മക്ക: ഹജ്ജ് തീർഥാടകരുടെ സുരക്ഷ ഉറപ്പാക്കാനും കാലാവസ്ഥാ വ്യതിയാനങ്ങൾ തത്സമയം നിരീക്ഷിക്കാനുമായി പുണ്യസ്ഥലങ്ങളിൽ അത്യാധുനിക സംവിധാനങ്ങളോടെ 21 കാലാവസ്ഥാ കേന്ദ്രങ്ങൾ സജ്ജമാക്കിയതായി സൗദി നാഷണൽ സെന്റർ ഫോർ മെറ്റീരിയോളജി അറിയിച്ചു. അന്താരാഷ്ട്ര കാലാവസ്ഥാ മാനദണ്ഡങ്ങൾക്കനുസൃതമായി പ്രവർത്തിക്കുന്ന ഈ കേന്ദ്രങ്ങളെ മുൻനിർത്തിയാണ് തീർഥാടന മേഖലയിലെ കാലാവസ്ഥാ വ്യതിയാനങ്ങൾ കാലാവസ്ഥാ വകുപ്പ് വിലയിരുത്തുന്നത്.
താപനില, ഈർപ്പം ഉൾപ്പെടെയുള്ള വിവിധ കാലാവസ്ഥാ ഘടകങ്ങൾ ഓരോ മണിക്കൂറിലും ഈ കേന്ദ്രങ്ങൾ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ട്. ഹജ്ജ് സീസണിലുണ്ടാകുന്ന പെട്ടെന്നുള്ള കാലാവസ്ഥാ വ്യതിയാനങ്ങളോട് ദ്രുതഗതിയിൽ പ്രതികരിക്കാനും, ബന്ധപ്പെട്ട ഇതര സർക്കാർ വകുപ്പുകൾക്ക് കൃത്യമായ വിവരങ്ങൾ തത്സമയം കൈമാറാനും ഈ സംവിധാനത്തിലൂടെ സാധിക്കും. ഹജ്ജ് പ്രവർത്തന പദ്ധതി പ്രകാരം വിവിധ സുരക്ഷാ-സേവന മേഖലകളുമായുള്ള ആശയവിനിമയവും ഏകോപനവും മെച്ചപ്പെടുത്തിക്കൊണ്ട്, പുണ്യസ്ഥലങ്ങളിലെ കാലാവസ്ഥാ വ്യതിയാനങ്ങൾ കേന്ദ്രം നിരന്തരം നിരീക്ഷിച്ചുവരികയാണെന്ന് കാലാവസ്ഥാ വകുപ്പ് വക്താവ് ഹുസൈൻ അൽഖഹ്താനി വ്യക്തമാക്കി. പെട്ടെന്നുള്ള കാലാവസ്ഥാ മാറ്റങ്ങളോട് വേഗത്തിൽ പ്രതികരിക്കുക, തീർഥാടകരുടെ യാത്രകളിലും ചടങ്ങുകളിലും സുരക്ഷ ഉറപ്പാക്കുക എന്നിവയാണ് ഈ ശ്രമങ്ങളുടെ പ്രധാന ലക്ഷ്യം.
ഉയർന്ന താപനില മൂലമുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങളും മറ്റ് അപകടങ്ങളും പ്രതിരോധിക്കുന്നതിനായി വിവിധ വകുപ്പുകളുമായി സഹകരിച്ച് തീർഥാടകർക്കായി സംയുക്ത ബോധവത്കരണ പരിപാടികളും ശക്തമാക്കിയിട്ടുണ്ട്. കാലാവസ്ഥാ വ്യതിയാനങ്ങൾ 24 മണിക്കൂറും നിരീക്ഷിക്കുന്നതിനും തീർഥാടകർക്കും ഉദ്യോഗസ്ഥർക്കും ആവശ്യമായ വിവരങ്ങളും അപ്‌ഡേറ്റുകളും തുടർച്ചയായി നൽകുന്നതിനും കേന്ദ്രവും അതിലെ സാങ്കേതിക വിദഗ്ധരും പൂർണ സജ്ജരാണെന്നും വക്താവ് കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.