ബിന്‍ലാദിന്‍ കമ്പനി തൊഴിലാളികള്‍ക്ക് ഈ മാസം ശമ്പളം നല്‍കും

ജിദ്ദ: മേയ് മാസം 10000 തൊഴിലാളികള്‍ക്ക് ബിന്‍ലാദിന്‍ കമ്പനി ശമ്പളം നല്‍കുമെന്ന് മക്ക മേഖല തൊഴില്‍വകുപ്പ് മേധാവി അബ്ദുല്ല അല്‍ ഉലയാന്‍ പറഞ്ഞു. പ്രാദേശിക പത്രത്തോടാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്. 15000ത്തോളം തൊഴിലാളികള്‍ക്ക് മറ്റ് കമ്പനികളിലേക്ക് മാറുന്നതിനുള്ള നടപടി ക്രമങ്ങളും പൂര്‍ത്തിയാക്കും. കമ്പനിക്കുള്ള മന്ത്രാലയത്തിന്‍െറ കമ്പ്യൂട്ടര്‍ സേവനം നിര്‍ത്തലാക്കിയിട്ടുണ്ട്.
തൊഴിലാളികളുടെ ആനുകൂല്യങ്ങള്‍ നല്‍കുന്നതുവരെ ഈ അവസ്ഥ തുടരും. വര്‍ക് പെര്‍മിറ്റ് പുതുക്കുന്നത് ഒഴികെയുള്ള സേവനങ്ങളാണ് നിര്‍ത്തലാക്കിയത്. തൊഴിലാളികള്‍ക്ക് ബാങ്ക് നടപടികള്‍ക്കും സ്പോണ്‍സര്‍ഷിപ്പ് നടപടികള്‍ക്കും പ്രയാസം നേരിടാതിരിക്കാനാണിത്.
റിക്രൂട്ട്മെന്‍റ്, വിസ ഇഷ്യുചെയ്യല്‍, പ്രൊഫഷന്‍ മാറ്റം, മറ്റ് സേവനങ്ങള്‍ എന്നിവക്കുള്ള വിലക്ക് തുടരുന്നുണ്ട്. ശമ്പള കുടിശ്ശികയും ആനുകൂല്യങ്ങളും ആവശ്യപ്പെടുന്നവര്‍ ഹയ്യ് മര്‍വയില്‍ ഹിറാ റോഡിലെ തൊഴിലാളികളുടെ പ്രശ്നപരിഹാരത്തിനുള്ള ഓഫിസില്‍ പരാതി നല്‍കണമെന്നും കമ്പനികളിലേയും സ്ഥാപനങ്ങളിലേയും തൊഴില്‍പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനുള്ള സമിതിയാണിതെന്നും അദ്ദേഹം അറിയിച്ചു. എക്സിറ്റ് വിസ അടിച്ച ചില തൊഴിലാളികള്‍ മറ്റ് തൊഴില്‍ അന്വേഷിക്കാന്‍ സാവകാശം വേണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.