് ക്ലാസും എട്ട് ബോഗികളിലായി 304 ഇക്കണോമി ക്ലാസുകളും ചേർന്ന് ആകെ 417 സീറ്റുകളുണ്ടാവും. ഭിന്നശേഷിക്കാർക്കായി പ്രത്യേകം സജ്ജീകരിച്ച സീറ്റുകളുള്ള ഒരു ബോഗി ഓരോ ട്രെയിനിലും ഉൾപ്പെടുത്തിയിട്ടുണ്ട്.
കരാർ പ്രകാരമുള്ള പുതിയ ട്രെയിനുകളുടെ ആദ്യ ബാച്ച് 2028-ൽ എത്തും. ഘട്ടംഘട്ടമായി നടക്കുന്ന ഈ പ്രക്രിയ 2031-ഓടെ പൂർത്തിയാകുമെന്നാണ് സൗദി റെയിൽവേ അധികൃതർ വ്യക്തമാക്കുന്നത്.
രണ്ട് പുണ്യനഗരങ്ങൾക്കിടയിലുള്ള ഗതാഗത സംവിധാനം അത്യാധുനികവൽക്കരിക്കുന്നതിനും, വർധിച്ചുവരുന്ന യാത്രക്കാരുടെ തിരക്ക് നിയന്ത്രിക്കുന്നതിനും ഈ നീക്കം വലിയ സഹായമാകും. നിലവിൽ മക്കയിൽ നിന്ന് മദീനയിലേക്ക് വെറും രണ്ട് മണിക്കൂർ കൊണ്ട് യാത്ര ചെയ്യാൻ ഹറമൈൻ ട്രെയിനുകൾ വഴി സാധിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.