ഇന്‍ഷുറന്‍സ് കമ്പനികളില്‍  കൂടുതല്‍ സ്വദേശിവത്കരണം

റിയാദ്: സൗദിയിലെ ഇന്‍ഷുറന്‍സ് കമ്പനികളിലെ ഭൂരിപക്ഷം തസ്തികകളിലും സ്വദേശിവത്കരണം നടപ്പാക്കാനുള്ള നീക്കം ആരംഭിച്ചതായി ഇന്‍ഷുറന്‍സ് കമ്പനികളുടെ മേല്‍നോട്ടമുള്ള സൗദി അറേബ്യന്‍ മോണിറ്ററിങ് അതോറിറ്റി  (സാമ) വ്യക്തമാക്കി. വാഹന ഇന്‍ഷുറന്‍സ് കമ്പനികള്‍, സ്വതന്ത്ര ബിസിനസ് സ്ഥാപനങ്ങള്‍ എന്നിവയിലെ നിരവധി തസ്തികകള്‍ സ്വദേശികള്‍ക്ക് നീക്കിവെച്ചുകൊണ്ടുള്ള സര്‍ക്കുലര്‍ സാമ ബുധനാഴ്ച പുറത്തിറക്കി. 2017 ജൂലൈ രണ്ടിനകം സ്വദേശിവത്കരണം നടപ്പാക്കണമെന്നും സാമ നിര്‍ദേശിച്ചു.
സൗദി ഇന്‍ഷുറന്‍സ് കമ്പനി നിയമാവലിയിലെ 79ാം അനുഛേദമനുസരിച്ചാണ് സ്വദേശിവത്കരണം വ്യാപകമാക്കുന്നതെന്ന് സാമ പുറത്തിറക്കിയ സര്‍ക്കുലറില്‍ പറയുന്നു. വാഹന ഇന്‍ഷുറന്‍സ് അപേക്ഷ സമര്‍പ്പിക്കുന്ന ഓഫീസിലെയും സ്വീകരണ ഓഫീസ്, കസ്റ്റമര്‍ കെയര്‍, അപകടം സംഭവിച്ച വാഹനം പരിശോധിക്കുന്ന വിഭാഗം തുടങ്ങിയ ജോലികളിലും 100 ശതമാനവും സ്വദേശികള്‍ മാത്രമായിരിക്കണമെന്നാണ് സാമയുടെ നിര്‍ദേശം. ഇന്‍ഷുറന്‍സ് കമ്പനികളുടെ എല്ലാ ശാഖകളിലും ജൂലൈ രണ്ടിനകം സ്വദേശിവത്കരണം നടപ്പാക്കിയിരിക്കണം. ഇതിന് ആവശ്യമായ പരിശീലനം സ്വദേശികള്‍ക്ക് നല്‍കാനും കമ്പനികള്‍ സന്നദ്ധമാവണം. സ്വദേശിവത്കരണം നടപ്പാക്കുന്നതിന്‍െറ ഭാഗമായി കമ്പനികള്‍ സ്വീകരിച്ച നടപടികളെക്കുറിച്ച് സാമക്ക് മാസാന്ത റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും സര്‍ക്കുലറില്‍ പറയുന്നു. ഇന്‍ഷുറന്‍സ് കമ്പനികളിലെ അവശേഷിക്കുന്ന തസ്തികകളിലും സമീപഭാവിയില്‍ സ്വദേശിവത്കരണം നടപ്പാക്കുമെന്നും നിയമം ലംഘിക്കുന്നവര്‍ക്ക് കടുത്ത ശിക്ഷ നല്‍കുമെന്നും സാമ കൂട്ടിച്ചേര്‍ത്തു. മലയാളികളുള്‍പെടെ നിരവധി ഇന്ത്യക്കാര്‍ സൗദിയിലെ ഇന്‍ഷുറന്‍സ് മേഖലകളില്‍ ജോലി ചെയ്യുന്നുണ്ട്.
 

Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.