ഇന്ത്യൻ എംബസിയിൽ സംഘടിപ്പിച്ച പരിപാടിയിൽ കേന്ദ്ര പ്രതിരോധ സഹമന്ത്രി സഞ്ജയ് സേത്ത് സംസാരിക്കുന്നു

ലോകത്തെ മൂന്നാമത്തെ സാമ്പത്തിക ശക്തിയായി ഇന്ത്യ കുതിക്കുന്നു -കേന്ദ്രമന്ത്രി സഞ്ജയ് സേത്ത്

റിയാദ്: 2026-27 സാമ്പത്തിക വർഷത്തോടെ ഇന്ത്യ നാല്​ ലക്ഷം കോടി ഡോളർ സമ്പദ്‌വ്യവസ്ഥയായി മാറുമെന്നും ലോകത്തെ മൂന്നാമത്തെ വലിയ സാമ്പത്തിക ശക്തിയെന്ന സിംഹാസനം രാജ്യം അലങ്കരിക്കുമെന്നും കേന്ദ്ര പ്രതിരോധ സഹമന്ത്രി സഞ്ജയ് സേത്ത്. സൗദി അറേബ്യയിൽ നടക്കുന്ന വേൾഡ് ഡിഫൻസ് ഷോ 2026-ൽ ഇന്ത്യൻ സംഘത്തെ നയിക്കാനെത്തിയ അദ്ദേഹം റിയാദിലെ ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ഇന്ത്യ കൈവരിക്കുന്ന അഭൂതപൂർവമായ വളർച്ചയെ മന്ത്രി പ്രസംഗത്തിൽ എടുത്തുപറഞ്ഞു. ‘ആത്മനിർഭർ ഭാരത്’ പദ്ധതിയിലൂടെ പ്രതിരോധ ഉൽപ്പാദനത്തിൽ രാജ്യം സ്വയംപര്യാപ്തത നേടുകയാണ്. ഇതി​െൻറ ഭാഗമായി റിയാദ് ഡിഫൻസ് ഷോയിൽ ആദ്യമായി സജ്ജീകരിച്ച ‘ഇന്ത്യ പവിലിയൻ’ രാജ്യത്തി​െൻറ വർധിച്ചുവരുന്ന പ്രതിരോധ കരുത്തി​െൻറ അടയാളമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

"സാമ്പത്തിക വളർച്ചയ്‌ക്കൊപ്പം പാവപ്പെട്ടവ​െൻറ ക്ഷേമത്തിനും സർക്കാർ മുൻഗണന നൽകുന്നുവെന്ന് മന്ത്രി വ്യക്തമാക്കി. കോവിഡ് കാലം മുതൽ 80 കോടി ജനങ്ങൾക്ക് സൗജന്യ റേഷൻ നൽകുന്ന പദ്ധതി വിജയകരമായി തുടരുന്നു. ആയുഷ്മാൻ ഭാരത് പദ്ധതിയിലൂടെ സാധാരണക്കാർക്ക് അഞ്ച്​ ലക്ഷം രൂപ വരെയുള്ള സൗജന്യ ചികിത്സ ഉറപ്പാക്കുന്നു." മന്ത്രി പറഞ്ഞു.

2047-ഓടെ ഇന്ത്യ ലോകത്തി​െൻറ സാമ്പത്തിക-സാംസ്കാരിക കേന്ദ്രമായി മാറുമെന്ന് മന്ത്രി പ്രത്യാശ പ്രകടിപ്പിച്ചു. നിലവിൽ ഇന്ത്യൻ യുവാക്കൾ തൊഴിൽ തേടി വിദേശത്തേക്ക് പോകുന്നുണ്ടെങ്കിൽ, 2047-ൽ ലോകത്തെ യുവാക്കൾ അവസരങ്ങൾ തേടി ഇന്ത്യയിലേക്ക് എത്തുന്ന സാഹചര്യം സംജാതമാകുമെന്ന് അദ്ദേഹം പറഞ്ഞു.

 റിയാദിലെ ഇന്ത്യൻ എംബസിയിൽ നടന്ന ചടങ്ങിൽ നൂറുകണക്കിന് പ്രവാസികൾ പങ്കെടുത്തു. സൗദി അറേബ്യയുമായുള്ള ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുന്നതിനും പ്രതിരോധ സഹകരണം ശക്തമാക്കുന്നതിനും ഈ സന്ദർശനം നിർണായകമാകുമെന്ന് മന്ത്രി പറഞ്ഞു.

എംബസി ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ ഡെപ്യൂട്ടി ചീഫ്​ ഓഫ്​ മിഷൻ അബു മാത്തൻ ജോർജ്​ അധ്യക്ഷത വഹിച്ചു. പ്രവാസി ഭാരതീയ സമ്മാൻ ജേതാക്കളായ ശിഹാബ്​ കൊട്ടുകാട്​, ​ഡോ. സെയ്യിദ്​ അൻവർ ഖുർഷിദ്​ എന്നിവർ പൂച്ചെണ്ട്​ നൽകി മന്ത്രിയെ സ്വീകരിച്ചു. വൈദേഹി നൃത്തവിദ്യാലയത്തിലെ കുട്ടികളുടെ വന്ദേമാതരം ആലാപനത്തോടെയാണ്​ പരിപാടികൾക്ക്​ തുടക്കമായത്​. ദേശീയഗാനാലാപനത്തോടെ പരിപാടിക്ക്​ സമാപനമായി.

പ്രവാസികളുടെ സ്​നേഹം വിസ്​മയിപ്പിച്ചു -മന്ത്രി

സൗദി അറേബ്യ സന്ദർശനവേളയിൽ റിയാദിലെ പ്രവാസി ഭാരതീയരിൽ നിന്ന് ലഭിച്ച സ്നേഹം തന്നെ ഏറെ വിസ്മയിപ്പിച്ചതായി പ്രതിരോധ സഹമന്ത്രി സഞ്ജയ് സേത്ത് പിന്നീട്​ എക്​സ്​ അക്കൗണ്ടിൽ കുറിച്ചു. സൗദിയിൽ എനിക്ക് ലഭിച്ച ഈ സ്നേഹവും ബഹുമാനവും ഓരോ ഭാരതീയനും ഞാൻ സമർപ്പിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

"ഭാരതീയ സായുധ സേനയിലെ മുൻ സൈനികരുമായി കൂടിക്കാഴ്ച നടത്താൻ സാധിച്ചത് വലിയൊരു ഭാഗ്യമായി ഞാൻ കരുതുന്നു. രാജ്യത്തിന് വേണ്ടി അവർ നൽകിയ വിലമതിക്കാനാവാത്ത സേവനങ്ങളും സംഭാവനകളും പ്രശംസനീയമാണ്. പ്രവാസി ഭാരതീയർക്ക് സ്വന്തം നാടിനോടുള്ള സമാനതകളില്ലാത്ത അടുപ്പം ഏറെ അഭിനന്ദനാർഹമാണ്. ലോകത്തെ ഓരോ രാജ്യത്തും താമസിക്കുന്ന ഭാരതീയ കുടുംബങ്ങൾ ആ രാജ്യങ്ങളിൽ നമ്മുടെ അംബാസഡർമാരായി പ്രവർത്തിച്ചുകൊണ്ട് ഇന്ത്യയുടെ ആഗോള സാന്നിധ്യം ശക്തമാക്കുന്നു", മന്ത്രി കുറിച്ചു.


ഈ സംവാദ പരിപാടിയിൽ, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ദീർഘവീക്ഷണമുള്ള നേതൃത്വത്തിലും രാജ്‌നാഥ് സിങ്ങി​െൻറ മാർഗനിർദേശത്തിലും ‘ആത്മനിർഭർ ഭാരത്’ പദ്ധതിക്ക് കീഴിൽ പ്രതിരോധ മേഖലയിൽ രാജ്യം കൈവരിച്ചുകൊണ്ടിരിക്കുന്ന സ്വയംപര്യാപ്തതയെക്കുറിച്ചും നമ്മുടെ പ്രതിജ്ഞാബദ്ധതയെക്കുറിച്ചും ​പ്രവാസി ഭാരതീയരെ ബോധ്യപ്പെടുത്താനായെന്നും മന്ത്രി കുറിച്ചു.

Tags:    
News Summary - uion minister sanjay dutt on world defense show

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.